അല്പം ഇരുണ്ടു കിടന്ന ആഹ് ആളൊഴിഞ്ഞ വരാന്തയിലെ കസേരയിൽ ചാഞ്ഞു ഇരിക്കുമ്പോൾ ഉള്ളിലെ നോവുകളെല്ലാം എങ്ങോ ഓടി മറയുന്നതുപോലെ,
ഇടയ്ക്കിടെ അവൾ ഇറങ്ങി പോയത് ആലോചിക്കുമ്പോൾ ഉള്ള നോവുകൾ മാത്രം ബാക്കി…
കണ്ണടച്ച് അല്പനേരമിരുന്നതും അയഞ്ഞ മനസ്സിന്റെ ആഗ്രഹമെന്നോണം കണ്ണുകൾ അടഞ്ഞു പോയി.
**********************************
ഉറക്കത്തിൽ തെളിഞ്ഞു ഉണർവിലേക്ക് തട്ടിയെറിഞ്ഞ ഒരു സ്വപ്നത്തിന്റെ നിഴലെന്നപോലെ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ. ഞാൻ ഇരുന്ന കസേരയ്ക്ക് അപ്പുറം ഒരു കസേരയുടെ വിടവിട്ടു കൊണ്ട് അവൾ ഇരിപ്പുണ്ടായിരുന്നു……….മീനു എന്ന മീനാക്ഷി.
കണ്ണിമ ചിമ്മാതെ എന്നെ നോക്കി ഇരുന്ന അവളെ നോക്കിയപ്പോൾ കണ്ണീർ പൊഴിച്ച് ഒരു മാപ്പപേക്ഷ പോലെ എന്നെ അവൾ നോക്കി.
അവളുടെ കണ്ണിലേക്കു നോക്കും തോറും ഞാൻ അലിഞ്ഞു പോവുന്ന പോലെ തോന്നിയതും ഞാൻ തല ഉയർത്തി സിലിങ്ങിൽ തെളിഞ്ഞുകൊണ്ടിരുന്ന ലൈറ്റിലേക്ക് നോക്കി.
ഇനിയൊരിക്കലെങ്കിലും അവളുടെ കടക്കണ്ണിലെ തിളക്കം ഇതുപോലെ കാണാൻ കൊതിച്ച ഞാൻ ഇന്ന് അതിൽ നിന്ന് മുഖം തിരിക്കേണ്ടി വന്നു.
അവളോട് ദേഷ്യം അല്ല…പക്ഷെ എന്നെ മനസിലാക്കാൻ കഴിയാതെ പോയ അവളോട് ഒരുതരം നിസ്സംഗതയാണ് ഇപ്പോൾ മനസ്സിൽ.
“ഹരിയേട്ടാ…….”
വിതുമ്പലിനിടയിൽ അവളെങ്ങനെയോ വിളിച്ചൊപ്പിച്ചു…
“ന്നെ അത്ര വെറുത്തു പോയോ….”
മുഴുവിക്കും മുൻപ് പിടിച്ചു നിർത്തിയ സങ്കടം പെയ്തിറങ്ങി….അവളുടെ തൊണ്ടയടച്ചു…
ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടു കൊണ്ടവൾ വാ പൊത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും എത്തി വലിഞ്ഞു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ എന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി.
“എന്റെ ഒരു നിമിഷത്തെ അവഗണന പോലും നിനക്ക് താങ്ങാൻ കഴിയുന്നില്ല അല്ലെ…മീനു….”
ഏങ്ങലടിച്ചു കൊണ്ട് എന്നെ നോക്കി വിതുമ്പാനെ അവൾക്ക് കഴിഞ്ഞുള്ളു.
“നീ പഴയ പോലെ ആവുന്നതും കാത്തു ദിവസങ്ങളും നിമിഷങ്ങളും എണ്ണിയാണ് ഞാനും അവളുമാരും ഇതുവരെ ജീവിച്ചത്.