പെണ്ണൊന്നു ഉറങ്ങിയത്….അപ്പോഴേക്കും വന്നു കുത്തിപൊക്കുന്നോ….”
കെറുവിച്ചുകൊണ്ട് വാവയെ മാറോടു ചേർത്ത് പിടിച്ചു.
“ഉവ്വാ…അടുത്തത് നീയാണ് മോളെ….”
അവളെ നോക്കി മീശ ഒന്ന് പിരിച്ചു കള്ളാ ചിരിയുമായി നോക്കിയ എന്നെ നാണം പൂണ്ട് വസൂ നോക്കി.
“എന്നിട്ടു ബാക്കി ഉള്ളവരൊക്കെ എവിടെ…”
“ഹേമേടത്തി അടുക്കളയിലുണ്ട്… മീനുട്ടി ഇന്ദിരാമ്മയോടൊപ്പം ഗംഗേടെ അടുത്തെണ്ടാവും…….
ഇനി പോണുണ്ടോ ഹരി….”
“ഞാൻ ഊണ് കഴിക്കാല്ലോ ന്നു വെച്ച് വന്നതാ….ഇനി പോണോന്നു ചോദിച്ചാൽ….നീ പോവുകയാണേൽ…എനിക്ക് പോവണ്ടാ….”
“അയ്യട അത് മനസ്സിൽ വെച്ചാൽ മതി….ഞാനെങ്ങും ഇല്ല….ഇവിടെ തന്നെ ഇവരുടെ കൂടെ കൂടാല്ലോന്നു കരുതി ഹോസ്പിറ്റലിൽ റെസിഗ്നഷൻ കൊടുത്താലോന്നു ആലോചിക്കുമ്പോഴാ ചെക്കൻ ഓരോന്ന് എന്റെ തലയിൽ ഇടാൻ നോക്കണേ…”
പെണ്ണ് അതും പറഞ്ഞു നിന്നു ചിണുങ്ങി.
വസുവിന്റെ കയ്യിലിരുന്ന പൊടിക്കുപ്പിക്ക് ഒരുമ്മ കൊടുത്തിട്ടു എടുത്തോണ്ട് നടന്ന തടിച്ചിക്കും ഒരുമ്മ കൊടുത്തു. നേരെ അടുക്കളയിലേക്ക് വിട്ടു. അവിടെ ചെന്ന് ഉച്ചക്കത്തെ അവിയലിന് വേണ്ടി ചിരകി വെച്ചിരുന്ന തേങ്ങാ കുറച്ചെടുത്തു വായിലേക്കിട്ടു ഹേമേടത്തിക്കൊരു ഹായ് പറഞ്ഞു കുളപ്പടവിലേക്ക് തൊടിയിലൂടെ നടന്നു.
അന്ന് ഇന്ദിരാമ്മ വന്നു കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞിട്ടാണ് അജയേട്ടൻ പെങ്ങളേം കൊച്ചിനേം കാണാൻ വന്നത്…….
……..,അതൊരൊന്നൊന്നൊര വരവായിരുന്നു…
ഹോസ്പിറ്റലിൽ വച്ച് ഇന്ദിരാമ്മ ഗംഗയുടെ മേലെ നടത്തിയ നിരീക്ഷണങ്ങൾക്ക് ഉത്തരമായി… ഒരു വൈദ്യശാല മൊത്തത്തിൽ ഒഴിപ്പിച്ചെടുത്ത പോലെ ഒരു വണ്ടി നിറച്ചും സാധനങ്ങളും കൊണ്ടാണ് വന്നത്. വന്ന പാടെ മോനെ നോക്കാതെ അജയേട്ടനെ തള്ളി മാറ്റി കാറിനകത്തു തലയിട്ടു താൻ പറഞ്ഞ എല്ലാ സാധങ്ങളും കൊണ്ട് വന്നോ എന്ന് നോക്കുന്ന ഇന്ദിരാമ്മയെ കണ്ടപ്പോഴാണ് എല്ലാർക്കും കുറിപ്പടി കൊടുത്ത വൈദ്യരെ പിടി കിട്ടിയത്.
പിന്നെ അരക്കലായി പൊടിക്കലായി….തന്നെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത തൈലോം അരിഷ്‌ട്ടോമൊക്കെ കുപ്പിയിലാക്കി വരുത്തിച്ചത് വേറെയും.
നിരത്തി വെച്ച കഷായകുപ്പികൾ കണ്ട് ദയനീയ ഭാവത്തിൽ എന്നെ നോക്കിയ ഗംഗയുടെ നോട്ടം കണ്ടാൽ എനിക്ക് ഇപ്പോഴും ചിരി വരും.