ആഹാ ഇപ്പോൾ ഞാൻ ആരായി അല്ലേലും ഇയാളും ആഹ് പൊട്ടിക്കാളിയുമൊക്കെ എങ്ങനെ എന്ത് പറഞ്ഞാലും അവസാനം അതെന്റെ നെഞ്ചത്താവും. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല എന്തിനാ വെറുതെ ആകാശത്തൂടെ പോണ റോക്കറ്റ് കാശ് കൊടുത്തു വാങ്ങി എന്റെ കാലിന്റെടെലിട്ടു പൊട്ടിക്കണേ.
ഞാൻ അങ്ങേരു പാക്കറ്റ് പൊട്ടിക്കുന്നതും നോക്കി വായും മൂടി കെട്ടി ഇരുന്നു. അത്യാവശ്യം നല്ല രീതിയിൽ പൊതിഞ്ഞ ഒരു പാക്കേജ് ആയിരുന്നു. അതിൽ നിന്നും ഒരു പെട്ടി പുറത്തേക്കെടുത്തു ഒരു ബ്ലാക്ക് കളർ ബോക്സ്, bosch ഇന്റെ ഒക്കെ ടൂൾ വരുന്ന പോലെ പ്ലാസ്റ്റിക് ബോക്സ് ആയിരുന്നു അത്. പതിയെ അത് തുറന്നു എന്നെ കാണിച്ചു അതിൽ വീണ്ടും കുറച്ചു ബോക്സുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പരതിയ അജയേട്ടൻ അതിൽ നിന്നും ഒരു പൊതി എടുത്തു എന്നിട്ടു അത് പൊട്ടിച്ചു.
“ഇത് നീ ആവശ്യപ്പെട്ട സാധനം.”
ഒരു ഗോളാകൃതിയിൽ ഉള്ള ചില്ലു കുപ്പി എന്റെ കൈയിലേക്ക് തന്നു. അതിൽ തിളങ്ങുന്ന വെള്ളി നിറമുള്ള ദ്രാവകം ഇളകുന്നുണ്ടായിരുന്നു.
“ഡാ മെർക്കുറിയാ, അറിയാല്ലോ കുറച്ചു പ്രശ്നമാണ്, ഇത്തിരി കൂടിയ ന്യൂറോടോക്സിൻ, സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
ഗ്ലൗസും ഗ്ലാസും എന്ന് വേണ്ട എല്ലാ പ്രൊട്ടക്ഷനും എടുക്കണം.”
“ഞാൻ സൂക്ഷിച്ചോളാം അജയേട്ടാ…”
തിരികെ അത് അതിനുള്ളിൽ തന്നെ വെച്ചു. അതിനു ശേഷം ഒരു ചെറിയ പെട്ടി എടുത്ത് അതഴിച്ചു.
“ഇതാണ് മോനെ നിനക്ക് ഇനി വഴി കാട്ടാൻ പോവുന്നത്, എനിക്ക് കൂടെ നിന്ന് എല്ലാം ചെയ്യാൻ പറ്റിയില്ലെങ്കിലും എനിക്ക് പകരം ഇത് നിന്റെ വഴി തെളിച്ചു തരും.”
പൊതി അഴിച്ചു അതിൽ നിന്നും എടുത്ത സാധനം കണ്ട് ഞാൻ ഒന്ന് ഞെട്ടി.
“DMR ടിയെർ 3 മൊബൈൽ റേഡിയോ. പഴയ സിസ്റ്റം ഒക്കെ ഇപ്പൊ മാറ്റി ഇപ്പൊ ഇവനാ കൂടുതലും. ഇത് ഫ്രീക്യുവെൻസി ചാർട്, ഓരോ ഡിസ്ട്രിക്ട് കണ്ട്രോൾ റൂമിനും ഓരോ ഫ്രീക്യുവെൻസി ഉണ്ട് അത് ഈ ചാർട്ടിൽ ഉണ്ട് ഒപ്പിക്കാൻ കുറച്ചു പാടുപെട്ടു, എന്നാലും ഈയൊരാവശ്യത്തിനായത് കൊണ്ട് ഒന്നും നോക്കിയില്ല, ഇതിന്റെ മൈക്ക് ഞാൻ ഡിസേബിൾ ചെയ്തിട്ടുണ്ട്, അതോണ്ട് പേടിക്കണ്ട.”
“പക്ഷെ അജയേട്ടാ ഇതൊക്കെ……….”
“പൊന്നുമോനെ പിടിയെങ്ങാൻ വീണാൽ എത്ര കേസ് പിടലിക്ക് വീഴും എന്ന് മാത്രം ആലോചിച്ച മതി. ഡാ പക്ഷെ ഇത് നിനക്ക് ഏറ്റവും അത്യാവശ്യം വരുന്ന ഒന്നാണ് ഓരോ ഏരിയയിലെയും പോലീസ് പട്രോൾ എവിടെ ഉണ്ട്, ചെക്കിങ് എവിടെയൊക്കെ ഉണ്ടെന്നൊക്കെ അറിയണമെങ്കിൽ ഇത് വേണ്ടി വരും, അല്ലാണ്ട് നീ മഷിയിട്ടു നോക്കുവോ… പിന്നെ ഈ സാമാനം കാലാ കാലം നിന്റെ കയ്യിലിട്ടു അമ്മാനം ആടാനൊന്നും ഞാൻ സമ്മതിക്കില്ല പണി കഴിഞ്ഞ പിന്നെ ഞാൻ ഇതങ് തിരിച്ചെടുക്കും അല്ലേൽ മക്കൾക്ക് വേറെ വല്ല ബുദ്ധിമോശൊമൊക്കെ തോന്നും.”
അവിടെ ഇരുത്തി അങ്ങേരെന്നെ ഫ്രീക്യുവെൻസി സെറ്റ് ചെയ്യാൻ പഠിപ്പിച്ചു, അവിടുത്തെ കണ്ട്രോൾ റൂമിലെ മെസ്സേജുകൾ കിട്ടി തുടങ്ങി അപ്പോൾ അജയേട്ടൻ അവര് പറയുന്ന ഓരോ കോഡും അതിന്റെ മീനിങ്ങുമൊക്കെ എനിക്ക് പറഞ്ഞു തന്നു ആദ്യം കുറച്ചു തപ്പിയെങ്കിലും പിന്നീട് എനിക്കും ഇന്ററെസ്റ് ആയി തുടങ്ങി.
അങ്ങേരുടെ തെറിം കേട്ട് അത്യാവശ്യമൊക്കെ പടിച്ചെടുത്തു. പിന്നീട് ഇരുന്നു തല ചൊറിയുന്നത് കണ്ട അജയേട്ടൻ എന്നെ എന്താ എന്ന ഭാവത്തിൽ നോക്കി. പിന്നെ കാര്യം മനസ്സിലായ അജയേട്ടൻ ചിരിച്ചു.