നീതുവിന്റെ കയ്യിൽ ചുറ്റി മീനുവും വിളിച്ചെങ്കിലും നീതു ഞങ്ങളെ രണ്ടു പേരെയും പറഞ്ഞു വിട്ടു.
**********************************
ഉരുകി ഉരുകി ചിലപ്പോൾ ഞാൻ തീർന്നു പോവുമെന്നു തോന്നിപ്പോയി.
“ഗംഗയെ റൂമിലേക്ക് മാറ്റുവാണേ…”
ഒരു സിസ്റ്റർ വന്നു പറഞ്ഞു. അത് കേട്ടതും ഹേമേടത്തി റൂമിലേക്ക് ഒരുക്കാനായി പോയി. ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ദിവസം ആളിക്കത്തുന്ന മനസ്സുമായി വെണ്ണീറാവാനാണ് എന്റെ വിധി എന്നാലോചിച്ചപ്പോൾ വീണ്ടും കണ്ണീരു ഒഴുകാൻ തുടങ്ങി.
ഇടയ്ക്ക് പുറത്തേക്ക് വസുവിനെ നോക്കി ഞാൻ ചെന്നു.
വിളിച്ചിട്ട് എടുക്കുന്നില്ല. ഇവൾക്കൊന്നു എടുത്താൽ എന്താ…
അല്ലെങ്കിൽ വേണ്ട അത്ര നേരമെങ്കിലും മനസ്സിന് ഒരു മിഥ്യ പ്രതീക്ഷ ഇരിക്കട്ടെ….
തളർന്നു പോവാതെ എന്നെ പിടിച്ചു നിർത്തണേ എന്ന പ്രാർത്ഥന ഉള്ളിൽ ഉരുവിട്ടുകൊണ്ട് ഞാൻ നിന്നു.
“മോനെ…..ഗംഗ മോളെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
മോനെന്താ ഇവിടെ നിക്കണേ…വാ.”
ഹേമേടത്തി വിളിച്ചപ്പോൾ ഞാൻ കണ്ണ് തുടച്ചു മുഖത്ത് എന്റെ ഗംഗായ്ക്കായി ഒരു പുഞ്ചിരി പരത്തി റൂമിലേക്ക് നടന്നു.
“കുഞ്ഞുസെ നോക്ക് ആരാന്നു….”
എന്നെ കണ്ടതും നിലാവ് പോലെ വിടർന്ന ഗംഗ അവളുടെ അരികിൽ അവളോട് പറ്റിച്ചേർന്നു കിടന്നുറങ്ങുന്ന ആഹ് മാലാഘകുഞ്ഞിന്റെ കുഞ്ഞി വിരലിൽ അവളുടെ വിരൽ കൊണ്ടൊന്നു തഴുകി എന്നെ നോക്കി പറഞ്ഞപ്പോൾ എന്റെ സാന്നിധ്യം അറിഞ്ഞെന്നോണം എന്റെ കുഞ്ഞ് ഒന്ന് പതിയെ ചിണുങ്ങി ഒന്നൂടെ ഗംഗയിലേക്ക് ചെരിഞ്ഞു.
കണ്ണടച്ച് ഉറക്കം പിടിച്ചിരിക്കുവാണ് കുഞ്ഞി കുറുമ്പി.
പതിയെ വിരൽ തൊടുമ്പോഴേക്കും പിതുങ്ങുന്ന കുഞ്ഞിന്റെ കാലിൽ ഞാൻ തൊട്ടു.
“എടുക്ക് മോനെ ഒരച്ഛന്റെ അവകാശ കുഞ്ഞിനെ എടുത്തു നെഞ്ചോടു പിടിക്കുന്നത്.”
എന്നെ നോക്കി ചിരിച്ചുകൊണ്ട് ഗംഗയുടെ തല ഭാഗത്ത് ഇരുന്ന ഹേമേടത്തി പറഞ്ഞു.