ബാറിലെ ഒഴിഞ്ഞ മൂലയിലിരിക്കുമ്പോൾ ഹരി തീർത്തും അസ്വസ്ഥനായിരുന്നു. അച്ഛൻ മരിച്ചിട്ട് വർഷം ഇരുപത് കഴിഞ്ഞു. തനിക്കന്നു നാലു വയസാണെന്നാണ് അമ്മ പറഞ്ഞത് . ആവണിക്ക് ഒന്നരയും ഉമേച്ചിക്ക് പന്ത്രണ്ടും . അന്ന് മുതൽ അമ്മ തയ്യൽ ജോലി ചെയ്തും പശുവിനെയും കോഴിയെയും ഒക്കെ വളർത്തിയുമാണ് തങ്ങൾ മൂന്ന് പേരെയും പഠിപ്പിച്ചത്.
ഉമേച്ചി ലാബ് പാസായി സൗദിയിൽ പോയപ്പോഴാണ് കുടുംബം ഒന്ന് പച്ച പിടിച്ചത്.
വീട് പുതുക്കിപ്പണിതു , കൂടെ തൊഴുത്തും ഒന്ന് രണ്ട് പശുക്കളും നാലഞ്ച് ആടുകളും കോഴിയും അങ്ങനെ മറ്റ് പലതുമായി . ആദ്യം കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു , പിന്നെയത് സ്വന്തമായി വാങ്ങിച്ചു . പട്ടയം ഇല്ലാത്ത സ്ഥലമാണെങ്കിലും മണ്ണിൽ പൊന്നു വിളയും . ഉമേച്ചിയുടെ തീരുമാനമായിരുന്നു ബി ടെക്കിന് വിടാൻ . ബി ടെക് കഴിഞ്ഞപ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലികിട്ടിയതാണ് , പക്ഷെ ഉമേച്ചി എം ടെക്ക് എടുക്കാൻ നിർബന്ധിച്ചു .
ബി ടെക് ആദ്യ വർഷം മുതൽ കൂടെയുള്ളവരാണ് സണ്ണിയും ഷാബിനും . സണ്ണിയുടെ ഡാഡിയും മമ്മിയും കുവൈറ്റിലാണ് . . ആദ്യം ഹോസ്റ്റലിൽ ആയിരുന്ന താനും ഷാബിനും സണ്ണിയുമായുള്ള സൗഹൃദം മൂത്തപ്പോൾ, സണ്ണിയുടെ ഡാഡി അവനുവേണ്ടി കോളേജിനടുത്തു വാങ്ങിച്ച ഒരു പഴയ വീട്ടിലേക്ക് താമസം മാറ്റി . അന്ന് മുതൽ തങ്ങൾ പങ്കുവെക്കാത്ത രഹസ്യങ്ങളിളില്ല . മൂവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെ പരസ്പരം മനസിലാക്കിയിരുന്നു .
ഷാബിൻ തന്നെക്കാൾ നിർധനകുടുംബത്തിലെയാണ് . അവന്റെ ചെറുപ്പത്തിലേ ഉപ്പ ഉപേക്ഷിച്ചു പോയതാണ് . ഉമ്മ സൈനബ മീൻ കച്ചവടം ചെയ്താണ് ഏക മകനെ വളർത്തുന്നത് .ബി ടെക് കഴിഞ്ഞു എം ടെക്കിനു താനും സണ്ണിയും ചേർന്നപ്പോൾ ബി ടെക് കൊണ്ട് നിർത്തിയ ഷാബിനെ സണ്ണി നിർബന്ധിച്ചാണ് വീണ്ടും പഠിപ്പിച്ചതും, അവന്റെ കോഴ്‌സിനുള്ള പൈസ ഡാഡിയെക്കൊണ്ട് സ്പോൺസർ ചെയ്യിച്ചതും .
പത്തുദിവസം അവധി കിട്ടിയപ്പോഴാണ് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത് . ഷാബിന്റെ വീട് കോട്ടയത്ത് ആയത് കൊണ്ട് കോട്ടയം വഴിയുള്ള ട്രെയിന് മൂവരും ബുക്ക് ചെയ്തു . സണ്ണിയുടെ വീട് എറണാകുളം പനമ്പള്ളിനഗറിലാണെലും അവിടെയാരുമില്ലാത്തതിനാൽ അവൻ അവധികിട്ടുമ്പോൾ കുവൈറ്റിന് പോകാനാണ് പതിവ് . ഇത്തവണ അവന്റെ ഡാഡിയും മമ്മിയും സിംഗപ്പൂർക്ക് എന്തോ ബിസിനസ് കാര്യത്തിന് പോയന്നറിഞ്ഞപ്പോൾ ഷാബിനാണ് ഒറ്റക്കിവിടെ നിൽക്കണ്ട ഹരിയുടെ കൂടെ ചെല്ലാൻ പറഞ്ഞത് . ഷാബിന്റെ വീട്ടിൽ അതിനുള്ള സൗകര്യം ഇല്ലാത്തതിത്തതിനാലും , അവർ ഈയിടെ വാങ്ങിയ പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നതിനാലുമാണ് അവനങ്ങനെ പറഞ്ഞതെങ്കിലും തനിക്ക് സണ്ണിയെ കൊണ്ട് പോകുന്ന കാര്യത്തിൽ തീരുമാനത്തിലെത്താനായില്ല .
“‘ അമ്മെ ..ഞങ്ങള് ഷാബിന്റെ വീട്ടിലുണ്ട് .സണ്ണിക്ക് കൊച്ചീന്നാ ഫ്‌ളൈറ്റ് . ഞങ്ങള് മൂന്നുപേരും കൂടെ അങ്ങോട്ട് വന്ന് അമ്മേനെ ഒക്കെ കണ്ടിട്ട് അവന്മാരിങ്ങോട്ട് പോരാന്നാ പറയുന്നേ ..””
“‘ എന്നാ കാര്യത്തിന് ? ഹരിക്കുട്ടാ … പ്രായം തികഞ്ഞു നിൽക്കുന്ന ഒരു പെണ്ണിവിടെയുണ്ട് . നിന്റെ കൂട്ടുകാരെയൊക്കെ ഇങ്ങോട്ട് വിളിച്ചോണ്ട് വരുന്ന കാര്യം ആലോചിക്കണ്ട “” രണ്ട് വർഷം മുൻപൊരു അവധിക്ക് സണ്ണിയും താനും ഷാബിനും കൂടെ നാട്ടിലേക്ക് വന്നപ്പോൾ അമ്മയെ വിളിച്ച രംഗം അവന്റെ മനസ്സിലേക്കോടിയെത്തി .
” അമ്മയെന്താ ഇങ്ങനെ പറയുന്നേ ? ഞാൻ പിന്നെ ഇവരോട് വരണ്ടാന്നു പറയണോ ?”