“രണ്ടും കൂടി ഇവിടെ എന്താ ഒരു ഗൂഢാലോചന?”
തിരിഞ്ഞ് നോക്കികൊണ്ട് കീർത്തന പറഞ്ഞു.
“പുറത്ത് പറയാൻ പറ്റില്ല, സീക്രെട് ആണ്..”
“ഓഹോ.. ഞാൻ അറിയാതെ ഒരു സിക്രെട്ടോ?”
അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ദീപക്കിന്റെ കഴുത്തിൽ കിടക്കുന്ന മാല ഉണ്ണിയുടെ ശ്രദ്ധയിൽ പെട്ടത്. ലോക്കറ്റ് കണ്ടപ്പോഴേ അത് കീർത്തയുടേതാണെന്ന് അവനു മനസിലായി.
“ഇത് ഇവളുടെ മാലയല്ലേ.. ഇതെന്താ നിന്റെയിൽ.”
ദീപക് കീർത്തനയെ നോക്കികൊണ്ട് പറഞ്ഞു.
“അവളോട് തന്നെ നീ ചോദിച്ചു നോക്ക്.”
ഉണ്ണി കീർത്തനയുടെ നേരെ നോക്കി.
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“അതെന്റെ ബെർത്ഡേയ് ഗിഫ്റ്റ് ആണ്.”
മാല ഗിഫ്റ്റ് ആയി കൊടുത്തു എന്നറിഞ്ഞപ്പോൾ ഉണ്ണി ഒന്ന് ഞെട്ടാതിരുന്നില്ല. എങ്കിലും ചിരിയോടെ അവൻ പറഞ്ഞു.
“നന്നായി.. ഇനി പൈസയ്ക്ക് അത്യാവിശം വരുമ്പോൾ പണയം വയ്ക്കാൻ ഒരു സാധനം ആയല്ലോ.”
അത് കേട്ടുടൻ എടുത്തടിച്ചപോലെ കീർത്തന പറഞ്ഞു.
“ഞാൻ ആദ്യായിട്ട് അവനു ഗിഫ്റ്റ് കൊടുത്ത സാധനമാണ് അത്, അത് വല്ലോം അവന്റെ കഴുത്തിൽ നിന്നും കാണാതായാൽ അന്ന് അവനെ ഞാൻ കൊല്ലും.”
ഉണ്ണി തമാശ രീതിയിൽ തൊഴുതുകൊണ്ടു പറഞ്ഞു.
“നമ്മളൊന്നും അതിൽ തൊടാൻ പോലും പോകുന്നില്ലേ..”
കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
ദീപക് കീർത്തനയോടു ചോദിച്ചു.
“കീത്തു .. നീ ചോറ് കഴിച്ചായിരുന്നോ?”
അവൾ കഴിച്ചു എന്നർത്ഥത്തിൽ മൂളി. ദീപക് ഉണ്ണിയേയും നോക്കി.
“ഞാനും കഴിച്ചട..എന്താ?”
“ഞാൻ ഇതുവരെ കഴിച്ചില്ല.. ഞാൻ കാന്റീനിൽ പോയി കഴിച്ചിട്ട് വരാം എങ്കിൽ.”
കീർത്തന പെട്ടെന്ന് പറഞ്ഞു.
“എങ്കിൽ നമുക്ക് രണ്ടുപേർക്കും കൂടി പുറത്ത് പോകാം, നിനക്ക് ഫുഡ് ഞാൻ വാങ്ങി തരാം.”
“ക്ലാസ്സ് തുടങ്ങാൻ ഇനി കുറച്ച് നേരം കൂടിയേ ഉള്ളു, അപ്പോഴാണോ ഇനി പുറത്ത് പോകുന്നത്.”
അവൾ അവന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞു.
“എനിക്കിന്നിനി ക്ലാസ്സിൽ ഇരിക്കാൻ വയ്യടാ, നമുക്ക് പുറത്ത് എവിടേലും പോകാം.. വൈകുന്നേരം എന്നെ ഹോസ്റ്റലിൽ ആക്കിയാൽ മതി.”
അവൾ പറഞ്ഞത് നിരാകരിക്കുവാൻ ദീപക്കിന് തോന്നിയില്ല.