വസൂ എന്റെ മുമ്പിൽ ചാവിക്കു വേണ്ടി കയ്യും നീട്ടി നിന്ന് എണ്ണിപ്പെറുക്കി ഓരോന്ന് പറയുമ്പോഴേക്കും എന്റെ പിടി വിട്ടു പോയിരുന്നു.
കരഞ്ഞുകൊണ്ട് ഞാൻ വസുവിന്റെ കാലിലേക്ക് വീണതും. പെട്ടെന്ന് വല്ലാതായി വസൂ എന്നെ താങ്ങി പിടിച്ചു.
അവളുടെ കയ്യിലേക്ക് മീനുവിന്റെ കത്ത് ഞാൻ വച്ച് കൊടുക്കുമ്പോൾ ഒരു അമ്മയെ പോലെ എന്നെ മാറിൽ ചേർത്ത് പിടിച്ചു വസൂ അവിടെ കിടന്നിരുന്ന കസേരയിലേക്ക് ഇരുന്നു.
തകർന്നു പോയവന് നാണോം മാനോം ഒന്നുമില്ലല്ലോ അവിടെ ആഹ് വരാന്തയിൽ ഒരു കുഞ്ഞിനെ പോലെ വസുവിന്റെ നെഞ്ചിൽ ചാഞ്ഞു കടന്നു കണ്ണീരൊഴുക്കിയപ്പോൾ എനിക്കും ഒന്നും തോന്നിയില്ല.
ആഹ് ഒരു താങ് ഞാൻ അത്രയും ആശിച്ചിരുന്നു.
കത്ത് വായിക്കുമ്പോൾ വസുവിന്റെ നെഞ്ച് പിടക്കുന്നതും ശ്വാസ താളം മാറുന്നതും ഞാൻ അറിഞ്ഞതും, എനിക്ക് വീണ്ടും നില തെറ്റാൻ തുടങ്ങി.
അതറിഞ്ഞ വസൂ എന്നെ ചേർത്ത് പിടിച്ചു.
“ഡാ ചെക്കാ……..”
വസൂ എന്നെ വിളിച്ചു.
“ഇങ്ങോട്ടു നോക്കിയേ നീ…”
എന്റെ മുഖം പിടിച്ചുയർത്തി അവളുടെ നേരെ ആക്കി..
കണ്ണീരു പുറംകൈ കൊണ്ട് തുടച്ചു. എന്നെ നോക്കിയ വസുവിന്റെ കണ്ണുകൾക്ക് ഒരാഞ്ജ ശക്തി ഉണ്ടായിരുന്നു
“അവള് ആഹ് നേരത്തെ ഒരു തോന്നലിന് കാട്ടി കൂട്ടിയ പൊട്ടത്തരമാണ് ഇത് അവൾക് ചിന്തിക്കാൻ കുറച്ചു നേരം കിട്ടിയാൽ മതി പെണ്ണോടി നമ്മുടെ അടുത്ത് തന്നെ എത്തൂലെ………
………..അവൾക്ക് നമ്മളെ വിട്ടു അങ്ങനെ പോവാൻ പറ്റുവോ…..ദേ നോക്കിയേ ഞാൻ ആഹ് പറയുന്നേ മീനൂനെ ഞാൻ കൊണ്ടോരും… വസുവാ പറേണേ…എന്താ പോരെ…”
അവൾ പറഞ്ഞതൊന്നും എനിക്ക് വിശ്വാസമായില്ല….മീനു…..പോയി…എന്ന് തന്നെ ഉള്ളിലിരുന്നു ആരോ പറയുന്ന പോലെ.
“ഡാ കൂടുതൽ ആലോചിക്കണ്ട ഗംഗയുടെ അടുത്തേക്ക് ചെല്ല് അവൾക്കിപ്പോ നിന്നെ ആവശ്യമുണ്ട്. നീ കൂടെ ഉണ്ടെന്ന തോന്നലാ ഇപ്പോൾ ആഹ് പെണ്ണിന് വേണ്ടത്.”
എന്റെ കണ്ണ് തുടച്ചു എന്റെ കവിളിൽ രണ്ടു തവണ മുറുക്കെ വസൂ തട്ടി.
“ദേ ചെക്കാ ഇങ്ങനെ ഇരിക്കല്ലേ മീനൂനെ ഞാൻ കൊണ്ടോരും ന്നു പറഞ്ഞാൽ കൊണ്ടോരും….നിനക്ക് എന്നെ വിശ്വാസമില്ലേ….”