” ഓക്കേ… അത് മതി… ”
” തറവാട്ടിലേക്ക് പോകാനാണെങ്കിൽ വല്ല ലോക്കല് വണ്ടിയെങ്ങാൻ എടുത്താൽ പോരെ… ഇത്രയും വിലകൂടിയ NS എന്തിനാടാ എടുത്തത്…? ”
രാഹുൽ ചോദിച്ചു.
” NS ഒക്കെ എടുത്തിട്ട് പറപ്പിക്കുന്നത് ഒരു ഗമയല്ലേ… ”
അഭി അഭിമാനത്തോടെ പറഞ്ഞു.
” കൈയിൽ അഞ്ചിന്റെ പൈസ ഇല്ലേലും ഗമ കാണിക്കുന്നതിന് അവന് ഒരു കുറവുമില്ല… ”
രാഹുൽ അവനെ കളിയാക്കി.
അവന്റെ വർത്തമാനം കേട്ട് അഭി ഇളിച്ചു കാണിച്ചു.
രാത്രി സുചിത്രയും കിച്ചുവും ഡൈനിങ് ടേബിളിലിരുന്ന് ചോറുണ്ണുകയാണ്.
സുചിത്ര എന്തൊക്കെയോ ചിന്തിച്ചുകൊണ്ടാണ് ചോറ് വരി വായിൽ വെക്കുന്നത്.
അമ്മ ഈ ലോകത്തൊന്നുമല്ലയെന്ന കിച്ചുവിന് മനസ്സിലായി. അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ചോറുണ്ണലിൽ മുഴുകി.
” എടാ കിച്ചു… നിന്റെ കൂട്ടുകാരിൽ നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരോടാ…? ”
സുചിത്ര ചോദിച്ചു.
എന്താ അമ്മയിപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം.
അവൻ അമ്മയുടെ മുഖത്തെക്ക് തന്നെ സംശയത്തോടെ നോക്കി.
” നീ ചോദിച്ചത്.. കേട്ടില്ലേ…? ”
ഇത്തവണ അവളല്പം ഉറക്കെ ശബ്ദത്തിലാണ് ചോദിച്ചത്.
” നവീൻ… ”
അവൻ മറുപടി നൽകി.
” നവീനോ…? ”
സുചിത്ര ആശ്ചര്യത്തോടെ ചോദിച്ചു.
അവൾ കേൾക്കാൻ ഉദ്ദേശിച്ച ഉത്തരമല്ല മകന്റെ നാവിൽ നിന്നും മൊഴിഞ്ഞത്.
” അതേ… നവീൻ…
കൂട്ടത്തിൽ അവനോടാ എനിക്ക് കൂടുതൽ ഇഷ്ടം… ”
ചോറുവാരി വായിലിട്ടുകൊണ്ട് പറഞ്ഞു.
” അഭിയോ…? അവനെങ്ങനാ… നല്ല സ്വഭാവക്കാരനല്ലേ…? ”
സുചിത്ര ചോദിച്ചു.
” അമ്മോ… എനിക്ക് അറിഞ്ഞൂടാ…
എനിക്ക് അവനെക്കാൾ ഇഷ്ടം നവീനെയാ… ”
” അതെന്താ…? ”
” ബാക്കിയുള്ളവരൊക്കെ… അത്ര നല്ല സ്വഭാവക്കാരല്ല… ”
” പിന്നെ…? ”
സുചിത്രയുടെ സംസാര ശൈലി മാറി തുടങ്ങി.
കൂട്ടുകാരുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച് അമ്മയോട് പറഞ്ഞാൽ പിന്നൊരിക്കലും അവരുടെയൊപ്പം തന്നെ കൂട്ടുകൂടാൻ വിടത്തില്ല എന്ന് അവന് തോന്നി.
” ബാക്കിയുള്ളവരൊക്കെ… വേഗം ചൂടാവുന്ന ടൈപ്പാ…
അതൊക്കെ വച്ചുനോക്കുമ്പോ നവീൻ കുറച്ചു കൂടെ ബേറ്ററാണ്… ”
അവനങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്തു ചെറിയ ആശ്വാസം പ്രകടമായി.
തന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്…?
അവൻ ആശ്ചര്യപ്പെട്ടു.