തല പെരുക്കുന്നതുപോലെ തോന്നുന്നു. കവിളിൽ തൊട്ടുനോക്കി .നാലു വിരലുകളും നന്നായി പതിഞ്ഞിട്ടുണ്ട്. സങ്കടവും ദേഷ്യവും തോന്നി. നേരെ നടന്നു. പുഴവക്കിലെത്തി. പടവുകളിൽ കുറെ നേരം ഇരുന്നു. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. ഇന്ന് അമ്മ നടക്കുന്നത് പിന്നാലെ നടന്നു അമ്മയറിയതെ വീഡിയോ എടുക്കാമെന്ന് കരുതി പോക്കറ്റിൽ ഇട്ടതാണ്.
അതുകൊണ്ടുതന്നെ ബാറ്ററി ഫുൾ ചാർജ്ജ് ഉണ്ട്.
മൊബൈൽ പോക്കറ്റിൽ തിരികെയിട്ടു. പുഴയിലേക്കിറങ്ങി. കുറച്ചു വെള്ളം കോരി മുഖം കഴുകി. തണുത്ത വെള്ളം മുഖത്തു വീണപ്പോൾ കവിളിലെ പുകച്ചിലിന് നേരിയ ശമനമുണ്ടായി.പുഴയിൽ നിന്നും കയറി പടവുകൾക്ക് ഇടതുവശമുള്ള കുളിപ്പുരയിലേക്ക് കയറി. പകലിലും അതിന്റെയുള്ളിൽ ഇരുട്ടാണ്. വലതു വശത്തുള്ള കുളിപ്പുരയെ സ്ത്രീകൾ ഉപയോഗിക്കാറുള്ളൂ. അവിടെ നല്ല കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടും. കുളിപ്പുരയ്ക്കുള്ളിലെ കൽക്കെട്ടിൽ നീണ്ടു നിവർന്ന് കിടന്നു. പുഴയിൽ നിന്നുള്ള തണുത്ത കാറ്റിൽ കണ്പോളകൾ അടഞ്ഞു വന്നു. എത്രനേരം ആ കിടപ്പ് കിടന്നു എന്നറിയില്ല. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്.
“രേവൂട്ടീ കോളിങ്…”
കട്ട് ചെയ്തു. സമയം നോക്കി .പത്തുമണി കഴിഞ്ഞു.
വീണ്ടും നാലഞ്ചു തവണ റിംഗ് ചെയ്തു. അപ്പോഴൊക്കെ കട്ട് ചെയ്തിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
വിശക്കുന്നു. രാത്രിയിൽ കഴിച്ച ബിരിയാണിയുടെ പവർ ഒക്കെ എപ്പോഴേ പോയി. വിശപ്പടക്കാൻ എന്താണൊരു മാർഗ്ഗം. പടവുകൾ കയറി പുരയിടത്തിലേക്ക് നോക്കി. അൽപ്പം അകലെ വാഴത്തോട്ടത്തിൽ ഒരു മഞ്ഞനിറം. നേരെ അവിടേക്ക് നടന്നു. മറ്റു വാഴകൾക്കിടയിൽ ഒരു കുല നന്നായി പഴുത്തു നിൽക്കുന്നുണ്ട്. വാഴയിലയിൽ പിടിച്ചു വലിച്ചു. വാഴ ഒടിഞ്ഞു കുല കൈയെത്തുന്ന ഉയരത്തിലെത്തി.ഒരു പഴം ഉരിഞ്ഞെടുത്തു. പൂവൻ പഴമാണ്. നല്ല മധുരം. അഞ്ചാറു പഴങ്ങൾ ഉള്ളിൽ ചെന്നപ്പോഴേക്കും വിശപ്പ് മാറി.
വീണ്ടും കുളിപ്പുരയിലേക്ക് കയറി പഴയ സ്ഥാനത്ത് കിടന്നു.
ആരുടെയോ ശബ്ദം കേൾക്കുന്നുണ്ട്…
കാത് കൂർപ്പിച്ചു ശ്രദ്ധിച്ചു.
“മോനേ….. മോനേ….”
അതേ, അമ്മയുടെ ശബ്ദമാണ്. അത് അടുത്തടുത്ത് വരുന്നുണ്ട്…
ഞാൻ എഴുനേറ്റു ഒരു മൂലയിലെ ഇരുട്ടിൽ പതുങ്ങിയിരുന്നു. പടവുകളിലൂടെ താഴേക്കും പിന്നെ തിരിച്ചും ആ ശബ്ദം ഒരു തേങ്ങൽ പോലെ ഉയർന്നു നീങ്ങി.
പെട്ടെന്ന് കുളിപ്പുരയുടെ വാതിലിലൂടെ അമ്മയുടെ മുഖം ഉള്ളിലേക്ക് എത്തി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ..വിതുമ്പുന്ന ചുണ്ടുകൾ…
“മോനേ… ന്റെ പൊന്നുമോനേ… എവിടെയാ നീ. …”
ആ നിലവിളി കേട്ടപ്പോൾ ഇരുട്ടിൽ നിന്നും ഓടിയിറങ്ങി ചെല്ലാൻ മനസ്സു വെമ്പി. എങ്കിലും നിയന്ത്രിച്ചു. എന്നെ തല്ലിയില്ലേ… കുറെ സങ്കടപ്പെട്ടോളൂ…സാരമില്ല.
വാതിലിൽ നിന്നും ആ മുഖം മാഞ്ഞു.ഒരു തേങ്ങൽ പടവുകൾ കയറി അകന്നുപോയി.
സൂര്യൻ ഉച്ചിയിലെത്തി. മൊബൈൽ ഒന്നെടുത്ത് ഓൺ ചെയ്തു. അമ്മയുടെ മുപ്പതിൽ അധികം മിസ്ഡ് കോളുകൾ.
എന്തു വേണമെന്നറിയാതെ ഞാൻ അവിടെയിരുന്നു. പിന്നെ വീട്ടിലേക്ക് നടന്നു