അത് കൂടി കേട്ടതോടെ വസൂ കരഞ്ഞു കൊണ്ട് ഗംഗയുടെ നെഞ്ചിലേക്ക് അലച്ചു തല്ലി വീണു കരച്ചിലായി.
“നീ എന്റെയല്ലെ….മോളെ…ഞാൻ അപ്പോൾ പെട്ടെന്നു പറഞ്ഞു പോയി…നിക്കറിയില്ല ദേവി ഞാൻ എങ്ങനാ അത് പറഞ്ഞതെന്ന്….ന്റെ മോളാ ഇവള് മനസ്സ് കൊണ്ട് ഞാനും കൂടിയ പെറ്റത്….ഞി ഞാൻ പറയൂല്ല…മനസ്സിൽ കൂടെ ഓർക്കുല്ല….”
രണ്ടും കൂടി പതം പറഞ്ഞു കരയുമ്പോൾ വെറുതെ നോക്കി ഇരിക്കാനെ എനിക്കും ഹേമേട്ടത്തിക്കും കഴിഞ്ഞുള്ളു.
“പോയി നിന്റെ കൊച്ചിനെ എടുക്കെടി ഇച്ചേയി….എന്നിട്ടു ആഹ് മുല കൊടുക്ക് അവളറിയട്ടെ നിന്റെ ചൂട്.”
അവസാനം ഗംഗ അത് പറഞ്ഞു വസൂന്റെ കവിളിൽ ഒന്ന് കുത്തിയപ്പോൾ തടിച്ചി ഒന്ന് നാണിക്കുന്നതും പിന്നെ പതിയെ എഴുന്നേറ്റു കുഞ്ഞിനെ കയ്യിലെടുത്തു മാറിലെ ചൂടിലേക്ക് ചേർത്ത് നെറ്റിയിൽ പതിയെ ഒരു കുഞ്ഞു മുത്തം നൽകി.
“വാവേട അമ്മയാട്ടോ…….”
തിളങ്ങുന്ന രണ്ടിറ്റു പൊഴിച്ച് വസൂ നിർവൃതിയോടെ കുഞ്ഞിന്റെ കാതിൽ പറയുന്നത് ഞങ്ങൾ എല്ലാം കണ്ടിരുന്നു.
“മീനു എന്ത്യെ…ഇച്ചേയി….കൊച്ചിനെ എവിടാക്കി..”
ഗംഗ പെട്ടെന്നത് ചോദിച്ചപ്പോൾ ഞാൻ വല്ലാണ്ടായി.
വസൂ കയറി വന്നപ്പോൾ മീനുവിനെ കാണാത്തത് എന്നെ തളർത്തിയിരുന്നു പക്ഷെ ഗംഗയോടും ഹേമേടതിയോടും പറയാൻ ഒരുത്തരമില്ലാതെ ഞാൻ എങ്ങനെയാ എന്നാലോചിച്ചു നിക്കുമ്പോഴായിരുന്നു ഗംഗയുടെ ചോദ്യം.
അവളുടെ ചോദ്യത്തിൽ തല കുനിച്ചു മുറിയിലെ ചുവരിൽ ചാരി ഞാൻ നിന്നു.
പക്ഷെ കയ്യിൽ വെച്ച് കൊഞ്ചിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് ഗംഗയുടെ അടുത്തേക്ക് കിടത്തി. വസൂ തലക്ക് കൈ വെച്ച് ഉടനെ പുറത്തേക്ക് പോയി.
“വാ മോളെ ദാ നിന്നെ കാത്തു നിക്കുവാ എല്ലാരും…”
വസുവിന്റെ കൈ പിടിയിൽ അകത്തേക്ക് വന്ന മീനുവിനെ കണ്ടതും എന്റെ ഉള്ളിൽ പൊങ്ങി വന്ന സന്തോഷത്തിന് അതിരില്ലായിരുന്നു…
കാത്തിരുന്ന ദിവസം തന്നെ കൈ വിട്ടു പോയ ഏറ്റവും പ്രിയപ്പെട്ട ഒന്ന് തിരികെ കിട്ടിയ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ എന്റെ മനസ്സ് പിടച്ചു.
വസൂ അവളെ വലിച്ചു അകത്തേക്ക് കൊണ്ട് വന്നു ഗംഗയുടെ മുന്നിൽ നിർത്തി.
ഹേമേടത്തി അപ്പോഴേക്കും അവളുടെ അടുത്തെത്തിയിരുന്നു.