“പേടിച്ചാണു ഞാനവിടെ നിന്നും ഇറങ്ങിയത്.. താങ്കൾ പോയിക്കാണുമെന്നു വിചാരിച്ചു. ”
“Its ok ദീപിക, എങ്കിലും എനിക്കു തന്നെയങ്ങനെ ഇറക്കി വിട്ടിട്ട് ഉടനേ പോണമെന്നൊന്നുമില്ലായിരുന്നു. അൽപ്പം കൂടി വെയ്റ്റ് ചെയ്തു. അതുമല്ല, ഞാൻ എല്ലാവരോടും വളരെ കരുതലുള്ള ആളാണെന്ന് താൻ തന്നെയല്ലേ എന്നെ അഭിനന്ദിച്ചത്.. അതു കൊണ്ടു കൂടി..”
അവൾ വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു..
“നന്ദി ക്രിഷ്..”
പിന്നെയാ ഓട്ടോ മറ്റൊരു ഹോട്ടൽ കണ്ടപ്പോൾ നിർത്തി. ഇത്തവണ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാ റിസപ്ഷനിലേക്കു പോയി. പക്ഷേ അപ്പോഴും ഫലം നെഗറ്റീവ് തന്നെയായിരുന്നു..
“ഇവിടത്തെ മിക്ക ഹോട്ടലുകളും ഇന്നു നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടാവും. നിങ്ങൾ നേരത്തേ തന്നെ ഇതൊക്കെ അന്വേഷിക്കേണ്ടതായിരുന്നു മിസ്റ്റർ. ഇന്നിനി വഡോദരയിൽ നിങ്ങൾക്ക് പ്രീ-ബുക്കിംഗ് ഇല്ലാതെ മുറികൾ ലഭിക്കാൻ വളരെ പ്രയാസമാണ്.”
ആ റിസപ്ഷനിസ്റ്റ് അഭിപ്രായപ്പെട്ടു.
“എനിക്കനയാളുടെ കരണം നോക്കിയൊന്നു പൊട്ടിക്കാൻ തോന്നിയതാ.. നമുക്കീ നഗരത്തിൽ റൂമുകളൊന്നും ലഭിക്കില്ലെന്ന് പറയാൻ അയാളാരാ??”
ഞങ്ങൾ ഓട്ടോയിൽ തിരിച്ചെത്തിയപ്പോൾ ഞാനവളോടു പറഞ്ഞു. അവൾ കൂട്ടിച്ചേർത്തു..
“മ്മ് എനിക്കും തോന്നി..”
ഞാൻ വാച്ചിലേക്ക് നോക്കി. സമയമപ്പോഴേക്കും 11:10 ആയിരുന്നു.. ഇനിയുമിങ്ങനെ പോയാൽ…
ഞങ്ങൾ പിന്നെ രണ്ട് ഹോട്ടലുകൾ കൂടി ചെക്ക് ചെയ്തെങ്കിലും അവിടെയും മുറികൾ ലഭ്യമല്ലായിരുന്നു.. ഒടുവിൽ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ, അത്ര നല്ലതല്ലെങ്കിലും തീർച്ചയായും മുറികൾ ലഭ്യമായേക്കാമെന്നുള്ള ഒരു ഹോട്ടലിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് ആ ഓട്ടോ ഡ്രൈവർ നിർദ്ദേശിച്ചു. ഞങ്ങളെ വേഗം അവിടേക്കു കൊണ്ടുപോകാൻ ഞാൻ ആവശ്യപ്പെട്ടു.
ഇരുപത് മിനിറ്റിനുള്ളിൽ ഞങ്ങൾ സ്ഥലത്തെത്തി. റിസെപ്ഷനിൽ ചോദിച്ചപ്പോൾ മുറികൾ ലഭ്യമായിരുന്നു. അവളുമതു കേട്ട് സന്തോഷിച്ചു. ഞാൻ രണ്ട് സിംഗിൾ റൂമുകൾ ബുക്ക് ചെയ്തു.
റിസപ്ഷനിലെ വൃദ്ധൻ ഒരു പയ്യന്റെ കയ്യോൾ താക്കോൽ കൊടുത്തിട്ട് ഞങ്ങളെ റൂമുകളിലേക്കു കൊണ്ടു പോകാൻ പറഞ്ഞു. എന്നാൽ മുകളിലേക്ക് പടികൾ കയറിത്തുടങ്ങിയപ്പോഴേക്കും എനിക്കു മനസ്സിലായി, അതൊരു നല്ല സ്ഥലമല്ലെന്ന്.. ശരിക്കും നിരാശാജനകമായിരുന്നു അവിടത്തെ അവസ്ഥ. തുരുമ്പെടുത്ത വാതിലുകളുള്ള മുറികൾ, വൃത്തിയില്ലാത്ത നാറുന്ന ബെഡ്‌ഷീറ്റുകൾ, പിന്നെ അവടവിടെയായി കുറേ ചിലന്തികളും പാറ്റകളും.. അവിടത്തെ ടോയ്‌ലറ്റ് ആണെങ്കിൽ വളരെക്കാലമായി വൃത്തിയാക്കിയിട്ടു പോലുമില്ലെന്നു തോന്നുന്നു..