ഓർക്കുമ്പോൾ ഉള്ള നെഞ്ചിടിപ്പാണ് അത്. ബാക്കി സാധനങ്ങൾ ഒക്കെ വാങ്ങി സ്വർണം എടുക്കുവാനായി ജ്വല്ലറിയിൽ പോകാം എന്ന് പറഞ്ഞ അച്ഛനെ ഞാൻ വിലക്കി. അത് മറ്റൊരു ദിവസം ഞാൻ വാങ്ങിക്കാം എന്ന ഉറപ്പിൽ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോയി. തുഷാരയുമായുള്ള ഫോൺ വിളികൾ വലുതായി ഇല്ലെങ്കിലും അത്യാവശ്യം ഉണ്ട്. രാത്രി കിടക്കാൻ നേരത്ത് എന്നും സംസാരിക്കാറുണ്ട്. എന്നാൽ ഇത്രയും ദിവസത്തിൽ ഒരിക്കൽപോലും അമ്മായിയോ ഷിൽനയോ എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ടും വിളിച്ചില്ല എന്ന് വേണം പറയാൻ.
_______/_______/________/_________
കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.. അമ്മായിയും ഷിൽനയും ഒരാഴ്ച മുന്നേ വീട്ടിൽ എത്തിയിട്ടുണ്ട്. തുഷാരയും അവരുടെ കൂടെയാണ് നാട്ടിൽ എത്തിയത്. എന്നെ വിളിക്കുന്നില്ലെങ്കിലും ഷിൽന കാര്യങ്ങൾ എല്ലാം തുഷാര വഴി അറിയുന്നുണ്ട്. നാളെ കാലത്ത് വിഷ്ണുവിനേയും കൂട്ടി താലി മാല വാങ്ങാൻ പോകാം എന്ന് പറഞ്ഞുവച്ചിട്ടുണ്ട്. അപ്പോഴാണ് അമ്മായിയുടെ വീട് വരെ പോകണം എന്ന് പറഞ്ഞ് അമ്മായിയുടെ ഫോൺ വന്നത്. എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി ഞാൻ ഉടൻ തന്നെ അവിടേക്ക് പോയി. മുറ്റത്ത് നിന്നുകൊണ്ട് ബെൽ അടിച്ചതും അമ്മായി വന്ന് വാതിൽ തുറന്നു. കയറാതെ അവിടെ തന്നെ നിന്ന എന്നെ അവർ നിർബന്ധിച്ച് അകത്ത് കയറ്റി ഇരുത്തി. ഷിൽന അവളുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും സംസാരിക്കാൻ പോയില്ല. ഉടനെ അമ്മായി റൂമിൽ പോയി കയ്യിൽ ഒരു പൊതിയുമായി വന്നു.
(കൈയ്യിലിരുന്ന പൊതി എനിക്കുനേരെ നീട്ടിക്കൊണ്ട് അമ്മായി പറഞ്ഞു )
: അമലൂട്ടാ….. ഇത് നിനക്കുള്ളത് ആണ്. നീ ഇത് വാങ്ങണം
ആ പൊതി വാങ്ങി തുറന്ന് നോക്കിയ ഞാൻ ഞെട്ടി.. അതിന് അകത്തുള്ള സാധനം കണ്ട ഉടനെ എന്റെ കൈകൾക്ക് ശക്തിയില്ലാതായി. കയ്യിൽ നിന്നും അത് താഴേക്ക് പതിച്ചു. നിലത്ത് വീണു കിടക്കുന്ന കടലാസ് പൊതിയിൽ നിന്നും ആയിരത്തിന്റെ നോട്ട് കെട്ടുകൾക്ക് മുകളിലായി ഞാൻ എന്റെ നിത്യയുടെ കഴുത്തിൽ അണിയിച്ച താലി മാല ചുരുണ്ടിരിക്കുന്നു. എന്റെ കണ്ണുകൾ അമ്പരപ്പോടെ അമ്മായിയെ നോക്കി സ്തബ്ധനായി നിന്നു. ഉടനെ അമ്മായി കുനിഞ്ഞ് നിന്ന് അവ എടുത്ത് വീണ്ടും എന്റെ കൈയ്യിൽ വച്ചു തന്നു.
: നീ ഇത് കൊണ്ടുപോണം. ഇത് നിന്റേത് ആണ്. നീ എനിക്ക് വേണ്ടി വാങ്ങിയ മാലയാണ് അത്. ഇനി ഇത് അണിയാൻ യോഗ്യത ഉള്ളത് തുഷാരയ്ക്ക് ആണ്. ഇത് വാങ്ങുമ്പോൾ തന്നെ ഞാൻ നിന്നോട് പറഞ്ഞിരുന്നു, നിന്റെ കല്യാണത്തിന് താലി മാല ഈ അമ്മായി തരുമെന്ന്.
പിന്നെ ഈ പൈസ നിനക്ക് തരാനായി രമേഷേട്ടൻ അയച്ചതാണ്.
: ഇത് ഞാൻ സ്വീകരിക്കില്ല. കാരണം ഇത് അണിയാൻ യോഗ്യത ഉള്ള ആൾ ഇവിടെ തന്നെ ഉണ്ട്. എന്റെ മനസിൽ അവർ മരിച്ചിട്ടില്ല. ഞാൻ മരിക്കുവോളംഎന്റെ മനസിൽ തന്നെ ഉണ്ടാവും.
ഈ പണവും എനിക്ക് വേണ്ട. കാരണം, പണം കൊടുത്താൽ കിട്ടാത്ത പലതും നിങ്ങൾ എനിക്ക് തന്നിട്ടുണ്ട്. അതിന്റെ മുന്നിൽ ഈ കടലാസ് തുണ്ടുകൾക്ക് വലിയ പ്രസക്തി ഇല്ല.