“മീനൂസെ നോക്കിയേ ചേച്ചിടെ വയറൊക്കെ പോയീട്ടോ……ഇനി ന്റെ കൊച്ചുറങ്ങാൻ നേരത്തു തടവി കിടക്കാനും ഉമ്മ വെക്കാനുമൊക്കെ ഒരു വാവേനെ പകരം മതിയോ.”
കഥയൊന്നുമറിയാതെ പഴയെ പോലെ മീനുവിനെ കൊഞ്ചിച്ചു കൊണ്ട് ഗംഗ പറഞ്ഞതും കരഞ്ഞു കൊണ്ട് മീനു ഗംഗയെ കെട്ടിപ്പിടിച്ചു.
“മീനു….എന്താ പറ്റിയെ……ഇച്ചേയി കൊച്ചിനെന്തു പറ്റി..”
മീനുവിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ പകച്ചു പോയ ഗംഗ മീനുവിനെ കെട്ടിപ്പിടിച്ചു അവളെ ആശ്വസിപ്പിക്കുന്നതിനൊപ്പം ചോദിച്ചു കൊണ്ടിരുന്നു.
“അവൾക്ക് സുഗായി ഗംഗേ…അവൾക്കിപ്പൊ എല്ലാം അറിയാം എല്ലാരേം അറിയാം…”
മീനുവിന്റെ മുടിയിൽ തലോടി വസൂ പറഞ്ഞതും ഗംഗ അവളെ ദേഹത്ത് നിന്നും മാറ്റി മുഖം നേരെ പിടിച്ചു.
“ആണോ എന്റെ മീനുട്ടി പഴയ പോലെ ആയോ….ഞങ്ങൾ കാത്തിരുന്ന മീനുട്ടി ആയോ…”
തുളുമ്പിയ കണ്ണീർ തുടച്ചുകൊടുത്തു ഗംഗ അവളോട് ചോദിച്ചപ്പോൾ കലങ്ങിയ കണ്ണ് വെച്ച് മീനു ചിരിച്ചു.
“തേവരു ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്നു എനിക്കുറപ്പായിരുന്നു….ന്നാലും രണ്ടു സന്തോഷോം കൂടെ ഒരൂസം തരുന്നു ഞാൻ കരുതീല…..”
പറഞ്ഞു തീർന്നതും ഗംഗ മീനുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അവളെ ചേർത്ത് പിടിച്ചു വാവയെ കാട്ടി കൊടുത്തു.
“നോക്ക് നമ്മുടെ കുറുമ്പിയാ….”
അവിടെ നിൽക്കാൻ എനിക്കെന്തോ അപ്പോൾ തോന്നിയില്ല…എന്തോ ഒരു വീർപ്പു മുട്ടൽ…
മീനുവിനെ തിരികെ കിട്ടിയെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ അവളെ മനസ്സിലാക്കില്ല എന്ന് ചിന്തിച്ച അവളെ എങ്ങനെ അഭിമുഖീകരിക്കും എന്ന തോന്നൽ എന്നെ പിടിമുറുക്കിയതും ഞാൻ റൂമിനു വെളിയിലേക്ക് നടന്നു.
റൂമിന്റെ ഭിത്തിയിൽ ചാരി ഇതെല്ലാം നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് എന്റെ അതെ അവസ്ഥയിൽ കുറ്റബോധം പേറി തേങ്ങുന്ന ഹേമേടത്തിയെയും ഞാൻ കണ്ടു.