ഒരു സ്വസ്ഥത തരില്ല അമ്മ.. എപ്പോഴും എന്തെങ്കിലും പണി തന്നുകൊണ്ടിരിക്കും.. രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പേ വിളിച്ചുണർത്തും..
ചേട്ടൻ കൂടെ ഉണ്ടാകുമ്പോൾ.. ആ തണുപ്പുള്ള പുലർകാലംആ കൈകൾക്കുള്ളിൽ ചുരുണ്ടു കൂടി കിടക്കാൻ കൊതിയുണ്ടെങ്കിലും അമ്മ അതിനൊന്നും സമ്മതിക്കാതെ എന്നെ വാതിലിൽ മുട്ടി വിളിക്കും..
എന്നാലും ചേട്ടൻ ഒന്നും പറയില്ല.. ഞാൻ ആ തള്ളയെ പ്രാകി കൊണ്ട് എഴുന്നേറ്റ് പോകും..
രാവിലെ ആദ്യം തന്നെ തൊഴുത്ത് അടിച്ചു വാരി വൃത്തിയാക്കി വെക്കണം.. പിന്നെ പശു വിനെ കറന്നു വരുമ്പോൾ സമയം ഏഴുമണി ആയിട്ടുണ്ടാവും..
അത് കഴിഞ്ഞു നേരെ പോയി കുളിക്കണം.. എന്നിട്ടേ അടുക്കളയിൽ കയറാൻ പറ്റു.. ആ തള്ള ആ സമയം വീണ്ടും ഉറങ്ങാൻ കിടന്നിട്ടുണ്ടാവും..
എന്നെങ്കിലും ഒരിക്കെ അറിയാതെ വീടിനുള്ളിലേക് കുളിക്കാതെ കയറിയാൽ തള്ളയത് എങ്ങിനെയെങ്കിലും മണത്തറിയും.. എന്നിട്ടെന്നെ എടുത്തിട്ട് ഓട്ടം തുള്ളൽ നടത്തിക്കും..
രാവിലത്തെ ചായയും കടിയും തയാറായാലുടനെ വരും, ആദ്യം തന്നെ എടുത്തു കുത്തി കയറ്റാൻ..
ആ രണ്ട് നില വീട് മുഴുവൻ എന്നും അടിച്ചു തുടക്കണം.. മുകളിലെ നിലയിൽ ആരും കിടക്കാനില്ലെങ്കിൽ പോലും അതിനൊരു മുടക്കവും ഉണ്ടായിട്ടില്ല.. ഒരു പൊടി പോലും കയറാത്ത സ്ഥലം തുടച്ചില്ലെങ്കിൽ തള്ള പോലീസ് നായയെ പോലെ മണം പിടിച്ചു വരും.. നടുവേദന എടുത്താൽ പോലും, ഒരു കൈ സഹായം ചെയ്തു തരില്ല, എന്തിനേറെ പറയുന്നു സ്വന്തം മകന്റെ കുഞ്ഞുങ്ങളെ പോലും ഒന്നു തലോലിക്കില്ല..
അദേഹത്തിന്റെ പെങ്ങളുടെ മക്കളെ അവരെ എടുത്തു കൊണ്ട് നടക്കുമ്പോൾ എന്റെ രണ്ടു മക്കളും എന്റെ മുഖത്തു നോക്കി കണ്ണ് നിറക്കും..
ഉച്ചക്ക് ചോറ് പച്ചക്കറി, മീൻ കറി, മീൻ പൊരിച്ചത്, ഒരു ഉപ്പേരി, പപ്പടം ഇതൊന്നും ഇല്ലാതെ ഒരുരുള ചോറ് ഇറക്കില്ല അമ്മ.. ഉച്ചക്ക് ഉണ്ടാക്കുന്ന കറിയോ മറ്റോ രാത്രിയിൽ ഉപയോഗിക്കില്ല.. രാത്രിയിൽ ഇത് പോലെ വീണ്ടും ഉണ്ടാക്കണം.. ചൂടുള്ള ചോറും കറിയും മാത്രമേ പറ്റു തള്ളക്ക്.. ചൂടാക്കി കൊടുക്കാൻ പറ്റില്ല, വീണ്ടും ഉണ്ടാകണം..
പെങ്ങൾ വന്നാൽ പിന്നെ അവൾ ഫോണെടുത്തു ഒരു ഇരുത്തം ആണ്, അയലത്തുള്ള ആളുകളുടെയും എന്റെയും കുറ്റം പറഞ്ഞു കൊണ്ട് അമ്മയും കൂടെ ഇരിക്കും…