അങ്ങനെ ഓരോ ചിന്തകളും പേറിക്കൊണ്ട് ആദി ഇരുന്നു.
ടോണി ഡ്രെസ് ഇട്ട് കഴിഞ്ഞതും ആദിയുടെ തലക്കൽ ഉള്ള പ്ലഗിൽ കുത്തിയ ഫോൺ പൊടുന്നനെ ശബ്‌ദിച്ചു.
ആദി പിന്നിലേക്ക് ഞെരിഞ്ഞു മാറി പ്ലഗിൽ കുത്തിയ ചാർജറിൽ നിന്നും ആ ഫോൺ ഊരിയെടുത്തു.
ഫോണിന്റെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ സുന്ദരിയായ പെൺകുട്ടിയുടെ മുഖം ആദി ഒരു നിമിഷം കണ്ടു.
അതിനു താഴെ ഉള്ള എഴുത്തിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.
“ദൃശ്യ കാളിങ്”
“ആരാ മാഷേ അത്? ”
മുഖത്തു പൌഡർ വാരിപൂശിക്കൊണ്ട് കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി ആസ്വദിക്കുകയായിരുന്നു ടോണി.
അപ്പോഴാണ് അവൻ ഫോൺ ബെല്ലടിച്ച ശബ്ദം കേട്ടത്.
തിരിഞ്ഞു നോക്കാതെ അവൻ ആ ചോദ്യം ആദിയോട് ചോദിച്ചു.
“ദൃശ്യ ആണെടാ ഫോണിൽ ”
ആദി ഫോൺ കയ്യിൽ പിടിച്ചു അവനു നേരെ നീട്ടി.
മുഖത്തു പൌഡർ തേക്കുന്നത് മതിയാക്കി ടോണി അവന്റടുത്തേക്ക് വന്ന് ഫോൺ കയ്യിലേക്ക് വാങ്ങി.
അപ്പോഴേക്കും കാൾ കട്ട് ആയി പോയിരുന്നു.
ടോണി ധൃതിയിൽ ഫോണിൽ വിരലുകൊണ്ട് തോണ്ടി ചെവിയോട് ചേർത്തു പിടിച്ചു.
മറു വശത്തു ഫോൺ റിംഗ് ചെയ്യുന്നത് അവൻ ക്ഷമയോടെ കേട്ടിരുന്നു.
“ഏതാ ടോണി ആ പെൺകുട്ടി? ”
“ഡാ മാഷേ അതെന്റെ ന്യൂ ഗേൾ ഫ്രണ്ട് ആണ് പേര് ദൃശ്യ”
“ഹേയ് ചുമ്മാ കള്ളം പറയാതെ ”
വിശ്വാസം വരാതെ ആദി ശങ്കർ അവനെ നോക്കി.
“ഞാൻ എന്തിനാ കള്ളം പറയുന്നേ മിസ്റ്റർ… ഷി ഈസ് മൈ ന്യൂ ഗേൾ ഫ്രണ്ട് നൗ എ ഡേയ്‌സ്”
ടോണി കൂളായി പറഞ്ഞു.
“ഹേ ഇതെപ്പോ? ”
ആദിയുടെ മുഖത്തെ ഞെട്ടൽ കണ്ട് അവൻ ഊറി ചിരിച്ചു.
“ഞാൻ ഭയങ്കര ഫാസ്റ്റ് ആണ് എല്ലാത്തിനുമെന്നു നിനക്ക് അറിയാലോ… സോ നല്ലൊരു ആളെ കിട്ടി ഞാൻ കമ്മിറ്റഡ് ആയി”
“അപ്പൊ ആ പഴയ കുട്ടിയോ? നഴ്സ് ആയിട്ട് ജോലി ചെയ്യുന്ന…? ”
മടിച്ചു മടിച്ചു ആദി പയ്യെ ചോദിച്ചു.
അത് കേട്ടതും ടോണി ഒരു കൂസലുമില്ലാതെ ജെൽ തേച്ചു മിനുക്കിയ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു.
“ഓഹ് എനിക്ക് അവളിലുള്ള ഇന്റെർസ്റ് ഡേ ബൈ ഡേ ആയി കുറഞ്ഞോണ്ടിരിക്കുവാ… ഐ ആം ടോടല്ലി ബോർഡ് മാൻ… സോ ഞാൻ ഒരു ഡിസിഷൻ എടുത്തു”
“എന്ത് ഡിസിഷൻ? ”
ആദി സംശയത്തോടെ അവനെ നോക്കി.
“വി ആർ സെപ്പറേറ്റഡ്”
ടോണി പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ ആദി തരിച്ചിരുന്നു.
“എന്തിന്? ടോണി എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടേൽ നിങ്ങൾക്ക് പറഞ്ഞു തീർത്തൂടെ എത്ര നല്ല പെൺകുട്ടി ആയിരുന്നു അവൾ.. അങ്ങനൊരു കുട്ടിയെ കിട്ടാൻ പുണ്യം ചെയ്യണം.”