ഇനി കഥയുടെ ഈ ഭാഗം ,അമ്മയുടെയും മകന്റെയും കാഴ്ചപ്പാടിലല്ല, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ എഴുതുകയാണ്. എല്ലാവരും വായിക്കുക. അഭിപ്രായം എഴുതുക.
പുഴവക്കിൽ നിന്നും രാഹുൽ മെല്ലെ വീട്ടിലേക്ക് നടന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ദീനമായ വിലാപവും നെഞ്ചു പൊള്ളിക്കുന്നെങ്കിലും കവിളിൽ ഏറ്റ പ്രഹരം …അത് മറക്കാൻ അവനു സാധിക്കുന്നില്ല. ഓർമ്മയായ ശേഷം അമ്മയുടെ അടി വാങ്ങുന്നത് ആദ്യമായാണ് .
പടികൾ കടന്ന് അവൻ ഹോളിലേക്ക് കയറി. വീട് മുഴുവൻ നിശ്ശബ്ദമാണ്. അമ്മയുടെ മുറിയുടെ വാതിൽ ചാരിയിട്ടുണ്ട്.മെല്ലെ വാതിലിൽ ചെവി ചേർത്തുവച്ചു. നേരിയ തേങ്ങൽ കേൾക്കുന്നുണ്ട്. അവൻ തിരികെ പൂമുഖത്തെ കസേരയിൽ വന്നിരുന്നു. താൻ വന്നു എന്നറിയിക്കാൻ ഒരു സിഗ്നൽ പോലെ ശക്തിയായി ഒന്നു ചുമച്ചു.
ശബ്ദം കേട്ട് വാതിൽ തുറന്ന് ഒരു കൊടുങ്കാറ്റുപോലെ അവൾ പുറത്തേക്ക് ഓടിവന്നു. രാവിലെ നടക്കാൻ പോയപ്പോൾ ധരിച്ചിരുന്ന ഡ്രസ്സിൽ തന്നെയാണ് ഇപ്പോഴും. അലങ്കോലമായി കിടക്കുന്ന മുടി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും. വിതുമ്പുന്ന ചുണ്ടുകൾ. അവൻ മുഖം തിരിച്ചു.
“മോനേ…”
തൊട്ടടുത്തുനിന്നുമാണ് ശബ്ദം.
മുഖമുയർത്തിയില്ല. തോളിൽ പതിയുന്ന അമ്മയുടെ കൈത്തലം.അവൻ ശക്തിയായി ആ കൈ തട്ടിയെറിഞ്ഞു.
“കണ്ണാ…”
ഒരു തേങ്ങലിന്റെ അകമ്പടിയോടെ ആ വിളി.
മനസ്സ് ഒന്നു പിടച്ചു. എങ്കിലും അലിഞ്ഞില്ല.
“വേണ്ട…എന്നെ ഇനി മേലിൽ അങ്ങനെ വിളിക്കരുത്…”
“എന്റെ പൊന്നുമോനെ .”
“ഇനി ഞാൻ നിങ്ങളെ ഒരുതരത്തിലും ഉപദ്രവിക്കാൻ വരുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെയും..”
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.
അവൻ ചാടിയെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ കയറിക്കിടന്നു. മനസ്സിൽ സങ്കടവും ദേഷ്യവും. ഒന്നു പൊട്ടിക്കരയാൻ തോന്നി.
എല്ലാം അവസാനിച്ചിരിക്കുന്നു. അമ്മയും താനുമായുള്ള ബന്ധം എല്ലാ പ്രകാരത്തിലും തകർന്നിരിക്കുന്നു. അവൻ ഓരോന്ന് ആലോചിച്ചു കിടന്നു.