“”വെറുതെ വിളിച്ചു മിനക്കെടണ്ട… അവൾ ഇനി കുറച്ചു നേരത്തെക്ക് കണ്ണ് തുറക്കില്ല….അതിനുള്ള മരുന്ന് അവളുടെ ദേഹത്ത് കുത്തി വച്ചിട്ടുണ്ട് ഞങ്ങൾ….””
പെട്ടന്ന് പുറകിൽ നിന്നും അപരിചിതമായ ശബ്ദം കേട്ട് ഞാൻ പതിയെ തിരിഞ്ഞു നോക്കി… ഒരു ഓഫ് വൈറ്റ് കളർ കുർത്തയും മുണ്ടും ധരിച്ചു നിന്നിരുന്ന ആറടിയോളം പൊക്കമുള്ള ആ മനുഷ്യനെ എനിക്ക് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല… പക്ഷെ എവിടെയോ കണ്ട് മറന്ന ഒരു ഓർമ്മ….
“”മനസ്സിലായില്ലേ എന്നെ….ഞാൻ ജോർജ്… മാളിയേക്കൽ ജോർജ്ജ്…… ഈ കിടക്കുന്നവൾ എന്നെപ്പറ്റി പറഞ്ഞിട്ടില്ലടാ നിന്നോട്…””
സെലിന്റെ അരികിലേക്കായി നീങ്ങി നിന്ന് കൊണ്ട് അയാൾ പറഞ്ഞു….ആളെ മനസ്സിലായതും നേരിയ അമർഷത്തോടെ ഞാൻ മുഖം തിരിച്ചു….
“”എന്താ ഇവൾ പറഞ്ഞിരിക്കുന്നെ എന്നെപ്പറ്റി….ഏഹ്….എന്തായാലും നല്ലതൊന്നും ആയിരിക്കില്ല… അതെനിക്കറിയാം…ഇവളുടെ തന്ത ഞാൻ ആണെന്നാണ് അവള്ടെ തള്ള പറയുന്നത്….പക്ഷേ ഉള്ളത് പറയാലോ….കള്ള് കുടിച്ച് ബോധമില്ലാതെ വന്ന് ഉപദ്രവിക്കുന്ന ഭർത്താവുള്ള ഒരു പാവം സാധു സ്ത്രീയെ സഹായിക്കാനെന്ന പേരിൽ കുറെ അവന്മാർ പണ്ട് കാലത്തും ഇപ്പൊഴും എന്റെ വീട്ടിൽ കയറി നിരങ്ങാറുണ്ട്….അങ്ങനെയുള്ള ഏതോ ഒരുത്തനിൽ തള്ള പിഴച്ചു പോയപ്പോൾ ഉണ്ടായതാണ് ഈ കിടക്കുന്നവൾ എന്നാണ് ഞാൻ ഇപ്പൊഴും വിശ്വസിക്കുന്നത്……””
മദ്യലഹരിയിൽ അത് പറയുമ്പോൾ അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു… പെട്ടന്ന് നില തെറ്റി വീഴാൻ പോയ ജോർജിനെ ജസ്റ്റിൻ ഓടി വന്ന് താങ്ങിപ്പിടിച്ചു…..
“”തന്തയും ചത്ത് മൂന്നാം പക്കം തള്ള വല്ലവന്റെയും ഒപ്പം പിഴയ്ക്കാൻ പോയപ്പോൾ ആരോരുമില്ലാത്തവനായി തീർന്നവനാ ഇവൻ… എന്റെ അടുത്ത് വരുമ്പോൾ ഇവൻ വെറും പയ്യനാ… പക്ഷെ… ഇന്ന് ഇവൻ എനിക്ക് എന്റെ എല്ലാമാണ്….. “”
ജസ്റ്റിന്റെ തോളിലൂടെ കൈയിട്ട് അവനെ ചേർത്ത് പിടിച്ചു കൊണ്ടാണ് അയാൾ അത് പറഞ്ഞത്…..
“”പണ്ട് മുതലേ ഇവന് സെലിന്റെ ദേഹത്ത് ഒരു കണ്ണുണ്ടായിരുന്നു….സംഗതി അറിഞ്ഞപ്പോൾ ഞാൻ ആദ്യം കരുതിയത് വല്ല ദിവ്യപ്രേമവും ആയിരിക്കുമെന്നാണ്… പക്ഷേ ചുമ്മാ പൂതി തീർത്ത് മൂടും തട്ടി പോണമെന്നേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….അതിനവൻ സകല അടവും പയറ്റി… ഒടുവിൽ ഇവൾ അങ്ങനെയൊന്നും വീഴില്ലന്ന് തോന്നിയത് കൊണ്ടാണ് കല്യാണലോചനയുമായി ഇവളുടെ തള്ളയുടെ അടുത്തേക്ക് ഇവൻ വന്നത്….അതും എന്റെ നിർദ്ദേശപ്രകാരം.. അല്ലേടാ മോനെ….???””
ജസ്റ്റിനെ നോക്കി കുഴഞ്ഞ ശബ്ദത്തോടെ സംസാരിക്കുമ്പോഴും അയാൾ നിലതെറ്റി വീഴാതെയിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു….ജസ്റ്റിൻ അയാളെ ഒന്ന് കൂടി മുറുക്കെപ്പിടിച്ചു കൊണ്ട് അവിടെ നിന്നിരുന്ന അവരുടെ രണ്ടാൾക്കാരെ അരികിലേക്ക് വിളിച്ച് ജോർജിനെ പിടിച്ച് നിർത്താൻ ആംഗ്യം കാണിച്ചു….അങ്ങനെ അയാളെ അവരെ ഏൽപ്പിച്ച് ജസ്റ്റിൻ എന്റെ അരികിലേക്ക് വന്നു……..