ചോദിച്ചില്ല…..ചോദിക്കില്ല….പാവം. ഇതൊക്കെ ഒന്നൊതുങ്ങീട്ടു പോയൊന്നു കാണണം….”
ഒരു ശ്വാസവും വിട്ടു കുളത്തിലേക്കും നോക്കി ഇരിക്കുന്ന അജയേട്ടനെ നോക്കി ഞാനും പതിഞ്ഞൊന്നു മൂളി.
“അവന്റെ പേരെന്താ അജയേട്ടാ…..”
“രാഹുൽ……”
“ഹ്മ്മ്…”
“നമ്മുക്ക് എറങ്ങാട നേരം കുറച്ചായില്ലേ അവളുമാരു തപ്പി വരും മുൻപ് ചെല്ലാം നീ ഇതൊക്കെ ഇരുന്നിടത്തു തന്നെ കേറ്റിക്കോ.”
അങ്ങേരതും പറഞ്ഞു പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, എനിക്ക് പിന്നിതൊക്കെ തെക്കേടത്തെ രാമൻകുട്ടിയെ പോലെ നിഷിദ്ധം ആണല്ലോ…….
സാധനം എല്ലാം അടുക്കി വെച്ച് ഞാനും ഇറങ്ങി ഒളിച്ചും പാത്തും. അവളുമാരോ അമ്മയോ വരുന്നുണ്ടോന്നു നോക്കിയാണ് ഇപ്പറയുന്ന പുലി ഒരു സിഗരറ്റ് വലിക്കുന്നത്.
ഞാൻ ചെന്നതും ആഞ്ഞു രണ്ട് വലി കൂടെ വലിച്ചു അങ്ങേരത് കളഞ്ഞു എന്നിട്ടു നെറുകയിൽ കേറിയ പോലെ കുത്തി രണ്ട് ചുമയും ചുമച്ചു.
“ഇത്രേം മെനക്കെട്ടു ഇതെന്തു കോപ്പുണ്ടാക്കാനാ പിന്നെ വലിച്ചു കേറ്റുന്നെ.”
ചുവന്നു കണ്ണും തള്ളി നിന്ന് ചുമക്കുന്ന അജയേട്ടനെ നോക്കി ഞാൻ ചോദിച്ചു.
“ആഹ്…..”
ചുമയടക്കി എന്നെ നോക്കി ഇളിച്ചോണ്ട് അങ്ങേരു കൈ മലർത്തി പിന്നെ നടന്നു തുടങ്ങി.
“നിങ്ങളും മല്ലീമായിട്ടു എന്താ പ്രെശ്നം….”
“എന്ത് പ്രശ്നം…?”
അങ്ങേരൊന്നു കിടന്നു ഉരുണ്ട് കളിക്കാൻ നോക്കിയതും ഞാൻ പിടിച്ചു.
“ദേ ഞാനും ചോറ് തന്നെയാ തിന്നണെ….”
“ഓഹ് അവൾക്കിപ്പൊ എന്നെ കെട്ടിക്കണം ഞാൻ വെറുതെ ജീവിതം കളയുവാണെന്നു.
അപ്പൊ ഞാൻ പറഞ്ഞു അത്ര നിർബന്ധോണെങ്കിൽ ഞാൻ അവളെ കെട്ടിക്കോളാന്ന് അപ്പൊ അവൾക്ക് അതും പറ്റില്ല.”
അങ്ങേര് പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി.
“ഏട്ടൻ കാര്യായിട്ടാണോ……?”
എന്റെ ചോദ്യം കേട്ട് അങ്ങേരെന്നെ ഒന്ന് തറപ്പിച്ചു നോക്കി.
“എന്നോട് പറഞ്ഞതിരിക്കട്ടെ വീട്ടിൽ രണ്ടെണ്ണം നടപ്പില്ലേ പെങ്ങന്മാരെന്നും പറഞ്ഞു, അതുങ്ങളോടൊന്നും പോയി വിളമ്പാൻ നിക്കണ്ട….ഇതെങ്ങാനുമാണ് മനസിലിരിപ്പ് എന്നറിഞ്ഞാൽ പിന്നെ മൂന്നാർ ഏട്ടന് കണികാണാൻ പോലും കിട്ടില്ല.”
“ഓഹ് പിന്നെ നിനക്ക് അവളുമാരെ പേടിയാണെന്നു വെച്ച്,……..എല്ലാര്ക്കും അങ്ങനെ ഒന്നുമില്ല.”
“ഉവ്വ ഇതൊക്കെ കണ്ടാൽ മതി.”
കുളത്തിൽ നിന്നും തൊടിയിലേക്കിറങ്ങുമ്പോഴേക്കും ഞങ്ങളെ നോക്കി വരുന്ന വസുവിനെ കണ്ടു.
ഞങ്ങളെ കണ്ടതും നടത്തത്തിന്റെ സ്പീഡ് കൂട്ടി അടുത്തെത്തി.