ഇന്നലെ രാത്രി അടിച്ച സാധനത്തിന്റെ പിടുത്തം ഇപ്പോഴുമുണ്ട് തലയ്ക്ക്, എങ്കിലും ഇനി കിടന്നാൽ ഉറക്കം നടക്കില്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റിരുന്നു…. ഒരു ആവേശത്തിൽ എഴുന്നേറ്റെങ്കിലും കണ്ണ് പോലും ശരിക്കും തുറക്കാൻ പറ്റുന്നില്ല……. അയ്യോ…….. ഇന്നലെ ഇതിനുമാത്രം ഒക്കെ അടിച്ചോ?? ആ ഒന്നും കൃത്യമായിട്ട് ഓർമ്മ കിട്ടുന്നില്ല… എന്ത് ചെയ്യാനാ അങ്ങനെ തലയ്ക്ക് കൈയും കൊടുത്ത് കണ്ണടച്ചിരുന്നു…..
“””ഡാ……..മതി……. എഴുന്നേറ്റേ……. ഇനിയും വൈകിയാ ഏട്ടന്റെ വായിലിരിക്കുന്നത് മൊത്തം കേൾക്കേണ്ടി വരും….”””
അമ്മയുടെ ശബ്ദമാണ് എന്നെ ഇരുന്നുകൊണ്ടുള്ള മയക്കത്തിൽ നിന്ന് ഉണർത്തിയത്….. ഏട്ടൻ എന്ന് കേട്ടതും ഉറക്ക ക്ഷീണവും ഇന്നലെ അടിച്ചതിന്റെ കെട്ടും എല്ലാം കൂടി കെട്ടും ബാണ്ടവും തൂക്കി മുത്തിയൂർ കാട് വഴി ഓടി…..അമ്മ പറഞ്ഞത് പോലെ ഇനിയും വൈകിയാൽ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും, പിന്നെ ഇന്നലെ രാത്രി വന്ന കോലം ഏട്ടൻ കണ്ടിട്ടുണ്ടെങ്കിൽ പറയേം വേണ്ട…. ഈ കാശിയുടെ കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ആവും….
“””ഞാൻ ഇറങ്ങാ, ഇന്ന് പണിക്കാരുള്ളതാ …..ചായ ആ പെണ്ണ് എടുത്ത് തരും…… നീ അവളേം കൂട്ടി വന്ന മതി”””
“”മ്മ്…””
ഞാൻ വെറുതെ ഒന്ന് മൂളി
“””ഡാ വൈകാൻ നിൽക്കണ്ട… വേഗം അങ്ങോട്ട് പോര്””””
പോവുന്ന വഴിക്ക് തിണയിൽ തന്നെ അനങ്ങാതെ ഇരിക്കുന്ന എന്നെ നോക്കി പറഞ്ഞിട്ട് അമ്മ നടന്നകന്നു…