“മോളെ ഗംഗ മോൾക്ക് ക്ഷീണം ഉണ്ടാവും….”
കയ്യിൽ വാവയെയും കൊണ്ട് മുറിക്കകത് അങ്ങോട്ടും ഇങ്ങോട്ടും നടന്ന ഹേമേടത്തി മീനുവിനോട് പറഞ്ഞു.
“അതൊന്നും സാരൂല്ലാ ഏടത്തി,….വാവ വയറ്റിൽ ഉണ്ടായിരുന്നപ്പോഴും മീനുട്ടി എന്റടുത്തല്ലേ എപ്പോഴും ഉണ്ടായിരുന്നത്….അതോണ്ട് അവൾ ഇങ്ങനെ ഇരിക്കാണ്ടായാല എനിക്ക് വല്ലായ്ക തോന്നാ….”
ചാഞ്ഞിരുന്ന മീനുവിന്റെ മുടിയിൽ തലോടി ഗംഗ പറഞ്ഞതും മീനു ഗംഗയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
“കുഞ്ഞിപ്പെണ്ണു ഉറങ്ങീന്നു തോന്നുന്നു….”
അതും പറഞ്ഞോണ്ട് ഹേമേടത്തി കുഞ്ഞിനെ കൊണ്ട് വന്നു ഗംഗയുടെ അടുത്ത് കിടത്തി.
അവളെ നോക്കിയപ്പോൾ ദേ കുഞ്ഞിപ്പെണ്ണ് ചുണ്ടു കൂർപ്പിക്കുന്നു പിന്നെ ശാന്തയായി കിടന്നു ഉറങ്ങി.
ഇത് ഗംഗയുടെ ബാക്കി തന്നെ എന്ന് അതോടെ നൂറ്റൊന്നു ശതമാനം എനിക്ക് ഉറപ്പായി.
ഞാൻ അതും കണ്ടുകൊണ്ട് ഗംഗയെ നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചോണ്ടിരിപ്പുണ്ട് ഗംഗ. ഒരു അയഞ്ഞ നയ്റ്റി ആണ് വേഷം പെണ്ണിന്റെ മുഖത്ത് അല്പം ക്ഷീണം ഉണ്ട്.
“ഇളിച്ചോണ്ടിരിക്കാതെ ഉറങ്ങിക്കേ ഗംഗേ…ഇനി ഉറക്കൊക്കെ നോക്കണം…”
വസൂ പറഞ്ഞതും മീനുവും എഴുന്നേറ്റു, ഹേമേടത്തി അപ്പോഴേക്കും റൂമിന്റെ താഴെ കൊണ്ട് വന്ന പായയും ഷീറ്റും വിരിച്ചു കിടന്നു.
“ഏടത്തി ദേ ഈ കട്ടിലിൽ കിടന്നെ….എന്ത് കാര്യത്തിനാ ഇപ്പോൾ താഴത്തു കിടക്കുന്നെ…”
വസൂ പറഞ്ഞത് കേട്ടതും ഹേമേടത്തി വസുവിനെ നോക്കി.
“ഞാൻ എവിടെ ആയാലും ഉറക്കം പിടിക്കും മോളെ….മോള് ആഹ് കട്ടിലിൽ കിടന്നോ….”
ഹേമേടത്തി അതും പറഞ്ഞു വീണ്ടും തല ചായ്ച്ചു.
“അതൊന്നും വേണ്ട,
ഇവിടെ ഞാൻ അടുത്ത റൂമിന്റെ ചാവി കൂടി വാങ്ങിയിട്ടുണ്ട്…ആരും നിലത്തു കിടക്കേണ്ട……….ഹേമേടത്തി അവിടേക്ക് പോവുന്നോ അതോ ഇവിടെയാണോ…”
വസൂ ചോദിച്ചതും പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ഹേമേടത്തിക്ക് മനസിലായി..
“ഞാൻ ഈ റൂമിൽ നിന്നോളാം…..ഗംഗ മോൾക്ക് എന്തേലും ആവശ്യം ഉണ്ടായാലോ…”