കുളിച്ചു ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നാൻസി അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തിൽ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം.
പല പ്രാവശ്യം കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ വന്നെങ്കിലും ടീച്ചർമാരുടെയും സിസ്റ്റർമ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ… ഞങ്ങൾ
എനിക്കും സ്റ്റീഫനുമിടയിൽ സ്നേഹവും പ്രണയവും അല്ലാതെ ഒരു ബന്ധനങ്ങളും ഇല്ല.
പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു …!
പൂക്കൾ, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ….
മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ആദ്യമായി ഇവിടെ….
ഒരു വർണ്ണപതംഗമായി മാറിയതു പോലെ….
എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്.
മധുവിധു രജനികൾ മതിവരുവോളം ആസ്വദിച്ചു.
പ്രഭാതത്തിൽ വിടരുന്ന പൂക്കളിൽ തേൻ നുകരാൻ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ…
ആ മന്മദരാത്രികൾ,
ഹൊ…
പഞ്ചേന്ദ്രിയങ്ങളെ ഉണർത്തിയ ആ രാത്രികൾ,
ഓർക്കുമ്പോൾ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ….
ഇവിടെ സ്റ്റീഫന്റെ കൂടെ കുറച്ച് ദിവസങ്ങൾക്കൂടി നിൽക്കാൻ പറ്റിയിരുന്നുവെങ്കിൽ…
നാൻസിയുടെ ചിന്തകൾ അങ്ങനെ പോയി. സന്ധ്യയുടെ ചായക്കൂട്ടുകൾ പതിയെ മാഞ്ഞുപോയിരുന്നു. ഇരുട്ടു കനം വച്ചു തുടങ്ങി.