“എന്താ?”
“ഈ വയർ വേദന വരുമ്പോഴൊക്കെ പെയിൻ കില്ലർ കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലേ..”
“അങ്ങനെ ചോദിച്ചാൽ… കുഴപ്പം തന്നെ ആണ്, പക്ഷെ പെയിൻ കില്ലർ കഴിച്ചില്ലേൽ എനിക്ക് ഒട്ടും വേദന സഹിക്കാനാകില്ല.
അവൻ ഒന്ന് മൂളി.
“ആദ്യമൊന്നും എനിക്ക് വേദന ഒന്നും ഉണ്ടാകാറില്ലായിരുന്നെടാ.. പിന്നെ പിന്നെ എല്ലാ പ്രവിശ്യവും നല്ല വേദന വന്നു തുടങ്ങി.. ചില പെണ്പിള്ളേര്ക്ക് വേദന എന്ന് പറയുന്നതേ കാണില്ല.. അവരുടെയൊക്കെ ഭാഗ്യം.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു.
“എനിക്ക് ആദ്യായിട്ട് പിരിയഡ് ആയതായിരുന്നു കോമഡി.. ഒട്ടും വേദന ഇല്ലായിരുന്നു. അന്ന് ഏഴിലേയോ എട്ടിലേയോ വെക്കേഷൻ ടൈം ആയിരുന്നു. അവധിക്കാലം ആയിക്കഴിഞ്ഞാൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികൾ എല്ലാം ഒത്തുചേർന്നു കളിയും കഥ പറച്ചിലും ഒക്കെ ആണ്.. അങ്ങനെ ഒരു ദിവസം അവരോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് താഴെ അവിടെ എന്തോ അസ്വസ്ഥത തോന്നി. ഞാൻ അങ്ങനെ വീട്ടിൽ ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ ബ്ലഡ് പോലെ എന്തോ അവിടെ നിന്നും വരുന്നു.. ശരിക്കും ഞാനങ്ങു പേടിച്ചു പോയി.”
അന്നത്തെ കാര്യം ഓർത്തിട്ടാകാം അവളുടെ മുഖത്ത് ഒരു ചിരി പടർന്നു.
“എനിക്ക് അന്നൊന്നും പീരിയഡിനെ കുറിച്ചൊന്നും അറിയില്ലല്ലോ.. എന്തോ അസുഖം ആണ് വീട്ടിൽ പറഞ്ഞാൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻജെക്ഷൻ തരും എന്ന ചിന്ത ആയിരുന്നു ആദ്യം മനസിൽവന്നത്. അന്നൊക്കെ എനിക്ക് ഇൻജെക്ഷൻ ഭയങ്കര പേടി ആയിരുന്നു. അതുകൊണ്ടു ഞാൻ നല്ല വൃത്തിക്ക് അങ്ങ് കുളിച്ചു. എന്നിട്ട് റൂമിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വീടും ബ്ലഡ് വന്നു, വീണ്ടും കുളിച്ചു. മൂന്നാമതും ബ്ലഡ് വന്നപ്പോൾ ഇനി വീട്ടിൽ പറയാതിരുന്നാൽ ശരിയാകില്ലെന്ന് മനസിലായി. അങ്ങനെ പോയി അമ്മയോട് കാര്യം പറഞ്ഞു. പിന്നെ വീട്ടിൽ ഒരു ബഹളം ആയിരുന്നു. അമ്മ ബന്ധുക്കളെ ഫോൺ വിളിച്ചു പറയുന്നു അയലത്ത് പോയി പറയുന്നു.. എന്തൊക്കെ ബഹളം ആയിരുന്നു.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“അന്നത്തെ ദിവസം ഞാൻ വെറുത്തു പോയ ഒരു കാര്യമുണ്ട്.”
ഇത്രേം നേരം നിശബ്തനായി എല്ലാം കേട്ടുകൊണ്ടിരുന്ന ദീപക് ചോദിച്ചു.
“എന്താ അത്?”
“അമ്മമ്മ ആ സമയം വീട്ടിൽ ഉണ്ടായിരുന്നു. ഇതറിഞ്ഞുടനെ അമ്മമ്മ പച്ചമുട്ടയിൽ വെളിച്ചെണ്ണയോ എന്തൊക്കെയോ കലക്കി കൊണ്ടുവന്ന് എന്നെ കുടിപ്പിച്ചു. എന്തോ ചെവ ആയിരുന്നെന്നോ അതിന്.”
അവൾ അന്നത്തെ അതിന്റെ ചെവ ഓർത്തു ഇപ്പോഴും മനം പുരട്ടുന്ന പോലെ ശബ്‌ദം ഉണ്ടാക്കി.
അത് കേട്ട് അവൻ ചിരിച്ചതും അതിനു പകരമായി അവളുടെ പല്ലുകൾ അവന്റെ തോളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
അവൻ പെട്ടെന്ന് തോള് വെട്ടിച്ചുകൊണ്ടു പറഞ്ഞു.
“ഡി, ചുമ്മാതിരി.. നമ്മൾ മറിഞ്ഞു വീഴും.”