“മോളെ..തെറ്റാണു, ഞാൻ ചെയ്തത്, ചോദിക്കാതെ…മോൾടെ ഇഷ്ടം ..നോക്കാതെ” ദീപൻ വിതുമ്പാൻ തുടങ്ങിയപ്പോൾ ഭദ്ര ഏട്ടന്റെ മാറിൽ ചാഞ്ഞോണ്ട് പറഞ്ഞു.
“പ്ലീസ്..ഏട്ടാ….അവരോടു വരല്ലേന്നു പറ…”
ദീപന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഭദ്രയുടെ കവിളിൽ ഒറ്റി.
“മോൾക്ക്…ആരേലും ഇഷ്ടമാണോ….ഏട്ടൻ അറിയാതെ അങ്ങനെ എന്തേലും ഉണ്ടോ…പറ…” ദീപൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“ഏട്ടൻ…അതേക്കുറിച്ചു ഒന്നും ഇപ്പോ ചോദിക്കണ്ട..ഞാൻ പറയില്ല.”
ഭദ്ര ദീപന്റെ മാറിൽ നിന്നും വിട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
ദീപൻ ആശയകുഴപ്പത്തിൽ ആയി. അനന്തനെ പോലെ സുന്ദരനും ഡോക്ടറും ആയ ഒരാളെ വേണ്ടാന്നു വെയ്ക്കാൻ മാത്രം, ഒരിഷ്ടം ആരോടാണ് എന്റെ ഭദ്രയ്ക്ക്.
അന്ന് ദീപനു, സ്കൂട്ടറിൽ ക്ലിനിക്കിലേക്ക് കൊണ്ട് വിടുമ്പോ ഭദ്രയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല. നടക്കുമ്പോ ഭദ്ര ഏട്ടന്റെ മുഖത്തേക്ക് സാധാരണപോലെ ചിരിച്ചുകൊണ്ട്
ക്ലിനിക്കിലേക്ക് നടന്നു.
ജോലികൾക്കിടയിൽ ഭദ്രയെ അനന്തൻ ഒന്ന് സ്വകാര്യമായി വിളിച്ചുകൊണ്ട് പറഞ്ഞു. “അച്ഛനും അമ്മയ്ക്കും തന്നെ വലിയ ഇഷ്ടമായി. എന്നാലും കുടുംബത്തിലെ അമ്മാവന്മാർ കൂടെ ഉണ്ട്, അവർക്കൂടെ കാണാൻ ഞായറാഴ്ച ഞങ്ങൾ വരുന്നുണ്ട്.”
ഭദ്ര അതുകേട്ടതും, ദേഷ്യപെട്ടുകൊണ്ട് ചുറ്റും നോക്കി.
“ആരും എന്നെ കാണാൻ വരണ്ട, എനിക്കിഷ്ടമല്ല ഈ വിവാഹം, എന്നോട് ഒന്നും തോന്നരുത് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. അയാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളതാണ് എന്റെ ഈ കൊച്ചു ജീവിതം.”