ഒളിച്ചോട്ടം 2 💘
Olichottam Part 2 | Author-KAVIN P.S | Previous Part
ഞാനാദ്യമായി എഴുതിയ ഈ കഥയുടെ ആദ്യ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കു വെച്ച എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഈ കഥ ഞാൻ എഴുതാൻ കാരണക്കാരനായ എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദി പിന്നെ K K സൗഹൃദ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് കഥയുടെ രണ്ടാം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
കഥ വായിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു.
രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് ‘അഞ്ജൂ’ ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. “ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്” പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്.
എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്.
“എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു”.
എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു.
താഴെ നിന്ന് ഒരു ചില്ല് പൊട്ടുന്ന ശബ്ദവും “വീട്ടിൽ കേറി ഒളിച്ചിരിക്കാതെ ഇറങ്ങി വാടാ ചെറ്റേ” എന്ന് ആരോ ഉറക്ക പറയുന്നതും ഞാൻ മുകളിൽ ഇരുന്നു കേട്ടു. ഉടനെ ഞാൻ സ്റ്റെയർ ഇറങ്ങി ഓടി ഉമ്മറത്തേയ്ക്ക് ചെന്നു.
എന്റെ തൊട്ടു പിറകിലായി അഞ്ജുവും ഓടി വന്നു. ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മ കലങ്ങിയ കണ്ണുമായി വാതിലിൽ ചാരി നിൽപ്പുണ്ട്. അച്ഛൻ ഒരു തരം നിസ്സംഗ ഭാവത്തിൽ പുറത്തോട്ട് നോക്കി നിൽപ്പുണ്ട്. ഞാൻ ഉമ്മറത്തെത്തിയത് കണ്ടതോടെ കക്ഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു എന്നെയൊരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയ അച്ഛൻ പെട്ടെന്ന് ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു. അച്ഛൻ വീട്ടിൽ ഇടാറുള്ള ഒരു നീല ഷർട്ടും ഒരു ചുവന്ന ലുങ്കി മുണ്ടുമാണ് അപ്പോഴുള്ള വേഷം. വീടിന്റെ മുറ്റത്തേയ്ക്ക് നോക്കിയ ഞാൻ അവിടെ കൂടിയ ആൾകൂട്ടം കണ്ട് ഞെട്ടി. ഈ നാട്ടിലുള്ള സകല അവന്മാരും ഏതോ സർക്കസ് കാണാൻ കൂടിയ ലാഘവത്തിൽ ഉമ്മറത്ത് നിൽക്കുന്ന ഞങ്ങളെ തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്. അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ് അവൾ.