“അഹ്.. ചേച്ചിയോ കയറിവാ..”
വീട്ടിലേക്ക് കയറുന്നതിനിടയിൽ ദീപക് ചോദിച്ചു.
“നിനക്കിന്നു സ്കൂളിൽ പോകണ്ടായിരുന്നോ?”
കാവ്യാ ഒരു പുശ്ചഭാവത്തോടെ പറഞ്ഞു.
“ഇയ്യാളുടെ കോളേജിൽ മാത്രം അല്ല എന്റെ സ്കൂളിലും സമരം വിളിക്കാൻ ആണ്പിള്ളേർ ഉണ്ട്.”
പെട്ടെന്ന് ആയിരുന്നു അവരുടെ പിന്നിൽ നിന്നും ഒരു ചോദ്യം.
“ആഹാ, എന്നെ ബൈക്കിൽ നിന്നും ഇറക്കി വിട്ടിട്ട് ഇവനെയും കൊണ്ട് നീ ഇവിടേക്കാണോ വന്നത്.”
അവർ തിരിഞ്ഞ് നോക്കുമ്പോൾ ഉണ്ണി വീടിനകത്തേക്ക് കയറി വരുകയാണ്.
പുഞ്ചിരിയോടെ കീർത്തന പറഞ്ഞു.
“ഇവന്റെ വീട് ഒന്ന് കാണ്ടേക്കാം എന്ന് കരുതി, ഇവിടം വരെ വന്നപ്പോൾ നിന്റെ വീട്ടിൽ കൂടി കയറാം എന്ന് വച്ച്.”
കാവ്യാ ദീപക്കിനോട് മാത്രം ആയി ശബ്‌ദം താഴ്ത്തി ചോദിച്ചു.
“ചേട്ടന്റെ കൂടെ ബൈക്കിൽ ആണോ ചേച്ചി വന്നേ..”
അവൻ ഒന്ന് മൂളുക മാത്രം മൂളി.. അവളും തിരുകി ഒന്ന് അമർത്തി മൂളി.
അപ്പോഴേക്കും അവരുടെ സംസാരം കേട്ട് ഉണ്ണിയുടെ ‘അമ്മ അവിടേക്ക് വന്നു.
കീർത്തനയെ കണ്ട് അവർ ചോദിച്ചു.
“ആരാ ഉണ്ണി ഈ കുട്ടി.”
“ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്നതാണ് അമ്മെ.. കീർത്തന..”
ഉണ്ണിയമ്മ കീർത്തനയെ നോക്കി പുഞ്ചിരിച്ചു.. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ചോദിച്ചു.
“ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടല്ലേ ഇവൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആയത്.”
ഉണ്ണിയമ്മയുടെ ചോദ്യം കേട്ട് കീർത്തനയുടെ മുഖമൊന്ന് മങ്ങി. ഉണ്ണിയമ്മ അത് ശ്രദ്ധിക്കുകയും ചെയ്തു.
ഉണ്ണി പറഞ്ഞു.
“അതെ, ഇത് തന്നാണ് ആ കക്ഷി.”
ഉണ്ണിയമ്മ കീർത്തനയോടു പറഞ്ഞു.
“മോള് വിഷമിക്കയൊന്നും വേണ്ട.. പണ്ടൊക്കെ കോളേജിലെ സമരം, പോലീസിന്റെ ലാത്തിച്ചാർജ് അങ്ങനെ ഓരോന്നിലും പെട്ട് ഇവൻ ഹോസ്പിറ്റലിൽ ആകുമ്പോൾ ഞാൻ അപ്പോഴേ ഓടുമായിരുന്നു അവിടേക്ക്.. പിന്നെ പിന്നെ അതൊരു പതിവായപ്പോൾ എനിക്കും മനസിലായി മാസത്തിൽ 2 പ്രാവിശ്യം ഹോസ്പിറ്റലിൽ പോയില്ലെങ്കിൽ ഇവന് സമാധാനം ആകില്ലെന്ന്, അതുകൊണ്ട് ഇവനിപ്പോൾ ഹോസ്പിറ്റലിൽ ആയെന്ന് കേട്ടാലും ഞാൻ അത് മൈൻഡ് ചെയ്യൂല്ല.”
അത് കേട്ട് കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
“പിന്നെ ആകക്കൂടെ ഉള്ള ആശ്വാസം എന്ന് പറഞ്ഞാൽ എല്ലാത്തിനും ദീപുവിന്റെ കൂടെ കാണുമെങ്കിലും അടി വരുമ്പോൾ എന്റെ മോൻ ഉണ്ണി അതിനൊക്കെ എങ്ങനെയേലും രക്ഷപ്പെട്ടോളും. ആ കഴിവ് ഇവന് എങ്ങനെ കിട്ടിയോ എന്തോ..”