“അപ്പൊ എങ്ങനാ, പഠിക്കാൻ തുടങ്ങേണ്ട? ഓഹ്, ഒന്ന് നിർത്തടാ മരമാക്രി!”
ജോൺസന്റെ വായ “കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ” മണ്ഡലത്തിന്റെ നടുക്ക് വെച്ച് അടഞ്ഞു.
“ങ്ങാ, തൊടങ്ങണം. ഞാൻ കുളിച്ചു വരാം. ജഗ്ഗു എപ്പോ വരും? എവിടെ വെച്ചാ പഠനം?”
“കോളേജിൽ പോവാം. വരാന്തയിൽ കൂടാം. ജഗ്ഗുവിനു നമ്മൾ ഇറങ്ങുമ്പോ മിസ് കാൾ കൊടുക്കാം.”
ശശി തോർത്തും എടുത്തോണ്ട് താഴത്തെ കുളിമുറി ലക്ഷ്യമാക്കി നടന്നു. ജോൺസൻ കൈകൾ മുകളിലോട്ട് ഉയർത്തി നീട്ടിഞെളിഞ്ഞു അതേപോലെ കട്ടിലിലേക്ക് ചാഞ്ഞു.
“ഹമ്മേ… പഠിക്കണം, അല്ലെയോടാ, ശൊ. ക്ലാസ്സിലെ ആരേലും വരുമോ ആവോ?!”, പിന്നെന്തോ ചിന്തിച്ചോണ്ട് അവൻ എഴുന്നേറ്റ് ചുമരിൽ ആണിവെച്ചു ഉറപ്പിച്ച കണ്ണാടിയിലോട്ട് പോയി.
ജോൺസൻ. അച്ചായൻ. കർഷക കുടുംബം. ഉറച്ച ശരീരം. വെളുത്ത നിറം. കുറ്റിത്താടി തടവിക്കൊണ്ട് അവൻ ഷെൽഫിലെ കപ്പിൽ വെച്ചിരിക്കുന്ന കത്തിയും ക്രീമും എടുത്ത് താഴേക്കിറങ്ങി.
ബർമ്മ ലോഡ്ജിലെ മുകളിലത്തെ ഒന്നാം നിലയിലെ അഞ്ചാം മുറിയിലെ അന്തേവാസികളാണ് ഞങ്ങൾ നാലുപേർ. മുൻപ് പറഞ്ഞപോലത്തെ ജോൺസൻ അല്ല ഇപ്പൊ. ഹോസ്റ്റലിൽ ആയിരുന്നിട്ടു കൂടിയും ദിവസവും മുട്ടിപ്പായി പ്രാർത്ഥിച്ചും, ഞായറുകളിൽ പള്ളികളിൽ പോയിയും കണ്ട കൊയർ കാമ്പിനും ഗോസ്പൽ സ്റ്റടിക്കും പോയിക്കൊണ്ടിരുന്നു ചെക്കനെ, വന്ന മൂന്ന് മാസങ്ങൾക്കുള്ളിൽ ഞങ്ങൾ മാറ്റിയെടുത്തു.
രണ്ടാം വർഷ എൻജിനീയറിങ് പഠനം തുടങ്ങി ഇപ്പൊ പാതി വഴി ആയി. മൂന്നാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷയുടെ മുൻപൊടിയായുള്ള അവധി വരുന്ന ആഴ്ച പകുതിക്കു വെച്ച് തുടങ്ങും. കോളേജ് ഹോസ്റ്റൽ അടയ്ക്കുമെങ്കിലും ലോഡ്ജ് തുറന്നു തന്നെ ഇരിക്കും. മെസ് കാണില്ലന്നെ ഉള്ളു.
ഇന്റെർണൽ എക്സാമിനു മാർക്ക് കുറവാണു. അതോണ്ട് കൂടിയിരുന്നു പഠിക്കാനാണ് തീരുമാനം. ബെഞ്ച്മേറ്റും കൂട്ടത്തിൽ ആസ്ഥാന പഠിപ്പിയുമായ ഹാഷിം ആണ് ഐഡിയ വെച്ചത്. എന്നിട്ട് അവൻ ആദ്യം മുങ്ങി.
ശവം.
ബാക്കി ഞാനും ശശിയും ജഗ്ഗുവും മുൻപോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മാർക്ക് കുറവായ വിഷയം പഠിപ്പിക്കുന്ന തള്ളക്ക് ഞങ്ങളെ നാലിനേം കണ്ണെടുത്ത കണ്ടൂടാ.
ജോൺസൻ പിന്നെ വേറെ സ്ട്രീം ആണ്. അതോണ്ട് അവന്റെ പഠിപ്പ് വേറെ ഗാങ് ആയിട്ടാണ്.
ഷെൽഫിൽ നിന്നും ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകവും പിന്നെ നോട്ടും പേനയും എടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്നു. ഇച്ചിരി തിടുക്കം കാട്ടിയില്ലേൽ ശശി സാ അടിച്ചു ചടച്ചിരിക്കും. ശശി കുളിച്ചു വന്നു തോർത്തിനിടയിലൂടെ ജെട്ടിയും വലിച്ചു കയറ്റി ഒരു പാന്റും ടിഷർട്ടും ഇട്ടു മുഖത്തിന്റെ വിവിധ കോണുകൾ കണ്ണാടിയിൽ നോക്കി അതൊക്കെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി.
“മതിയടെയ്. ബാ, പൂവാം.”
“ഹ, ചാടാതെ വിശ്വമൈരാ. കുറച്ചു ക്ഷമ കാണിക്ക്”,ശശി പതിവ് ശൈലിയിൽ തിരികെ എറിഞ്ഞു.