“എല്ലാവരും സുഗോയിട്ടു ഇരിക്കുന്നു രാമേട്ടാ…”
“അവരെ ഒന്ന് കാണാണോന്നുണ്ട് പക്ഷെ ഇപ്പൊ വേണ്ട ഗംഗകൊച്ചിന് ഇപ്പോൾ ദൂരയാത്രയ്ക്കൊന്നും വയ്യാത്ത സമയൊല്ലേ…….
നിന്റെ പൊടിക്കുപ്പി കൂടി വന്നു കഴിയുമ്പോൾ ഈ കിഴവനെ കൊണ്ടോന്നു കാണിച്ചാൽ മതി.”
ഒരു തുള്ളി കണ്ണീർ അങ്ങേരുടെ കവിൾ വഴി ഒഴുകി താടിയിൽ തട്ടി നിന്നു.
“എന്റെ കൊച്ചിന് പേരിടുന്നത് ഇവിടെ വച്ച് നിങ്ങളായിരിക്കും കിളവാ…..”
അങ്ങേരൊന്നു ചിരിച്ചിട്ടു കണ്ണ് തുടച്ചു. എവിടെയോ വിട്ടു പോന്ന ഗൗരവം വീണ്ടും മുഖത്തണിഞ്ഞു.
“ഡാ കൊല്ലുമ്പോൾ അതൊരിക്കലും ആസ്വദിക്കരുത്…ചെയ്യുന്നത് ഒരിക്കലും ചെയ്യാൻ പടില്ലാത്തതാണെങ്കിലും ഇവിടെ അത് ഏറ്റവും വലിയ ശെരിയാണ് പക്ഷെ ആസ്വദിച്ചാൽ അതിലെ ന്യായം താഴെപ്പോകും മനുഷ്യന് പകരം മൃഗം ആയിരിക്കും പിന്നെ ഉള്ളു വാഴുന്നത്………..ഞാൻ പറഞ്ഞത് മനസിലാവുന്നുണ്ടോ.”
“ഹ്മ്മ്….”
“എന്ന് വെച്ച് അവൻ വേദന അറിയാതെ സുഗമരണം പുല്കണം എന്ന് ഞാൻ പറയില്ല. ഉള്ളിൽ നീ ഒരു ജീവനെടുക്കുകയാണ് എന്ന തോന്നൽ നിനക്ക് ഉണ്ടാവണം,ട്ടോ….”
“അറിയാം രാമേട്ടാ….ഞാൻ മൃഗമാവില്ല.”
“അപ്പോൾ ആയിക്കോട്ടെടാ ഉവ്വേ ഇനി കാണുമ്പോൾ പറയാൻ നിനക്ക് സന്തോഷ വാർത്ത മാത്രം മതി.”
“പോയെക്കുവാ രാമേട്ടാ ഞാൻ വരാം.”
രമേട്ടനോട് യാത്ര പറഞ്ഞിറങ്ങിയപാടെ അജയേട്ടനെ വിളിച്ചു കാര്യം പറഞ്ഞു.
വക്കീലിന്റെ കാര്യം ഏറ്റുന്നും പറഞ്ഞതോടെ ആശാസമായി.
രാത്രി വൈകിയാണേലും വീട്ടിലെത്തുമ്പോൾ എന്നെ കാത്തു വഴിക്കണ്ണുമായി വസൂ കോലായിൽ തന്നെ ഉണ്ടായിരുന്നു.
“വസൂ ഉറങ്ങിയില്ലേ……”
“എനിക്ക് ഉറക്കം വരണ്ടേ…കിടന്നാലും നീ എത്താതെ എങ്ങനാ ഉറങ്ങണെ…ഒരു സമാധാനം കിട്ടണ്ടേ.”
വസൂനെയും തോളിൽ ചേർത്ത് പിടിച്ചു ഞാൻ അകത്തേക്ക് കയറി.
“അവളുറങ്ങിയോ…?”
“ഹ്മ്മ് നിന്നേം നോക്കി ഇരിപ്പായിരുന്നു.പിന്നെ പഴയപോലെ അല്ലല്ലോ അതോണ്ട് വഴക്കു പറഞ്ഞാ കിടത്തിയത്.”
“എല്ലാരും കഴിച്ചോ വസൂ….”
“ഹ്മ്മ്.”
പക്ഷെ ആഹ് മൂളലിന് ഒരു ആക്കം പോരായിരുന്നു.
“എങ്കിൽ കഴിക്കാൻ എന്തേലും എടുക്ക്.”
എന്നെ നോക്കിയ വസൂന്റെ രണ്ടു തോളിലും കൈ വച്ച് ഉന്തികൊണ്ട് അവളെ ഞാൻ അടുക്കളയിലേക്ക് കൊണ്ട് പോയി.
“നീ കഴിച്ചില്ലേടാ… അപ്പോൾ.”
“ഞാൻ കഴിച്ചു പക്ഷെ എന്നെ കാത്തിരുന്ന ആള് മര്യാദക്കൊന്നും കഴിച്ചു കാണില്ലെന്ന് എനിക്കറിഞ്ഞൂടെ….ഗംഗയ്ക്ക് വയറ്റിൽ വാവ ഉള്ളോണ്ട് ചന്തി തല്ലി പഴുപ്പിച്ചാണേലും നീ തീറ്റിക്കുമെന്ന് എനിക്കറിയാം. പക്ഷെ നിന്നെ തീറ്റിക്കണേൽ ഞാൻ വരണോല്ലോ….പോയി ചോറെടുക്കേടി തടിച്ചി.”