അല്പം കഴിഞ്ഞു ചിരിയോടെയാണ് വിജയ് സെല്ലിലേക്ക് എത്തിയത്.
“എന്താടാ അങ്ങോട്ട് പോയ പോലെ അല്ലല്ലോ…ആരാ വന്നത് അവന്മാരാണോ.”
“പിന്നെ അവന്മാർ കുറെ വരും. ഇത് ഞാൻ പറഞ്ഞിട്ടില്ലേ ഒരു വാസുകിയെ കുറിച്ചൊക്കെ ഇപ്പോൾ എന്റെ കെട്ടിയവളെന്നു പറയുന്ന ആഹ് ഭ്രാന്തി നിക്കുന്നത് ഒരു പെണ്ണിന്റെ കൂടെയാണെന്നു. അവരുടെ അവിടുന്ന് വന്ന വക്കീൽ ആഹ്.”
രാമേട്ടന്റെ മുഖം വലിഞ്ഞു മുറുകി പല്ലൊന്നു ഞെരിഞ്ഞു.
“എന്ത് പറ്റി ചേട്ടാ…”
“ഏയ് ഒന്നുമില്ല ഒരു കൊളുത്തി വലി വയറിൽ.”
മുഖം പരമാവധി അയച്ചു രാമേട്ടൻ ഒന്ന് നോർമൽ ആയി.
“ഓഹ്……അത്രേ ഉള്ളോ….ഇത് കേൾക്ക് മിക്കവാറും ഞാൻ ഇവിടുന്നു പോകും അതിനുള്ള ഒരു വഴിയാ അയാളിപ്പോൾ കൊണ്ട് വന്നത്.”
“എന്ത്.”
“മീനാക്ഷിക്ക് ഡിവോഴ്‌സ് വേണം പോലും. അവൾക്ക് ഭ്രാന്തായത് കൊണ്ട് എന്റെ ഭാഗത്തൂന്ന് ആയാൽ വേഗം കിട്ടുമെന്ന്….കിട്ടിക്കോട്ടെ എനിക്കൊന്നുമില്ല അവളെകൊണ്ടുള്ള ആവശ്യം എനിക്ക് എന്നെ കഴിഞ്ഞതാ…പക്ഷെ ഞാൻ ഡിവോഴ്സിന് പകരം എനിക്കൊരു പരോൾ വാങ്ങി തരാൻ പറ്റുമൊന്നു ചോദിച്ചു. അതയാൾ സമ്മതിച്ചു.ഹോ……..അങ്ങനെ ആണേൽ ഞാൻ ഇവിടുന്നു ഇറങ്ങും ചേട്ടാ…”
വിജയ് തനിക്ക് വേണ്ടി കാത്തിരിക്കുന്ന മരണത്തെ അറിയാതെ നിലവിട്ടു ചിരിച്ചു.
“നീ എന്നിട്ടു അവന്മാരുടെ അടുത്തേക്കാ പോണേ.”
ശബ്ദത്തിൽ ആകാംഷ തീരെ വരാതെ ശ്രെദ്ധിച്ചുകൊണ്ട് രമേട്ടൻ ചോദിച്ചു.
“പോണം പക്ഷെ ഇവിടുന്നിറങ്ങിയപാടെ നേരെ ചെന്ന് അവന്മാരുടെ മുമ്പിൽ ചെന്ന് നിന്നു കാശും കണക്കുമൊക്കെ ചോദിച്ചാൽ ചിലപ്പോൾ അവന്മാര് എന്നെ അങ്ങേ ലോകത്തേക്ക് വിടും…പാമ്പുകളാ ചേട്ടാ…സൂക്ഷിച്ചു വേണം അതോണ്ട് ഇവിടുന്നിറങ്ങി കുറച്ചു കാര്യങ്ങൾ നോക്കീട്ടുണ്ട് എന്നിട്ട് വേണം പോയി കാണാൻ.”
വിജയ് ആലോചിച്ചു കൊണ്ട് ഭിത്തിയിലേക്ക് ചാരി.
“പരോൾ സാംക്ഷൻ ആവാൻ എത്ര നാളെടുക്കും ചേട്ടാ..”
“അത് ഓരോ വാര്ഡന്മാരുടെ ഗുണം പോലെ ഇരിക്കും ഭാഗ്യം ഉണ്ടേൽ ഒരു രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വരുമായിരിക്കും.”
രാമേട്ടന്റെ വാക്കുകൾ കേട്ട് വീണ്ടും വിജയ് ചിന്തയിലാണ്ടു.
******************************************************************
“എവിടേക്കാ ചെക്കാ പോണേ…”
കുറച്ചു നാള് കൂടി ഒന്നു കൃഷി സ്ഥലത്തേക്ക് ഇറങ്ങാൻ തുടങ്ങിയതായിരുന്നു ഞാൻ, ഇപ്പോൾ കൃഷി ഒന്നുമില്ല…ഇത്രയും കാര്യങ്ങൾ തലയിൽ വെച്ചിട്ട് കൃഷി കൂടി നോക്കിയാൽ ശെരിയാകില്ല എന്ന് തോന്നിയിട്ടാണ്. എങ്കിലും ചുമ്മാ അവിടെ ഇടയ്ക്ക് പോയി കാറ്റും കൊണ്ട് മാടത്തിൽ ഇരിക്കും ഒന്ന് മനസ്സ് തണുപ്പിക്കാൻ വേണ്ടി. അത് പോലെ ഒന്നിറങ്ങിയപ്പോഴാണ് വിളി വന്നത് വേറാരും അല്ല ഗംഗയാണ്.
“ഒന്ന് മാടം വരെ ഈ സമയത്ത് നല്ല കാറ്റുണ്ടാവും.”