ബാക്കി കാര്യങ്ങൾ ഞാൻ എത്രയും പെട്ടെന്ന് ശരിയാക്കാം…
________/________/________/________
തമ്പാൻ ഡോക്ടർ കോശി ഡോക്ടറുമായി സംസാരിച്ച് കാര്യങ്ങൾ ഒക്കെ ദ്രുതഗതിയിൽ നടപ്പിലാക്കി. ജർമനിയിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. തുഷാരയുടെ വീട്ടുകാർ ദിവസത്തിൽ രണ്ടുതവണയെങ്കിലും ഫോൺ വിളിച്ച് അമലിന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പുറത്തേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ തുഷാരയുടെ അമ്മ ലതയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. മകളുടെ വിയോഗത്തിൽ മനമുരുകി കഴിയുന്ന അമ്മയ്ക്ക് അമലിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് അറിഞ്ഞത് അവർക്ക് അല്പം ആശ്വസിക്കാനുള്ള വക നൽകുന്നതാണ്. തുഷാരയുടെ സ്ഥാനത്തുനിന്നും കാര്യങ്ങൾ നോക്കിനടത്താൻ ഷിൽന ഉണ്ടാവുമെന്ന് പേടിയോടെയാണ് ഉഷ ലതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്…
ലത : ഉഷേച്ചി… എന്റെ മോള് ഉണ്ടായിരുന്നെങ്കിൽ അമലൂട്ടന്റെ കൂടെ നിന്ന് അവൾ നോക്കമായിരുന്നു അവനെ. പക്ഷെ എന്ത് ചെയ്യാം. വിധി മറിച്ചായി പോയല്ലോ… ഷിൽനയെ എന്റെ മോളെപ്പോലെയെ ഞാൻ കണ്ടിട്ടുള്ളു. എന്റെ തുഷാര ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളതും ഷിൽനയെക്കുറിച്ച് ആണ്. അവള് മുന്നേ പറയുമായിരുന്നു…. ഷിൽനയെ ആണ് അമലേട്ടന് കിട്ടേണ്ടിയിരുന്നത് എന്ന്. ആ വീട്ടിൽ എന്റെ മോള് ഏറ്റവും കൂടുതൽ അടുത്ത് അറിഞ്ഞതും സ്നേഹിച്ചതും ഷിൽനയെ ആയിരുന്നു. അതുകൊണ്ട് ഉഷേച്ചിക്ക് വിഷമം ഒന്നും തോന്നണ്ട… എന്റെ മോള് തുഷാര തന്നെയാ അത് എന്ന് കൂട്ടിയാൽ മതി. ഇതൊക്കെ കാണുമ്പോ എന്റെ തുഷാര മുകളിൽ നിന്നും സന്തോഷിക്കുന്നുണ്ടാകും. അവളുടെ സ്വന്തം അമലേട്ടൻ ഒറ്റയ്ക്ക് അല്ലല്ലോ എന്ന് ഓർത്ത്. എനിക്ക് എന്റെ മോള് പോയതിനേക്കാൾ വിഷമം അമലൂട്ടൻ ഇങ്ങനെ ഒന്നും അറിയാതെ കിടക്കുന്നത് കാണുമ്പോൾ ആണ്… അതുകൊണ്ട് എവിടെ പോയിട്ടായാലും എന്റെ കുട്ടിയെ തിരികെ കിട്ടിയാൽ മതിയായിരുന്നു..
ഉഷ : ലതേച്ചി…നിങ്ങളുടെ കാലിൽ വീണൊന്ന് കരയണം എന്നുണ്ട് എനിക്ക്…
നമ്മുടെ തുഷാര പോയെങ്കിലും ഒരു മോന്റെ സ്ഥാനത്ത് അമലൂട്ടൻ എന്നും ഉണ്ടാവും… അവൻ തിരിച്ച് വരും അമ്മേന്ന് വിളിച്ചുകൊണ്ട്…
ഷിൽനയും, മോഹനേട്ടനും കൂടെ നിത്യയും പോകുന്നുണ്ട് നാളെ. നിത്യയെ എന്ത് പറഞ്ഞാ ആശ്വസിപ്പിക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ ഒറ്റയ്ക്ക് നിന്നാൽ ചിലപ്പോ അവൾക്ക് വല്ല മാനസികവും ആയിപ്പോവും. അതുകൊണ്ട് അവൾ കൂടെ പോയ്ക്കോട്ടെ എന്ന് ഞാനാ പറഞ്ഞത്.
ലത : അത് നന്നായി ഉഷേച്ചി… എന്റെ മോളുടെ കൂടെ പോയതല്ലേ അവളുടെ ഭർത്താവും… ഇനി ഈശ്വരൻ കാക്കട്ടെ എല്ലാവരെയും..
_____/______/_______/_______
അമലുമായി മെഡിക്കൽ സംഘം അടങ്ങിയ ഒരുകൂട്ടം ജർമനിയിലേക്ക് യാത്ര തിരിക്കുവാനായി തയ്യാറായിക്കഴിഞ്ഞു. ഡോക്ടർ തമ്പാന്റെ നേതൃത്വത്തിൽ ഉള്ള 4 പേരാണ് അമലിനെ അനുഗമിക്കുന്നത്. അമലിനെയും കൂട്ടി എയർപോർട്ടിൽ എത്തിയപ്പോഴേക്കും പ്രദീപനും, സാക്ഷാൽ നരേന്ദ്ര ഷെട്ടിയും അവിടെ കത്തുനില്പുണ്ട്. കൈകൂപ്പികൊണ്ട് ശതകോടീശ്വരൻ ഷെട്ടി അമലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.