എന്തായാലും തുഷാരയുടെ തുടക്കം കൊള്ളാം. എല്ലാവരുടെ മുന്നിലും അവൾ ഒന്ന് പേരെടുത്തു. കുട്ടൂസൻ എഴുന്നേറ്റ് കരയുന്നത് കേൾക്കാനുണ്ട്. മിക്കവാറും ചേച്ചി ഇപ്പൊ താഴേക്ക് വരും. പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതേ ഉള്ളു. ദേ ഇരങ്ങിവരുന്നു രണ്ടാളും. നേരെ അടുക്കളയിലേക്ക് വന്ന അവളും ഒന്ന് ഞെട്ടി…കുട്ടൂസൻ ഉറക്കച്ചടവിൽ എല്ലാവരെയും ഒന്ന് നോക്കിയശേഷം കണ്ണ് തിരുമ്മിക്കൊണ്ട് ചേച്ചിയുടെ ചുമലിൽ തലവച്ച് കിടന്നു.
ഞാൻ : ഇപ്പൊഴാണോടി എണീച്ച് വരുന്നത്…കുറച്ച് നേരത്തെ എണീറ്റ് ചായ ഒക്കെ ഇട്ടൂടെ നിനക്ക്
ചേച്ചി : മിണ്ടാതിരിയെടാ ചെറുക്കാ….
എന്നാലും എന്റെ തുഷാരേ….. നീ ഈ തണുപ്പത്ത് കുളിക്കുകയും ചെയ്തോ…
അമ്മ : അല്ല …. എല്ലാവരും നിന്നെപ്പോലെയാ…..
നീ കുട്ടൂസന് എന്തെങ്കിലും കൊടുക്കാൻ നോക്ക്… അവൻ ദേ കൈ വായിൽ ഇട്ടുതുടങ്ങി..
അച്ഛൻ : മോളെ നല്ല ചായ… ദാ ഗ്ലാസ്. (ചായ കുടിച്ചുകഴിഞ്ഞ് ഗ്ലാസ് തുഷാരയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. തുഷാര ചിരിച്ചുകൊണ്ട് അച്ഛന്റെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അവിടെ വച്ചു.)
ഞാൻ : ചുമ്മാ പറയുന്നതാടി……. മോഹനന് ഉഷ ഇടുന്ന ചായയേ പറ്റു… ഇത് നിന്നെ സുഖിപ്പിക്കാൻ പറയുന്നതാ.
ചേച്ചി : അത് ശരിയാടാ… ഇപ്പോഴും അമ്മ ചെയ്താലേ അച്ഛന് തൃപ്തി ആവൂ…
അച്ഛൻ : ഞാൻ പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു….. എന്റമ്മോ….
അമ്മ : മോള് രാവിലെ എഴുന്നേറ്റോ….. എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്. ഇവൻ ഒന്നും പറഞ്ഞുതന്നില്ലേ
തുഷാര : കുറച്ച് സമയമേ ആയുള്ളു അമ്മേ… ഞാൻ മിക്കപ്പോഴും രാവിലെ എണീക്കാറുണ്ട്.
ഞാൻ : കുറച്ച് സമയം… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.. അഞ്ചര ആവുമ്പോ എണീറ്റതാ.
അച്ഛൻ : എന്റെ മോളേ…. ഇവിടെ എല്ലാവരും 7 മാണി ആവും എണീക്കാൻ. മോളും ആ സമയത്ത് എണീറ്റാൽ മതി. ഇനി കുറച്ച് വൈകിയാലും കുഴപ്പമില്ല.
ചേച്ചി : തുഷാര എണീച്ചത് പോട്ടെ അച്ഛാ… ഇവൻ എന്തിനാ മണപ്പിച്ചോണ്ട് പുറകെത്തന്നെ കൂടിയത്
ഞാൻ : എടി അവൾ എന്റെ ഭാര്യ അല്ലെ…
പിന്നെ പുതിയ വീടല്ലേ , ഒറ്റയ്ക്ക് അങ്ങനെ വിടാൻ പറ്റുമോ.