ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവൾ ഒന്ന് കണ്ണടച്ച് പിടിച്ചു.
“ഗംഗ പുഷ് ചെയ്യ്……”
ഡോക്ടർ പറഞ്ഞത് കേട്ടതും ഗംഗ ഒച്ചയിട്ടു കരഞ്ഞു കൊണ്ട് വയറിൽ ബലം കൊടുത്തു.
അടച്ചു പിടിച്ച കണ്ണിനിടയിൽ നിന്നും നീർത്തുള്ളികൾ കവിളിൽ പടർന്നു.
ഗംഗയുടെ അലർച്ചയുടെ അന്ത്യത്തിൽ അവിടെ ഉയർന്നത് ഒരു കുഞ്ഞു കരച്ചിൽ ആയിരുന്നു.
പെണ്ണ് ദേവിയാകുന്ന നിമിഷം, തൊട്ടടുത്ത് നിന്ന് കണ്ട എനിക്ക് ആഹ് നിമിഷം അവളെ തൊഴാൻ തോന്നിപ്പോയി.
ആഹ് ഒരു കുഞ്ഞു കരച്ചിലിന് വേണ്ടി ഒരു യുഗം കാത്തിരുന്ന ഗംഗ അത് കേട്ട നിർവൃതിയിൽ തിരികെ ബെഡിലേക്ക് വീണു കിടന്നു കിതച്ചു.
ഒഴുകിയിറങ്ങിയ കണ്ണീരിനിടയിലൂടെ അമ്മയായ എന്റെ പെണ്ണിന്റെ ചിരി ഞാൻ കണ്ടു.
ഒന്ന് കുനിഞ്ഞു അവളുടെ മുടി മാടിയൊതുക്കി നെറ്റിയിൽ ചുംബിക്കുമ്പോൾ എല്ല് നുറുങ്ങുന്ന വേദന നിമിഷങ്ങൾക്ക് മുൻപ് അറിഞ്ഞ പെണ്ണ് എന്റെ കവിളിൽ തലോടി ഒന്നുമില്ലെന്ന് കണ്ണടച്ച് കാട്ടി.
“കൺഗ്രാറ്സ് ട്ടോ…..പെൺകുട്ടിയാ…”
ഞങ്ങളെ നോക്കി ഡോക്ടറുടെ കയ്യിൽ അപ്പോഴും കരഞ്ഞോണ്ടിരുന്ന ഞങ്ങളുടെ കുറുമ്പിയെ നോക്കി ഡോക്ടർ പറഞ്ഞു.
പൊക്കിൾ കൊടി കട്ട് ചെയ്ത് വാവയുടെ മുഖം ഒരു നിമിഷത്തേക്ക് എന്നെയും ഗംഗയെയും ഒന്ന് കാട്ടിയിട്ട് അവർ മറ്റൊരു നേഴ്സിന്റെ കയ്യിൽ കൊടുത്തു.
“കുറച്ചൂടെ ഒന്ന് വെയിറ്റ് ചെയ്യണോട്ടോ എന്നിട്ടു അമ്മയേം കുഞ്ഞിനേം കൂടി റൂമിലേക്ക് മാറ്റും…”
എന്റെ കയ്യിൽ അപ്പോഴും മുറുകെ പിടിച്ചിരുന്ന ഗംഗയുടെ നെറ്റിയിൽ ഒന്നൂടെ ചുംബിച്ചിട്ടു.
എന്നെ കൊണ്ട് വന്ന നഴ്‌സിന്റെ ഒപ്പം ഞാൻ പുറത്തേക്ക് നടന്നു.
പുറത്തേക്ക് ഇറങ്ങിയപ്പോൾ ടെൻഷൻ നിറഞ്ഞ മുഖവുമായി ഹേമേടത്തി അവിടെ നിൽപ്പുണ്ടായിരുന്നു.
“എന്തായി മോനെ ഗംഗമോള് പ്രസവിച്ചോ…”
എന്നെ കണ്ട നിമിഷം തന്നെ ഹേമേടത്തി ചോദിച്ചു.
“ഉം…..പെൺകുഞ്ഞാ രണ്ടു പേരും സുഗായിട്ടു ഇരിക്കുന്നു.
കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റുന്നു പറഞ്ഞു.”
“ന്റെ ദേവി….ഇപ്പോഴാ സമാധാനായത്…..ഒന്നും വരുത്തിലാലോ…ദേവി.”