“നിന്ന് ചിരിക്കാതെ ചായ എടുക്കൂ നീതൂസ്സേ .. ഞാൻ ദേ ഇപ്പൊ കുളിച്ചു വരുമേ …”
കിച്ചുവിന് ലാപ്പ് ചാർജറിൽ ഇട്ട് കൊടുത്തിട്ട് ഉള്ള രൂപേഷിൻ്റെ കൊഞ്ചൽ വർത്തമാനം കേട്ടപ്പോഴാണ് പാൽ കൊണ്ടു വന്നിട്ടില്ല എന്ന കാര്യം നീതു ഓർത്തത്.
” അയ്യോ രൂപേഷ് ഏട്ടാ .. ഇന്ന് മുതൽ പാല് കൊണ്ടു വരണമെന്ന് ആ പയ്യനോട് വിളിച്ചു പറഞ്ഞായിരുന്നോ ?”
രൂപേഷ് ഊരിയെറിഞ്ഞ തൻ്റെ വസ്ത്രങ്ങൾ തിടുക്കത്തിൽ ധരിക്കുന്നതിന് ഇടയിൽ നീതു ചോദിച്ചു.
“ഇന്ന് വെളുപ്പിനെ നമ്മൾ ഇവിടെ എത്തും .. പാലു വേണം എന്ന് ഇന്നലെ വൈകിട്ട് തന്നെ ആ ചെറുക്കനെ വിളിച്ചു ഞാൻ പറഞ്ഞിരുന്നല്ലോ ”
ബാത്റൂമിൽ നിന്നും രൂപേഷിൻ്റെ മറുപടിയെത്തി.
“ഇവിടെങ്ങും ഒരു ചെറുക്കനും പാൽ കൊണ്ട് വെച്ചിട്ടില്ല ..”
സിറ്റൗട്ടിൽ നിന്നും ഗേറ്റിലേക്ക് എത്തി നോക്കിയ ശേഷം അകത്തേക്ക് നോക്കി നീതു വിളിച്ചു പറഞ്ഞു.
അല്പം ദേഷ്യത്തോടെ ഉച്ചത്തിലാണ് അവൾ അത് വിളിച്ചു പറഞ്ഞത് എങ്കിലും ബാത്റൂമിൽ ആയിരുന്ന രൂപേഷ് അത് കേട്ടില്ല എന്ന് തോന്നുന്നു.
പെട്ടെന്നാണ് അപ്പുറത്തെ വീടിൻ്റെ മുറ്റത്തു നിന്നും ഒരു സ്ത്രീ തന്നെ നോക്കി ചിരിക്കുന്നത് നീതു കണ്ടത്. 50 വയസ്സിനു മുകളിൽ പ്രായം ഉണ്ട് , നര വീണ് തുടങ്ങിയ മുടികൾ നല്ല തടിച്ച ശരീര പ്രകൃതം. ഒരു ചുളിവ് വീണ പഴകിയ സാരി ആണ് ധരിച്ചിരിക്കുന്നത്. കണ്ടിട്ട് ഏതോ നാട്ടിൻപുറത്തുകാരി ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തിൽ തൻ്റെ അമ്മയുടെ ഒരു ഛായ ഉണ്ട്.
“ഹായ് ആൻ്റി …”
ഒരു ചെറു പുഞ്ചിരിയോടെ നീതു അവരെ നോക്കി കൈകൾ ഉയർത്തി പറഞ്ഞു.
നീതുവിനോട് സംസാരിക്കാൻ എന്നോണം ആ സ്ത്രീ മതിലിന് അടുത്തേക്ക് നടന്നു വന്നു. സിറ്റൗട്ടിൽ നിന്നും ഇറങ്ങി നീതുവും അവരുടെ അടുത്തേക്ക് ചെന്നു.
“എന്താ .. മോളുടെ പേര് ?”
പതിയെ മുത്ത് പൊഴിയുന്ന പോലെയാണ് അവരുടെ സംസാരം.
“നീതു … ആൻ്റി യുടെ പേര് എന്താ ..?”
“വിജയ ശ്രീ .. ഞങ്ങൾ ഇവിടുത്തെ പുതിയ താമസക്കാരാണ് … ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും എൻ്റെ ഭർത്താവും.. രാവിലെ അടുക്കളയുടെ ജനൽ തുറന്നു കിടന്നത് കണ്ടപ്പോൾ എനിക്ക് തോന്നി നിങ്ങള് വന്നിട്ടുണ്ടെന്ന്… ”
തുറന്നിട്ട ജനലിനെ പറ്റി കേട്ടപ്പോൾ ഒരു നിമിഷം നീതുവിൻ്റെ ചങ്ക് ഒന്ന് പിടിച്ചു.
‘ ഈശ്വരാ ഇവർ വല്ലതും കണ്ടു കാണുമോ ?’