മനസ്സിൽ തെളിഞ്ഞു വന്നത് അങ്ങനെ ഒന്നായിരുന്നു.
കണ്ണീര് തുടച്ചു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഫോൺ കിടന്നു അടിക്കുന്നത് കണ്ടു.
നോക്കുമ്പോൾ നീതു ആയിരുന്നു.
നീതുവിന്റെ വിളി പതിവില്ലാത്തതാണ് ഇടയ്ക്ക് ഹോസ്പിറ്റലിൽ നിന്നും അവൾ നിർത്തി പോയിരുന്നതായി ഞാൻ അറിഞ്ഞിരുന്നു. അതിനു ശേഷം അവൾ ഇതുവരെ വിളിച്ചിട്ടില്ല…
മീനു തലയിൽ കിടന്നതുകൊണ്ട് എടുത്തില്ല വണ്ടി എടുത്തു കുറച്ചു മുൻപോട്ടു പോയതും വീണ്ടും വിളിക്കുന്നു,
“എന്താ നീതു ഞാൻ ഇപ്പോൾ വല്ലാത്ത ഒരവസ്ഥയിൽ ആഹ് പ്ലീസ് എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ….”
എടുത്ത വാക്കിനു പറഞ്ഞത് അതാണ്.
“ചേച്ചി………അത്.
..മീനാക്ഷി….അവൾ എന്റെ കൂടെ ഉണ്ട്.”
ഒരു നിശ്ശബ്ദതയ്ക്ക് ശേഷം നീതു പറഞ്ഞത് കേട്ടതും ഒരു നിമിഷം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
അടക്കാനാവാത്ത സന്തോഷത്തിൽ ഞാൻ വിതുമ്പി പോയിരുന്നു.
“നീതു അവൾക്ക്….മീനുവിന് കുഴപ്പൊന്നുമില്ലല്ലോ…”
ഇടറുന്ന ശബ്ദത്തിൽ അത്രയും എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.
“ഇല്ലേച്ചി….ഞങ്ങൾ ഇവിടെ ഞാൻ നിൽക്കുന്ന വീട്ടിലുണ്ട്.”
നീതുവും ഹോസ്പിറ്റലിലെ നഴ്‌സുമാരും നിൽക്കുന്ന ഒരു വാടക വീടാണ് അവൾ പറയുന്നത് എന്ന് എനിക്ക് മനസിലായി.
“ഞാൻ ഇപ്പോൾ എത്താം നീതു…അവളെ ഒന്ന് നോക്കിക്കോണേ…”
“ചേച്ചി ധൃതി പിടിക്കേണ്ട മീനാക്ഷിയെ ഞാൻ നോക്കിക്കോളാം.”
നീതു പറഞ്ഞത് കേട്ടതും വണ്ടി ഞാൻ തിരിച്ചു ആക്സിലേറ്റർ ചവിട്ടി.
**********************************
നീതു പറഞ്ഞ വീട്ടിൽ എത്തുമ്പോഴേക്കും അവൾ എന്നെയും കാത്ത് കോലായിൽ നിൽപ്പുണ്ടായിരുന്നു ഓടിട്ട ഒരു സാധാരണ വീട്.
ഞാൻ കാറിൽ നിന്നിറങ്ങിയതും അവളോടി എന്റെയടുത് വന്നു.
“അവൾ പേടിച്ചിരിക്കയാ… വഴക്കൊന്നും പറയല്ലേട്ടോ ചേച്ചി….”
അവളുടെ വാക്കിനു ഒന്ന് മൂളുക മാത്രമേ ഞാൻ ചെയ്തുള്ളൂ. മീനുവിനെ കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് ശ്വാസം തിരികെ കിട്ടിയിരുന്നു.
“നിനക്ക് അവളെ എവിടുന്നു കിട്ടി.”
“ഞാൻ ഇങ്ങോട്ടു വരുന്ന വഴിക്ക് റെയിൽവേ ക്രോസ്സ് കടക്കുമ്പോൾ പാളത്തിൽ ആരോ ഇരിക്കുന്നത് കണ്ടു, അടുത്തേക്ക് ചെന്ന് ഒന്ന് നോക്കിയതാ അപ്പോഴാ ഇവൾ കരഞ്ഞോണ്ടു ഇരിക്കുന്നത് കണ്ടത് പിന്നെ ഒത്തിരി ബലം പിടിച്ചിട്ട ഇങ്ങോട്ടു കൊണ്ട് വന്നത്.