കുളപ്പടവിലേക്ക് പാഞ്ഞിറങ്ങിയ ഞാൻ ആഹ് കട്ട കെട്ടിയ ഇരുട്ടിൽ നേരിയ ചന്ദ്ര വെളിച്ചത്തിൽ തിളങ്ങുന്ന കുളത്തിലേക്ക് പ്രതീക്ഷയോടെ നോക്കി.
“മീനാക്ഷി…………………!!!!!!!!”
അലറി വിളിച്ചെങ്കിലും കുളവും പടവും നിശ്ശബ്ദമായിരുന്നു.
വെള്ളത്തിലേക്കിറങ്ങാനായി കാലെടുത്തു വച്ചതും ആഹ് ഒരു ഓര്മ എന്നിൽ തെളിഞ്ഞു വന്നു, അവൾക് നീന്താനറിയാം,
ഒരു ആശ്വാസം എന്നിൽ ഉയർന്നുവെങ്കിലും ഇനി എവിടെ അവളെ കണ്ടെത്തും എന്നാലോചിച്ചതും ഫോൺ റിങ് ചെയ്യുന്ന സ്വരം എന്നെ ഉണർത്തി.
“ഹരി എവിടാ നീ……..ഗംഗയ്ക്ക് നിന്നെ കാണാണോന്നു പറഞ്ഞു കരഞ്ഞോണ്ടിരിക്കുവാ വേഗം വാ മോനെ അവൾക്ക് വയ്യാ..”
വസുവിന്റെ സ്വരത്തിൽ പേടിയും ചെറിയ കരച്ചിലും നിഴലിട്ടതും, എനിക്ക് തല പിളരുന്ന പോലെ തോന്നി. ഞാൻ ഒന്നുമല്ലാത്ത അവസ്ഥ, എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത തളർന്നിരുന്നു.
അവസാനം ഒരു വിധം നടന്നു കാറിനടുത്തെത്തി, അകത്തു കയറിയതും കാർ സ്റ്റാർട്ട് ആയതും മുന്നോട്ടു നീങ്ങുന്നതുമെല്ലാം ഒരു സ്വപ്നംപോലെ.
ഒലിച്ചിറങ്ങുന്ന കണ്ണീർ ഇടയ്ക്ക് കൈ മടക്കി തുടച്ചുകൊണ്ടിരുന്നു. നെഞ്ചിലേക്ക് കയറ്റി വെച്ച കല്ല് ആഴ്ന്നിറങ്ങുന്നു കണ്ണിൽ വല്ലാതെ ഭാരം നിറയുന്നു പലപ്പോഴും ഏങ്ങലടിയിലൂടെ, നെഞ്ചിൽ കെട്ടിയിരുന്ന ശ്വാസവും പുറത്തേക്ക് വന്നു.
ഞാൻ പോലും അറിയാതെ ഹോസ്പിറ്റലിന് മുന്നിൽ എത്തി.
കാറിൽ നിന്നുമിറങ്ങി ഒരു മായലോകത്തിലേക്ക് എന്ന പോലെ ഞാൻ നടന്നു.
“ഡാ ഹരി….ഇത്രയും നേരം എവിടെ പോയി കിടക്കുവായിരുന്നു…..
ആഹ് പെണ്ണ് നിന്നെ കാണണോന്നു പറഞ്ഞു കരഞ്ഞോണ്ടിരിക്കുവാ വേം വാ….”
ഹോസ്പിറ്റലിന് മുന്നിൽ തന്നെ എന്നെ കാത്തു നിന്ന വസൂ,… എന്റെ കയ്യിൽ വലിച്ചു പിടിച്ചുനടന്നുകൊണ്ട് പറഞ്ഞതെല്ലാം അങ്ങേ ലോകത്തു നിന്ന് കേൾക്കുമ്പോലെ ഒരു മുഴക്കം പോലെയെ എന്റെ കാതിൽ വീണുള്ളൂ.
“ഡാ ഹരി നീ ഇതെന്താ ആലോചിക്കുന്നെ….
അല്ല മീനു എന്ത്യെ…”
വസുവിന്റെ ആഹ് ചോദ്യം എന്റെ ഒരു ഞെട്ടലിൽ ആണ് നിന്നത്. തല പോലും ഉയർത്താൻ കഴിയാതെ ഞാൻ വസുവിന് മുന്നിൽ നിന്നു.
“നീ അവളെ കൂട്ടാതെ പോന്നോ…..
ഈ ചെക്കൻ,……, ആഹ് കീ താ ഞാൻ പോയി കൂട്ടീട്ടു വരാം…..പാവം ഒറ്റയ്ക്കിരുന്നു പേടിച്ചിട്ടുണ്ടാവും.”