ഒരാഴ്ചയ്ക്കപ്പുറം ഉണ്ടായിരുന്ന ഈ ദിവസത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിന് വേണ്ടി പറഞ്ഞതിനും രണ്ട് ദിവസം മുൻപ് ഞാൻ വീട്ടിൽ നിന്നിറങ്ങി. അജയേട്ടൻ പറഞ്ഞിടത്തു പോയി വാനും എടുത്ത് എനിക്കാവശ്യമുള്ള സാധങ്ങളെല്ലാം വാങ്ങി നേരെ അവനെ നരകം കാണിക്കാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് പോയി,
എന്തുകൊണ്ടും അവനെ എനിക്ക് വേണ്ട രീതിയിൽ കൊല്ലാകൊല ചെയ്യാൻ പറ്റിയ സ്ഥലമായിരുന്നു എന്റെ മനസ്സിൽ ആദ്യം തൊട്ടു ഉണ്ടായിരുന്നതും ഞാൻ തിരഞ്ഞെടുത്തതും. അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് ഒരു തപസ്സു പോലെ ഞാൻ അവിടം അവനു വേണ്ടി ഒരുക്കി.
ചിന്തകൾക്ക് മുറിവേറ്റത് അവനെ കണ്ടപ്പോഴാണ് എന്റെ മുമ്പിലൂടെ വെയിൽ വിരിച്ച വഴിയിലൂടെ എന്റെ ഇര നടന്നു പോവുന്നു.
അജയേട്ടൻ എനിക്ക് അന്ന് തന്ന രണ്ട് ഫോണിൽ നിന്നും ഒരെണ്ണം എടുത്ത് അങ്ങേരു കൊണ്ട് പോയ ഫോണിലേക്ക് ഞാൻ മിസ്ഡ് കാൾ അടിച്ചു. എല്ലാം തുടങ്ങി എന്നറിയിക്കാൻ ഇനി ഓരോ രണ്ടു മണിക്കൂറിലും ഓരോ മിസ്ഡ് കാൾ അങ്ങേർക്ക് വിടണം എല്ലാം പ്ലാൻ പോലെ പോവുന്നുണ്ട് എന്നറിയിക്കാൻ. അങ്ങേരുടെ ഫോൺ സയ്ലെന്റിലായിരിക്കും പക്ഷെ വൈബ്രേറ്റ് ചെയ്യും. കൃത്യമായ ഇന്റർവല്ലിൽ വിളി വന്നില്ലെങ്കിലോ അല്ലെങ്കിൽ ഇന്റർവെൽ തെറ്റി വിളി വന്നാലോ അതിനർത്ഥം പ്ലാനിലെന്തോ ഡീവീയേഷനോ പാളിച്ചയോ സംഭവിച്ചിട്ടുണ്ട് എന്നാണ്. അപ്പോൾ എന്നെ തിരിച്ചു വിളിക്കണം കിട്ടിയില്ലെങ്കിൽ എന്നെ എവിടെ കണ്ടെത്തണം എന്ന് അജയേട്ടനറിയാം.
കൺഫെർമേഷൻ കാൾ പോയതും ഞാൻ എഴുന്നേറ്റു നേരെ വാനുമെടുത് അവന്റെ പിറകിൽ വിട്ടു, ഇതിനകം വഴിയിലൂടെ പോയ ഒരു ഓട്ടോ കൈ കാട്ടി വിളിച്ച അവൻ അതിൽ കയറി യാത്ര തുടങ്ങി ഇരുന്നു. അവൻ ഓട്ടോ നിർത്തിയത് ഒരു ബാറിന് മുമ്പിൽ ആയിരുന്നു. ഞാൻ വാനിൽ നിന്നിറങ്ങാതെ ഒരു വശം ഒതുക്കി അവന്റെ വരവിന് കാത്തിരുന്നു. കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു…നിമിഷങ്ങൾ യുഗങ്ങൾ പോലെ എന്നെ കടന്നു പോയിക്കൊണ്ടിരുന്നു. ഒരു നിമിഷം അതിനകത്തു കയറി വലിച്ചു കൊണ്ടവനെ വാനിൽ കേറ്റാൻ പോലും ഞാൻ വെമ്പി. പക്ഷെ ക്ഷെമയുടെ നെല്ലിപലകയിൽ അവൻ ഇറങ്ങി പുറത്തു വന്നു, വേച്ചു പോകുന്ന കാലുകളുമായി ഇറങ്ങിയ അവൻ എന്റെ നാട്ടിലേക്കുള്ള ബസിനെ കൈ കാട്ടി നിർത്തി.
എന്തുകൊണ്ടും എന്റെ പ്ലാനിന് അവൻ വഴിയൊരുക്കും പോലെ തോന്നി, കാരണം സിറ്റിയിൽ നിന്ന് ഇവനെ വാനിലാക്കി കടത്തുന്നത് വലിയ അപകടമാണെന് എനിക്ക് തോന്നിയിരുന്നു, തിരക്കും പിന്നെ കുരിശുപോലെ പെട്ടിക്കടയിൽ വരെ സിസിടിവിയും, ഇപ്പോൾ എന്റെ നാട്ടിലേക്ക് അവൻ പോവുന്നത് ഇതുവരെ അവനു അവൻ പോലുമറിയാതെ സംരക്ഷണമൊരുക്കിയ നഗരത്തിന്റെ കാവൽ വലിച്ചെറിഞ്ഞിട്ടാണ്.
അവൻ ബസ് പിടിച്ചു അവനു പിറകെ വേട്ടയുടെ സുഖം ആസ്വദിച്ചു ഞാനും.
കൽപ്പാറയിൽ അവൻ ഇറങ്ങുന്നത് കണ്ട ഞാൻ വാൻ അവനു മുന്നിലേക്ക് ഓടിച്ചു പോയി. അവന്റെ ലക്‌ഷ്യം എന്താണെന്ന് എനിക്കറിയാമായിരുന്നു മീനാക്ഷിയുടെ വീട്. അവനു തൽക്കാലം തങ്ങാൻ അവൻ കണ്ടെത്തിയ സ്ഥലം.
വീടിനു അരക്കിലോമീറ്റർ മുൻപുള്ള ഇരുവശവും റബ്ബർ തോട്ടത്താൽ ഒറ്റപ്പെട്ട വഴിയിലൂടെ അവൻ വരുമെന്ന് ഞാൻ കണക്കു കൂട്ടിയിരുന്നു. തോട്ടത്തിനപ്പുറം വണ്ടി നിർത്തി തോട്ടത്തിന് കുറുകെ ഓടി അവനു വേണ്ടി ഞാൻ ഇരുട്ടിൽ പതുങ്ങി ഇരുന്നു. കയ്യിൽ ക്ലോറോഫോം എടുത്തിരുന്നു അതൊന്നു കൂടി ഉണ്ടെന്നു ഉറപ്പിച്ചു.