” ഇവിടെ കൂടി നിൽക്കുന്ന നാട്ടുകാരൊക്കെ ഒന്ന് പിരിഞ്ഞ് പോയെ, ഇവിടുത്തെ കാര്യങ്ങൾ ഇനി ഞങ്ങൾ നോക്കി കൊളളാം”Ci ടോമി ഉറക്കെ വിളിച്ചു പറഞ്ഞതോടെ നാട്ടുകാരും പതിയെ ഓരോരോ അടക്കം പറച്ചിലുമായി പതിയെ സ്ഥലം വിട്ടു.
“ഗോപാലേട്ടാ അനുരാധയെയും കൊണ്ട് അകത്തേയ്ക്ക് വന്നെ
നമ്മുക്ക് ഇതൊന്നു സംസാരിച്ച് തീർക്കാനുണ്ട്” ടോമി അങ്കിൾ ഗാംഭീര്യത്തിൽ പറഞ്ഞതോടെ മടിച്ചു മടിച്ചാണെങ്കിലും ഗോപാലൻ അങ്കിൾ മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറി തൊട്ടു പിറകിൽ അനുവും. വീടിന്റെ ഉമ്മറത്ത് കേറിയ അനു അവിടെ ചാരുപടിയിൽ ഇരുന്ന എന്റെ അടുത്ത് വന്നിട്ട് ” എന്തേലും പറ്റിയോ ആദിയെന്ന് ” ചോദിച്ച് എന്റെ മുഖത്ത് രണ്ട് കൈയ്യും ചേർത്ത് പിടിച്ചു.
ഞാൻ ഒന്നുമില്ലെന്ന അർഥത്തിൽ ചുമൽ കുലുക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.
എന്റെ അടുത്ത് അനു വന്ന് നിൽക്കുന്നത് കണ്ട് ദേഷ്യം വന്ന ഗോപാൽ അങ്കിൾ അകത്ത് നിന്ന് പാഞ്ഞ് വന്ന് “ഇങ്ങട് വാടീ ” ന്ന് പറഞ്ഞ് ദേഷ്യത്തിൽ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അകത്തേയ്ക്കു കൊണ്ടു പോയി. പോകുന്ന പോക്കിൽ പുള്ളി എന്നെ കലിപ്പിൽ ഒന്ന് നോക്കിയാണ് പോയത്.
പുറത്ത് സിറ്റൗട്ടിൽ അമൃതിന്റെയും നിയാസിന്റെയും ഒപ്പം ഇരുന്നിരുന്ന എന്നെ അകത്തേയ്ക്ക് വിളിക്കാനായി വന്നത് അഞ്ജുവാണ് “നിങ്ങളെ മൂന്നാളെയും ടോമി അങ്കിൾ അകത്തേയ്ക്ക് വിളിക്കുന്നൂന്ന്” പറഞ്ഞിട്ട് അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി.
അകത്തെ സ്വീകരണ മുറിയിലെത്തിയ ഞാൻ കാണുന്നത് സ്വീകരണ മുറിയിലെ വലിയ സോഫയിൽ Ci ടോമിയും അച്ഛനും ഒരുമിച്ച് ഇരിക്കുന്നതാണ്. ഗോപാൽ അങ്കിൾ സിംഗിൾ സെറ്റിയിൽ മ്ലാനത നിറഞ്ഞ മുഖത്തോടെ ഇരുപ്പുണ്ട്. അനു ഗോപാൽ അങ്കിൾ ഇരിക്കുന്ന സെറ്റിയുടെ പിറകിൽ പേടിച്ചരണ്ട മുഖവുമായി നിൽപ്പുണ്ട്. അഞ്ജു അമ്മയുടെ കൈയിൽ പിടിച്ച് ആ റൂമിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
അകത്തേയ്ക്ക് എത്തിയ ഞങ്ങൾ 3 പേരും ആ റൂമിൽ സോഫയുടെ അടുത്ത് തന്നെ കിടപ്പുണ്ടായിരുന്ന ദിവാൻ കോട്ടിൽ അവർക്ക് അഭിമുഖമായി പോയി ഇരുന്നു.
ഞാൻ വന്ന് ഇരുന്നതോടെ Ci ടോമി പറഞ്ഞ് തുടങ്ങി.
“എന്നതായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. ഇനി 2 കുടുംബങ്ങളുടെയും സ്റ്റാന്റ് എന്താണ് ഈ വിഷയത്തിലെന്ന് പറ” പുള്ളി പറഞ്ഞ് നിറുത്തി.
അത്രേം നേരം സോഫയിൽ മുഖം കുനിച്ചിരുന്ന ഗോപാൽ അങ്കിൾ തലയുയർത്തിയിട്ട് ” ഞങ്ങൾക്ക് ഈ ബന്ധത്തിൽ താൽപര്യമില്ല, ഇവന് അതിനുള്ള പക്വതയൊന്നുമായിട്ടില്ല. പിന്നെ ഇവൻ അനൂനെക്കാളും 5 വയസ്സിന് ഇളയതുമാണ് അതോണ്ട് എന്ത് വന്നാലും ഞാൻ സമ്മതിക്കൂല” ഗോപാൽ അങ്കിൾ എന്റെ നേരെ നോക്കി കൊണ്ട് പറഞ്ഞു.
“ഗോപാലൻ ചേട്ടൻ അങ്ങനെ പറഞ്ഞാൽ എങ്ങനാ … ഇവര് രണ്ടാളും പ്രായപൂർത്തി ആയിട്ടാണ് റെജിസ്ട്രാർ മാര്യേജ് ചെയ്തത് അത് തടയാൻ നിയമമൊന്നുമില്ലാട്ടോ പിന്നെ പറഞ്ഞ പക്വതയുടെ കാര്യം അത് നോക്കാൻ നിയമത്തിൽ പറയുന്നുമില്ല. ചേട്ടൻ സമാധാനപരമായി ഒന്ന് ആലോചിച്ചിട്ട് തീരുമാനം പറയു”
ടോമി അങ്കിൾ സോഫയുടെ ചാര് ഭാഗത്ത് നിന്ന് നടു നിവർത്തിയിരുന്ന് പറഞ്ഞു.
“എനിക്കും ഗോപാലൻ പറഞ്ഞ അതേ അഭിപ്രായമാണ് ഉള്ളത്. ഇവനോടിപ്പോ പോയി കല്യാണം കഴിക്കാൻ ആരാ പറഞ്ഞത്? അഹമ്മതിയല്ലേ രണ്ടാളും കാണിച്ചത്?”
അച്ഛൻ ദേഷ്യത്തിൽ എന്റെ നേരെ നോക്കി കൊണ്ട് ശബ്ദമുയർത്തി പറഞ്ഞു.