യുഗം 14 [Achilies]

Posted by

ഒന്ന് നടന്നു തുടങ്ങിയപ്പോൾ അവൾ കാണാതെ ചുണ്ടു മാത്രം അനക്കി അജയേട്ടനോട് ഞാൻ ചോദിച്ചതും. ബുൾസ് ഐ പോലെ അങ്ങേരുടെ കണ്ണ് തള്ളി.

“വേണ്ടടാ പൊന്നുമോനെ…..”

അപേക്ഷാ ഭാവത്തിൽ എന്നെ നോക്കി ചുണ്ടു കാണിച്ച അങ്ങേരെ കണ്ടപ്പോൾ കഷ്ടപ്പെട്ട് വന്ന ചിരി അടക്കി വസൂനേം ചേർത്ത് പിടിച്ചു വീട്ടിലേക്ക് കയറി.

അകത്തു ടേബിളിൽ എല്ലാം നിരത്തി വെച്ച് ഞങ്ങളെ കാത്തു എല്ലാരും ഉണ്ടായിരുന്നു.

“എവിടാർന്നെടാ….. ഇവിടെ വയറ്റിലുള്ള ഒരു കൊച്ചുള്ളതാ അതിനു നേരത്തിനും കാലത്തിനും ഒക്കെ കഴിക്കേണ്ടതാ. എവിടേലും പോയാൽ ആഹ് വഴിക്കാ………ഓഹ് ഉള്ളതും വന്നതും രണ്ടും പൊട്ടന്മാരായി പോയല്ലോ ദേവീ……”

ഉണ്ണാൻ വയറും തടകി ചെന്ന ഞങ്ങളെ രണ്ടിനേം ഇന്ദിരാമ്മ ഊശി ആക്കി കളഞ്ഞു. പിന്നെ എന്തേലും പറഞ്ഞാൽ ചിലപ്പോ കറി കോരി ഇടാൻ വെച്ച തവിക്കായിരിക്കും ഇനി കിട്ടുന്നത് എന്നറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ വന്നു പ്ലേറ്റ് നിവർത്തി വെച്ച് ഞങ്ങൾ ഇരുന്നു.
ഞങ്ങൾക്ക് കിട്ടുന്നത് കണ്ട് ചിരിയൊതുക്കാൻ പാടുപെട്ടു അവിടെ ഇരിപ്പുണ്ട് കുറുമ്പി.

“നിനക്ക് വെച്ചിട്ടുണ്ടെടി……”

ശബ്ദമില്ലാതെ ചുണ്ടനക്കി ഞാൻ പറഞ്ഞു.

“നീ പോടാ….”
തിരിച്ചും അതെ വഴിക്ക് കിട്ടി.
പതിവില്ലാതെ മീനുവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ട് ഇന്ദിരാമ്മയുടെ വാശി ആണെന്ന് തോന്നുന്നു.
അവളെ വിടാതെ അടുത്തിരുത്തി തന്നോട് ചേർത്ത് പിടിച്ചിരിക്കുന്ന ഇന്ദിരാമ്മയെ കണ്ടപ്പോൾ മൂന്നാമത്തെ മോളായി ഏറ്റെടുത്ത് കഴിഞ്ഞുന്നു മനസ്സിലായി. അജയേട്ടനെ കണ്ടപ്പോൾ ആദ്യം എന്നെകണ്ടപ്പോളുണ്ടായ അതെ ഭയം അവളുടെ കണ്ണുകളിൽ നിഴലാടി.

“അയ്യേ അമ്മേടെ മോള് പേടിക്കണതെന്തിനാ….. അത് ഏട്ടൻ അല്ലെ…അമ്മ ഇല്ലേ ഒപ്പം…”

അവളെ ഒന്നൂടെ മുറുക്കെ പിടിച്ചു നെറ്റിയിലൊരുമ്മ കൂടി കൊടുത്തതോടെ മീനു കുറച്ചൊന്നു റിലാക്സ് ആയ പോലെ തോന്നി.
ഹേമേടത്തി അവിടെ ഇരുന്നു ഗംഗയെ തീറ്റിക്കുന്നുണ്ട്.
ഞങ്ങൾക്ക് വിളമ്പി തന്നു വസുവും കഴിച്ചു തുടങ്ങി എല്ലാവരും ഒരുമിച്ചൊരു മേശയ്ക്കു ചുറ്റും ഇരുന്നു കഴിക്കുമ്പോൾ അതിനു ചുറ്റും സന്തോഷം നിറയുന്നത് ഞാൻ അറിഞ്ഞു. മീനുവിന് വാരികൊടുത്തു ചുണ്ടിൽ പറ്റിയ വറ്റുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു വരുന്നത് കണ്ടപ്പോൾ അവൾക്കും ഒരു സാധാരണ ജീവിതത്തിലേക്കുള്ള ദൂരം കുറയുന്ന പോലെയാണ് എനിക്ക് തോന്നിയത്.
അന്ന് മീനുവിനെ റൂമിൽ ഇരുത്തിയതെ ഇല്ല ഇന്ദിരാമ്മ ഒപ്പം കൂട്ടി ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കുന്ന പോലെ വീട്ടിലെ എല്ലാ ഇടത്തും കൊണ്ട് നടന്നു അവസാനം നടുമുറ്റത്തെ ഇടനാഴിയിൽ മടിയിൽ ഗംഗയെയും മീനുവിനെയും തല വെപ്പിച്ചു കിടത്തി.
തൂണിൽ ചാരി ഇരുന്ന എന്റെ മടിയിൽ അപ്പോഴേക്കും വസൂ വന്നു ചാഞ്ഞു, ഒപ്പം കാലു കേറ്റി അജയേട്ടന്റെ
മേത്തും വെച്ചു. മേത്തു വന്നു വീണ കാലെടുത്തു വലിച്ചെറിയാൻ പോയ അങ്ങേരെ നോക്കി വസൂ കലിപ്പിച്ചു നോക്കി എന്നിട്ടു സിഗരറ്റിന്റെ കാര്യം അക്ഷനിലൂടെ കാട്ടി ഇന്ദിരാമ്മയെ നോക്കിയതും. അജയേട്ടൻ നോർമൽ ആയി കാലെടുത്തു മസ്സാജ് ചെയ്ത് കൊടുത്തു തുടങ്ങി. അതോടെ വസൂ അടക്കി പിടിച്ച ചിരിയോടെ എന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *