എന്റെ ശബ്ദവും ഇടറി, കണ്ണീരവൾ കാണാതിരിക്കാൻ തിരിഞ്ഞു നിന്ന് കണ്ണ് തുടച്ചതും ഒരു കാറ്റുപോലെ മീനു എന്നെ പുറകിൽ വന്നു കെട്ടിപ്പിടിച്ചു ആർത്തലച്ചു കരയാൻ തുടങ്ങി.
“സോറി…..ഇച്ചേയി………..ഞാൻ…….അപ്പൊ എനിക്കൊന്നും ചിന്തിക്കാൻ പറ്റിയില്ല….ആഹ്ഹ്ഹ….”
കരഞ്ഞും പതം പറഞ്ഞും അവൾ ഒന്ന് അടങ്ങാൻ ഞാൻ നിന്നു.
അവൾ ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ തിരിഞ്ഞു അവളെ ഞാൻ എന്റെ കൈകളിൽ ഒതുക്കി.
“അവിടെ നിന്റെ ഗംഗ ചേച്ചി വാവയെ കാത്തിരിക്കുമ്പോൾ തന്നെ ഇതുപോലൊന്ന് തോന്നിയല്ലോടി എന്റെ പൊട്ടിക്കാളി മീനൂസെ….”
തുളുമ്പി നിന്ന അവളുടെ കണ്ണീര് തുടച്ചുകൊടുത്തു കവിളിലൊന്ന് പിച്ചിയപ്പോൾ മീനുവൊന്നു ഇളകി ചിരിച്ചു.
“നിക്ക് കാണണം ഇച്ചേയി ന്റെ ഗംഗേച്ചീടെ വാവേനെ…”
“അയ്യടി ഇപ്പോൾ പെണ്ണിന് കാണണം പോലും…..ആഹ് പൊട്ടിക്കാളിയോട് നീ ഒപ്പിച്ച മണ്ടത്തരോന്നും പറയേണ്ടെന്നു ഹരിയോട് പറഞ്ഞിട്ടാ ഞാൻ നിന്നേം നോക്കി പോന്നേ……അവളെങ്ങാനും ഇതറിഞ്ഞാലുണ്ടല്ലോ,
എന്റെ പോന്നുമോള് ചന്തീമ്മേലെ തോലും പൊട്ടി ഇവിടെ കിടന്നു ഓടും…”
ഹരിയെ കുറിച്ച് പറഞ്ഞപ്പോൾ മീനു ഒന്ന് ഞെട്ടിയിട്ട് തല താഴ്ത്തി നിന്നു.
“അയ്യേ ദേ നോക്കിയേ അവനെ എനിക്കറിയാം അവന്റെ കാര്യോർത്തു മീനുട്ടി കണ്ണൊലിപ്പിക്കണ്ട വാ നമ്മുക്ക് വേം പോവാം…ചെന്നിട്ടു ഗംഗയുടെ കാര്യം അറിയേണ്ടതാ…”
മീനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
പുറത്തു കാത്തു നിന്ന നീതുവിനെ ഞാൻ കെട്ടിപ്പിടിച്ചു. അവളുടെ കവിളിൽ ഒന്ന് തലോടി പിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ അവളുടെ കവിളിൽ കൊടുത്തു.
“നിന്നെ ഞാൻ കുമ്പിടുന്ന ദേവി ആയിട്ട എന്റെ മീനൂന്റെ അടുത്തെത്തിച്ചത്. ഇല്ലെങ്കിൽ ചിലപ്പോൾ എന്ത് ആകുമായിരുന്നു എന്ന് ചിന്തിച്ചിട്ട് എനിക്ക് നില്ക്കാൻ പോലും വയ്യ…
…….മോള് ഇപ്പോൾ വെറുതെ ഇരിക്കുവാണേൽ ഞങ്ങളുടെ ഒപ്പം വാ…”
“വേണ്ട വസൂ ചേച്ചി ഞാൻ നാളെ വന്നു കണ്ടോളാം…ഇപ്പോൾ നിങ്ങൾ ആകെ സന്തോഷത്തിൽ ആയിരിക്കുമ്പോൾ നിങ്ങളു മാത്രം മതി.”
“അതൊന്നും സാരമില്ല നീതു വാന്നെ..”