എന്റെ ഉള്ളു പിടഞ്ഞു തുടങ്ങി,
തുണിയുടെ മറ മാറ്റി ഞാൻ അകത്തു കയറി.
അവിടെ കാലുകൾ വിടർത്തി , ബെഡിന്റെ പിടിയിൽ കൈകൾ മുറുക്കി കൊണ്ട് പുളയുന്ന ഗംഗയെ കണ്ടതും എന്നിലേക്ക് വീണ്ടും സങ്കടം ഇരച്ചു കയറി.
ആഹ് നിമിഷം എന്റെ മുൻപിൽ മറ്റെല്ലാം മാഞ്ഞു പോയി എന്റെ തുടിപ്പിനെ വഹിക്കുന്ന ഗംഗയും അവളുടെ നീരൊഴുകുന്ന കണ്ണുകളും വേദന കൊണ്ടുള്ള പുളച്ചിലും കണ്ടപ്പോൾ എന്റെ മനസ്സ് അവളിലേക്കോടി എത്തിയിരുന്നു.
പെണ്ണിന്റെ തലയിൽ തഴുകി കൈ കോർത്ത് മുറുകെ പിടിച്ചതും, ഞാൻ വന്നതറിഞ്ഞിട്ടെന്ന പോലെ കണ്ണടച്ച് പുളഞ്ഞ ഗംഗ നൊടിയിട കൊണ്ട് കണ്ണ് തുറന്നു എന്നെ നോക്കി.
കണ്ണീരു പടർന്ന മുഖവും വേദന നിറഞ്ഞ ചിരിയും കൂട്ടി എന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ അവളുടെ പിരിമുറുക്കവും വേദനയും ആഹ് ഒരു കൈപ്പിടിയിലൂടെ അല്പം എനിക്കും അവൾ പകർന്നു തന്നു.
“എന്താ മോളെ ഒന്നൂല്ല….ഞാൻ വന്നില്ലേ…..പേടിക്കണ്ടാട്ടോ…”
പറഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും എന്റെ കണ്ണും നിറഞ്ഞു പോയി.
“ഗംഗ,….. ഇപ്പോൾ സമാധാനം ആയില്ലേ….ഇനി ഗംഗയുടെ ഫുൾ സപ്പോർട്ട് വേണം….ടെൻഷൻ ആവരുത്…സ്ട്രോങ്ങ് ആയിട്ട് നിൽക്കണം ഓക്കെ ശ്വാസം ഒന്ന് എടുത്തു വിട്ടിട്ടു ഞാൻ പറയുമ്പോൾ പുഷ് ചെയ്യണോട്ടോ……ബി കൂൾ …..ഹരി ഗംഗയ്ക്ക് വേണ്ട സപ്പോർട്ട് കൊടുക്കണോട്ടോ…”
ഡോക്ടർ അടുത്ത് വന്നു ഗംഗയുടെ കവിളിൽ ഒന്ന് തട്ടിയിട്ട് പറഞ്ഞു.
പിന്നെ ഗൗണിന് അകത്തു വിടർത്തി വച്ചിരുന്ന കാലുകൾക്കിടയിലേക്ക് താഴ്ന്നു.
ആഹ് റൂമിൽ ഉണ്ടായിരുന്ന നഴ്‌സുമാരും ഇതൊക്കെ കുറെ കണ്ടിട്ടുള്ള ഭാവത്തിൽ അവരുടെ ഓരോ ജോലിയിൽ
മുഴുകി നടന്നു.
പക്ഷെ എന്നെ സംബന്ധിച്ച് ഇപ്പോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കിടന്ന് വേദന തിന്നുന്നത് എന്റെ പെണ്ണായതുകൊണ്ട് എനിക്കിതൊന്നും സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
“ഗംഗ ഒരു ഓപ്പണിങ് വരുന്നുണ്ട് ഞാൻ പറയുമ്പോൾ ഒരു ഡീപ് ബ്രെത് എടുത്തിട്ട് പുഷ് ചെയ്യണം….ഓക്കേ.”
ഇത് കേട്ടതും ഗംഗ എന്നെ നോക്കി അവളുടെ കണ്ണുകളിൽ മിന്നിമാറിയ ഭയം മനസ്സിലാക്കിയ ഞാൻ. തലയിൽ തലോടി രണ്ടു കൈ കൊണ്ടും അവളുടെ കൈ മുറുക്കി പിടിച്ചു.