ഞങ്ങളുടെ കുഞ്ഞുസിനെ രാമേട്ടന്റെ മടിയിലേക്ക് ഗംഗ ഇരുത്തി, പെട്ടെന്നുള്ള കൈമാറ്റത്തിൽ പെണ്ണൊന്നു ചിണുങ്ങിയെങ്കിലും പിന്നെ അടങ്ങി.
തങ്ക നൂലു പോലെ ഞങ്ങൾ ചേർന്ന് പണിയിച്ച അരഞ്ഞാണം പെണ്ണിന് രാമേട്ടൻ കെട്ടികൊടുത്തു സ്വർണത്തിന്റെ തണുപ്പ് പെട്ടെന്ന് തട്ടിയപ്പോൾ ഒന്ന് വിറച്ച പെണ്ണ് പിന്നെ ഇക്കിളി പൂണ്ടു കൊഞ്ചി ചിരിച്ചു.
പേരിടാൻ സമയം ആയിരുന്നു.
രാമേട്ടന് ഇഷ്ടമുള്ള പേരിടാം എന്ന് ഞങ്ങൾ പറഞ്ഞിരുന്നെങ്കിലും.
അവളുമാര് പുറകെ നടന്നു ചോദിച്ചിട്ടും അങ്ങേരു പേര് പറഞ്ഞു കൊടുത്തില്ലായിരുന്നു.
പേരെന്താണെന്നു എനിക്ക് ഊഹം ഉണ്ടായിരുന്നു ഊഹമല്ല ഉറപ്പ് എന്ന് തന്നെ പറയാം.
ഗംഗയും വസുവും മീനുവുമെല്ലാം മാറി മാറി ചോദിക്കുമ്പോഴെല്ലാം
ഞാൻ എന്റെ വാവയുടെ കാതിലേ അതാദ്യം പറയൂ എന്ന് രാമേട്ടൻ വാശി പിടിച്ചിരുന്നു.
ഇപ്പോൾ എല്ലാവരും ആഹ് പേര് കേൾക്കാൻ കൊതിപൂണ്ട് നീക്കുന്നത് കാണാൻ നല്ല രസമുണ്ട്.
“കാർത്തിക…..
കാർത്തിക….
കാർത്തിക….”
രാമേട്ടൻ കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞപ്പോൾ എന്റെ ഉള്ളം നിറഞ്ഞു…ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത പക്ഷെ ഉള്ളം കൊണ്ട് പെങ്ങളായ എന്റെ രാമേട്ടന്റെ മോളുടെ പേര്…
പറഞ്ഞു കഴിഞ്ഞു തുളുമ്പിയ കണ്ണിലെ നീർക്കണം കാർത്തികയുടെ നെറ്റിയിൽ പൊഴിച്ച് രാമേട്ടൻ അവളുടെ നെറ്റിയിൽ തന്നെ മുത്തി.
അന്ന് മുതൽ കാർത്തിക ഞങ്ങളുടെ എല്ലാവരുടെയും തുമ്പി ആയി.
ചെല്ല പേരിട്ടത് ഇന്ദിരാമ്മയാണ്,
എല്ലാര്ക്കും ആഹ് പേരും ഒത്തിരി ഇഷ്ടമായി.
ചടങ്ങു കഴിഞ്ഞു ഉച്ചയ്ക്ക് എല്ലാവരും കൂടെയാണ് സദ്യ ഒരുക്കിയത്.
വയറു പൊട്ടാറാവും വരെ പെണ്ണുങ്ങൾ ഞങ്ങളെ ഇരുത്തി വിളമ്പി.
അവസാനം പായസം കൂടി വായിലേക്ക് ഒഴിച്ച് തന്നു.
കിളി പാറി കോലായിൽ ആണുങ്ങൾ എല്ലാം മന്നിച്ചു കിടക്കുമ്പോഴാണ് ഗംഗ വന്നു എന്റെ ചെവിയിൽ അത് പറഞ്ഞത്,
അജയേട്ടൻ വന്നപ്പോൾ കുപ്പി കൊണ്ട് വന്നിരുന്നു പോലും, അത് കുടിപ്പിക്കാതെ ഇരിക്കാനുള്ള അവളുമാരുടെ പ്ലാൻ ആയിരുന്നു ഈ വയറിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കാൻ….
“കുടിക്കാത്ത എന്നോടെന്തിനാടി ഈ കടുംകൈ കാണിച്ചത്….അവസാനം കുറെ പയാസോം….കുനിഞ്ഞു കൈ കഴുകി തല പൊക്കിയപ്പോൾ തല കറങ്ങി വീഴുമെന്ന് തോന്നിപ്പോയി…”