പ്രവർത്തികൾ തുടരാം എന്ന് കരുതിയ അവൾക്ക് തെറ്റി.ഒരു ഗേൾസ് സ്കൂളായിരുന്നു അത്.ഒരു മാറ്റം ഉടനെ വേണം.തന്നെയറിയാത്ത മറ്റൊരിടത്ത് തനിക്ക് കൈവിട്ടത് മുഴുവൻ തിരിച്ചുപിടിക്കണമെന്ന് അവളാഗ്രഹിച്ചു.അതവളുടെ വാശി തന്നെയായിരുന്നു.അതിന് മുന്നേ മാധവൻ തീരണം,അവളുറപ്പിച്ചു.
അസ്വസ്ഥതയോടെ തന്റെ നെഞ്ചിൽ കിടക്കുന്ന ചിത്രയോട് ചന്ദ്രചൂഡൻ കാരണം തിരക്കി.
“ചന്ദ്രേട്ടാ…….അവൾ സാഹില.അവൾ മറിഞ്ഞു.ഇപ്പോൾ മാധവന്റെ പക്ഷം ചേർന്നിരിക്കുന്നു.”ചിത്ര വിഷയം മാറ്റി
പക്ഷെ അതിലൊരു തീരുമാനം വേണ്ടതുമായിരുന്നു അവർക്ക്.
“ചിത്ര…….അവൾക്കിപ്പോൾ ആശ്രയം മാധവനാണ്.നമ്മുടെ ശത്രുക്കളുടെ നമ്പർ ഒന്നുകൂടി കൂടി.അത്ര തന്നെ.”
“നമ്മൾ ഭയക്കണം ചന്ദ്രേട്ടാ.ഇപ്പൊ അവൾ മാധവനൊരു ആയുധമാണ്.
അത് നമ്മൾ തന്നെ ഇട്ടുകൊടുക്കുകയും ചെയ്തു.”
“അവൾ മാധവനെ കണ്ടു, സംസാരിച്ചു.കൂർമ്മബുദ്ധിയുള്ള മാധവൻ അഭയവും കൊടുത്തു.
അയാൾ പലതും ചിന്തിച്ചുതുടങ്ങിയും കാണും.അവൾ പറയുന്ന ഓരോ വാക്കും നമ്മുടെ ശവപ്പെട്ടിയിലെ ആണികളാണ്.”അയാൾ പറഞ്ഞു.
“എന്താ ഇനിയൊരു മാർഗം?”ചിത്ര ചോദിച്ചു.
“കടുത്ത തീരുമാനങ്ങൾ പലതും വേണ്ടിവരും.എന്നാൽ അവളെ ഒഴിവാക്കുന്നതും സൂക്ഷിച്ചുവേണം.”
“ഒട്ടും വൈകിക്കൂട ചന്ദ്രേട്ടാ.വീണാൽ പിന്നെ പിടിച്ചുകയറുക ബുദ്ധിമുട്ടാവും.അതുണ്ടാവാതെ നോക്കണം.ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ ചന്ദ്രേട്ടന്.”
“മ്മ്മ്…….നമ്മുടെ പ്രശ്നങ്ങൾക്ക് മുഴുവൻ പരിഹാരമുണ്ട്.പക്ഷെ അതിന് എടുത്തുചാടിയതുകൊണ്ട് കാര്യമില്ല.തത്കാലം സേഫ് ആയി നിൽക്കാനുള്ള വഴി നോക്കണം. എന്നിട്ടാവാം പ്രഹരം.”ചന്ദ്രചൂഡൻ തന്റെ തീരുമാനം പറഞ്ഞു.
കിതപ്പടങ്ങിയ ചിത്ര ചന്ദ്രചൂഡനിൽ നിന്നകന്നതും അയാളെണീറ്റു.
അവളുടെ മണം ആ ദേഹത്തുനിന്ന് ഉയരുന്നുണ്ടായിരുന്നു.അയാൾ ബാത്‌റൂമിലേക്ക് കയറുമ്പോൾ പൂക്കൾക്കിടയിൽ സൂക്ഷിച്ച ക്യാമറ തന്റെ ബാഗിലാക്കാൻ അവൾ മറന്നില്ല.
*****
“നിനക്ക് ജീവിക്കണോ ഗോവിന്ദ്?”
എന്ന ചോദ്യമാണ് ഗോവിന്ദനെ പാർക്കിലെത്തിച്ചത്.കൃത്യമായി പതിനാലാം നമ്പർ ബെഞ്ചിൽ ഗോവിന്ദൻ ഇരിപ്പുറപ്പിച്ചു.അപ്പോഴും
ഗോവിന്ദൻ അസ്വസ്ഥനായിരുന്നു.
മനസ്സ് നിറയെ ചോദ്യങ്ങളും ആശങ്കകളും മാത്രം.
“കാത്തിരുന്നു മുഷിഞ്ഞോ ഗോവിന്ദ്”
ആ ചോദ്യമാണ് ഗോവിന്ദിനെ ഉണർത്തിയത്.അവരെക്കണ്ട് ഗോവിന്ദന്റെ കണ്ണ് മഞ്ഞളിച്ചു.
അത്രയും ലക്ഷണത്തികവുള്ള ഒരു
പെണ്ണായിരുന്നു അവർ.
“നിങ്ങൾ……….?”
“നമ്മൾ ഇതാദ്യമാണ്.എന്നെ അറിയില്ലെങ്കിലും നിങ്ങളെ നന്നായി എനിക്കറിയാം”
“ആരെന്നിപ്പോഴും പറഞ്ഞില്ല.എന്നെ എന്തിനെന്നും.”
“ജീവിക്കാനുള്ള നിന്റെ കൊതിയാണ് ഗോവിന്ദ് ആരെന്നുപോലുമറിയാതെ വെറും ഒറ്റ ഫോൺ കോളിന്റെ പേരിൽ നിന്നെയിവിടെയെത്തിച്ചത്.