ഗംഗയെ നോക്കി അവൾ കുറച്ചു നേരം നിന്നു പിന്നെ വീണ്ടും തിരിഞ്ഞു ഭിത്തിയിൽ തന്നെ വരച്ചുകൊണ്ടിരുന്നു.
“ആരോടാ ഞാൻ ഈ പറയണേ…ഡി മീനുട്ടി….എന്താ നീ ഈ വരച്ചു കൂട്ടുന്നെ…പെണ്ണെ, കുറെ ആയല്ലോ…”
കട്ടിലിൽ തന്റെ നീര് തുടിക്കുന്ന കാലുമായി ഗംഗ മീനുവിനോട് ചോദിച്ചു.
“ഓഹ് ഇപ്പൊ പെണ്ണിന് മിണ്ടാട്ടം ഇല്ല അല്ലേൽ ഇടയ്ക്ക് ഗംഗേച്ചിന്നും വിളിച്ചോണ്ടിരിക്കുന്നതാ..”
ഗംഗ കൊതി കുത്തി മീനുവിനെ നോക്കി കുറുമ്പ് കാട്ടി. പിന്നെ പതിയെ നിരങ്ങി നീങ്ങി കട്ടിലിനു വിളിമ്പിൽ വന്നു ഇരുന്നു. വയറിൽ കൈ കൊണ്ടൊരു താങ്ങ് വെച്ച് പതിയെ നടന്നു മീനുവിന്റെ അടുത്തെത്തി.
“നോക്കട്ടെ ന്റെ കൊച്ചെന്താ ഇത്ര കാര്യോയിട്ടു വരക്കണേന്ന്…”
അവളുടെ തോളിൽ പതിയെ പിടിച്ചു ഒന്ന് എത്തി നോക്കിയ ഗംഗയുടെ കണ്ണുകൾ തിളങ്ങി…
“ഇതാണോ ന്റെ മീനുട്ടി വരച്ചോണ്ടിരുന്നെ……..ഉമ്മ….”
അവളുടെ കവിളിൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്ത ഗംഗ മീനു വരച്ച ആഹ് ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു.
ഗർഭിണി ആയ ഒരു സ്ത്രീ തന്റെ നിറവയറിൽ കൈ വെച്ചുകൊണ്ട് ഒരു കുളപ്പടവിൽ ചാഞ്ഞു കിടക്കുന്നു…കാലുകൾ കുളത്തിലെ വെള്ളത്തിൽ താഴ്ത്തി ആലസ്യത്തോടെ ഇരിക്കുന്ന ആഹ് പെണ്ണിന്റെ മുഖത്തിന് ഗംഗയുടെ ഛായയാണ്… പച്ച പിടിച്ച പടിക്കെട്ടിലിരിക്കുന്ന ഗംഗയുടെ മുഖത്ത് ഒരു നനുത്ത ചിരി കൂടി മീനു വരച്ചു ചേർത്തിട്ടുണ്ട്.
“ഹോ ന്റെ മീനുട്ടി…ന്നാലും നീ എനിക്ക് ഇതുപോലെ ഒരു സർപ്രൈസ് തരൂന്ന് ഞാൻ കരുതീല…..ഉമ്മ……”
“ഇച്ചേയി…….ഹേമേടത്തി…..”
ഗംഗയുടെ സന്തോഷത്തിൽ ഉള്ള വിളി വീട്ടിൽ മുഴങ്ങി….
“എന്താടി പെണ്ണെ കാറി കൂവുന്നെ… ഒരു കൊച്ചിന്റെ തള്ളയായി ഇപ്പോഴും പിള്ളേരെ പോലെയാ പെണ്ണ്..”