എന്റെ വീടിന്റെ തൊട്ടു ചേർന്നിട്ടുള്ള സ്ഥലം തന്നെ ആണ് സരേഷിന്റെ വീട് എന്നതിനാൽ ഞങ്ങളുടെ വീടിനിടയ്ക്ക് മതിലോ വേലിയോ ഇല്ലായിരുന്നു. ആകെ ഉള്ളത് രണ്ട് സ്ഥലങ്ങളുടെയും ഇടയിൽ അതിർത്തി അറിയുവാൻ മൂന്ന് നാല് സ്ലാബിന്റെ കാലുകൾ ഇട്ടിട്ടുണ്ട് എന്നേയുള്ളൂ.. ഞങ്ങളുടെ വീട്ടുകാർ തമ്മിൽ നല്ല ബന്ധം ആണുള്ളത്. അതുകൊണ്ട് തന്നെ എന്റെ സ്വന്തം സഹോദരനെ പോലെ തന്നെ ആണ് ഞാൻ സരേഷിനെയും ശരത്തിനെയും കണ്ടിരുന്നത്. സഹോദരിയെ പോലെ ശാരികയെയും.. എന്നാൽ അതിനൊരു മാറ്റം ഉണ്ടായ സംഭവം ആണ് ഇനി പറയുന്നത്.
2020 ഏപ്രിൽ 2
ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ഒരാഴ്ച്ച കഴിഞ്ഞു. അതുകൊണ്ട് തന്നെ ജോലിക്കും ഞങ്ങൾ പോകാതെയായി. എന്റെ അമ്മയോട് ഒരാഴ്ച്ച ജോലിക്ക് വരണ്ടാന്നു മുതലാളി പറഞ്ഞിരുന്നു; അങ്ങനെ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും അമ്മ ജോലിക്ക് പോയി തുടങ്ങി. ബസ്സുകൾ ഇല്ലാത്തത് കൊണ്ട് കൂട്ടുകാരന്റെ ബൈക്കിൽ ഞാൻ അമ്മയെ കൊണ്ട് വിടുകയായിരുന്നു.
എന്നാൽ വരുന്നതും പോകുന്നതും ബുദ്ധിമുട്ട് ആകുമെന്നതും അമ്മയുടെ അനിയത്തിയുടെ വീട് കടയുടെ അരകിലോമീറ്റർ അടുത്തതാണെന്നതും കണക്കിലെടുത്ത് അമ്മ സരേഷിന്റെ അമ്മയോട് എനിക്കുള്ള ഭക്ഷണം കൊടുക്കാൻ പറ്റുമോന്ന് ചോദിച്ചിരുന്നു. അതിനെന്താ അവൻ ഞങ്ങളുടെയും മകൻ അല്ലേ എന്ന് സരേഷിന്റെ അമ്മ വളരെയധികം സന്തോഷത്തോടെ മറുപടി പറഞ്ഞു. പോകുമ്പോൾ അമ്മയെനിക്ക് മൂവായിരം രൂപ തന്നു ഇടയ്ക്ക് മീനോ പച്ചക്കറിയോ വാങ്ങി കൊടുക്കാനും പറഞ്ഞു. ഞാൻ കാശ് വാങ്ങി. അങ്ങനെ ഒന്നാം തീയ്യതി അമ്മ പോയി.
പാർവ്വതി ആണെങ്കിൽ ഹോസ്പിറ്റലിൽ ആയതു കൊണ്ട് വീട്ടിലേക്ക് വന്നതുമില്ല. പിന്നെ ഏറ്റവും കൂടുതൽ ജോലി കൊറോണ വന്നപ്പോൾ കൂടിയതും അവർക്കാണല്ലോ… കൊറോണയെ സൂക്ഷിക്കാൻ അവൾ ഫോൺ ചെയ്യുമ്പോളൊക്കെ ഞാനും അമ്മയും അവളോട് പറയാറുണ്ട്. അവൾ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട് എന്നൊക്കെ പറയും. അച്ഛനും ഗൾഫിലെ വിശേഷങ്ങൾ പറയുമ്പോൾ കൊറോണയെ ഒരിക്കലും ഒഴിവാക്കാറില്ല. ഒരുപാട് പേർക്ക് ജോലിക്ക് പോകാൻ പറ്റാതെ വരികയും ജോലി നഷ്ടപ്പെടുകയും എല്ലാം ഉണ്ടായിട്ടുണ്ടെന്ന് അച്ഛൻ പറയും. അച്ഛന് ഇത് വരെ ജോലിക്ക് പ്രശ്നം ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളും ഇടയ്ക്ക് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ നിന്നും മക്കൾ പഠിക്കട്ടെ എന്ന് കരുതിയിട്ടാണ് അത്.
അങ്ങനെ രണ്ടാം തീയ്യതി ഒരു വീടിന്റെ ടൈൽസ് വർക്ക് തീർക്കണം എന്ന് പറഞ്ഞു ഒരു കൂട്ടുകാരൻ വിളിച്ചു. ഞങ്ങൾ മുൻപ് ചെയ്ത് കൊടുത്തതാണ് അത്. ഫിനിഷിങ് മാത്രമേ ബാക്കി ഉള്ളൂ. അങ്ങനെ അന്ന് ഞങ്ങൾ പോയി അത് ചെയ്‌തു തീർത്തു കൊടുത്തു. ഒരാഴ്ച്ച പണിയില്ലാതെ ഇരുന്നതും അതിനു ശേഷം കാശ് കിട്ടിയപ്പോൾ സന്തോഷം ആയിരുന്നു ഞങ്ങൾക്ക്. ഇത്രയും ദിവസം ഞങ്ങൾ എന്ത് മാത്രം ബോറടിച്ചെന്നോ… ഒരാഴ്ച്ച സരേഷ് എന്റെ വീട്ടിൽ തന്നെ ആയിരുന്നു മിക്കപ്പോഴും.
അവന്റെ വീട്ടിൽ ടി. വി. ഇല്ല. അതുകൊണ്ട് എന്റെ വീട്ടിൽ വന്നു സിനിമയോ ചാനലുകളിലെ പ്രോഗ്രാമൊക്കെ കണ്ടിരിക്കും. ഇടയ്ക്ക് ശരത്തും ശാരികയും വരാറുണ്ട്. ശരത് കൂടുതൽ അവന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടിലാണ് പോകാറ്. വീട്ടിൽ തീരെ ഇരിക്കാറില്ല അവൻ. അഞ്ചു മിനിറ്റു കിട്ടിയാൽ ഉടനെ കൂട്ടുകാരോട് കൂടി അവൻ സമയം ചിലവഴിക്കും എന്ന് വേണം പറയാൻ. കൂട്ടുകാർ ആരും ഇല്ലെങ്കിലേ ഞങ്ങളുടെ വീട്ടിലേക്ക് വരികയുള്ളൂ.