യുഗം 13 [Achilies]

Posted by

“അത് ഗംഗ മോൾക്ക് ഇറച്ചി വല്യ ഇഷ്ടാ, ഇപ്പോളാണേൽ ഇങ്ങനുള്ള കൊതിയൊക്കെ തോന്നുന്ന സമയാ അത് മോൾക്ക് വേണ്ടി ഞാൻ മാറ്റീത………എനിക്കിത് മതി ഞാൻ ഇതൊന്നും കൂടുതൽ കഴിക്കാറില്ലല്ലോ….”

അവരുടെ സ്നേഹത്തിൽ എന്റെ മനസ്സും നിറഞ്ഞു. എന്റെ പ്ലേറ്റിലെ കറി പകുതി വാരി അവരുടെ പ്ലേറ്റിലേക്കിടുമ്പോൾ തടയാനെന്നോണം എന്റെ കയ്യിൽ പിടിച്ചെങ്കിലും അത് കാര്യമാക്കാതെ അവരുടെ പ്ലേറ്റിൽ തന്നെ ഞാൻ ഇട്ടു.

“അങ്ങോട്ടു കഴിക്കെന്റെ ഹേമാമ്മെ……. മക്കൾ തരുമ്പോ ഇങ്ങനെ വേണ്ടാന്ന് പറയണതെന്തിനാ…..”

എന്റെ മറുപടി കേട്ടതും കണ്ണ് നിറച്ചു കൊണ്ട് അവർ എന്നെ ഉറ്റുനോക്കി ആഹ് കണ്ണുകളിൽ ഞാൻ ആഴക്കടലിനെക്കാളും സ്നേഹം കണ്ടു ഒപ്പം പ്രതീക്ഷയും.

“എന്താ ഈ പിള്ളേരെ പോലെ ചോറിലിട്ടു വിരലിളക്കി കൊണ്ടിരിക്കണേ.”

വീണ്ടും കഴിക്കാതെ വെറുതെ പ്ലേറ്റിൽ കയ്യോടിക്കുന്ന അവരെ നോക്കി ഞാൻ ചോദിച്ചു.
“ഇല്ല്യ മോനെ മനസ്സ് നിറഞ്ഞോണ്ടാണെന്നു തോന്നണു കഴിക്കാൻ പറ്റണില്ല……..ഇനി ഈ ജന്മത്തിൽ അമ്മെ എന്നുള്ള വിളി കേൾക്കാൻ കഴിയൂന്നു കരുതീതല്ല, മോൻ വിളിച്ചു കേട്ടപ്പോൾ സന്തോഷം കൊണ്ട്, എനിക്ക് ഒന്നും കഴിക്കാൻ പറ്റണില്ല…..”

വിതുമ്പി കൊണ്ടാണവർ അത് പറഞ്ഞു തീർത്തത്.
ഞാൻ എഴുന്നേറ്റ് അവരുടെ പ്ലേറ്റ് കയ്യിലെടുത്തു പിന്നെ ഓരോ ഉരുളയാക്കി അവരെ ഊട്ടി ഒരു മകനെ പോലെ, ഒരിക്കൽ എനിക്ക് കഴിയാതെ പോയ കാര്യം എന്റെ സ്വന്തം അമ്മയ്ക്കായി ചെയ്യാൻ കഴിയാതെ പോയത് ഇപ്പോൾ ഒരു പാപ പരിഹാരമെന്നോണം ഞാൻ ഇവിടെ ഹേമയ്ക്ക് ഊട്ടി കണ്ണിൽ നിറഞ്ഞൊഴുകുന്ന കണ്ണീർക്കണങ്ങളെ പുറം കൈകൊണ്ട് തുടച്ചു മാറ്റി ഹേമയും എന്റെ ഓരോ പിടിയും എന്നിൽ നിന്ന് വാങ്ങി കഴിച്ചു.
**********************************

ഉച്ചയ്ക്കത്തെ ഊണ് കഴിഞ്ഞു സോഫയിൽ ഇരിക്കുമ്പോഴാണ് പുറത്തു കാറ് വന്നു നിന്ന ശബ്ദവും ഒപ്പം കല പില നിറഞ്ഞ ശബ്ദവും ഉയർന്നു വന്നത്.
രാവിലെ പോയ മഹാറാണിമാരു തിരിച്ചെത്തിയെന്നു മനസ്സിലായി. പുറത്തുന്നു കേൾക്കുന്ന കല പിലയിൽ ഉയർന്നു നിന്നത് എന്റെ ഗംഗയുടേതാണെന്നു പിന്നെ പ്രത്യേകം പറയണ്ടല്ലോ.
ഹേമേട്ടത്തി അടുക്കളയിലായിരുന്നു, ഹാളിലേക്ക് കയറിയ വസുവിന്റെ രണ്ട് കയ്യിലും നിറയെ കവറുകളായിരുന്നു പിറകെ വന്ന ഗംഗയുടെ ഒരു കയ്യിൽ കുഞ്ഞിനെ പോലെ അള്ളിപ്പിടിച്ചു മീനുട്ടിയും ഉണ്ടായിരുന്നു.

“ഷോപ്പിംഗ് കൂടെ നടത്തീന്നു തോന്നുന്നു…..”

“പിന്നെ മീനൂട്ടിയെ വല്ലപ്പോഴുമല്ലേ പുറത്തു കൊണ്ട് പോണേ അതോണ്ട് ഒന്ന് കറങ്ങി അവൾക്കും ഹേമേട്ടത്തിക്കും ഡ്രെസ്സും വാങ്ങി പുറത്തൂന്നു ഫുഡും കഴിച്ചു.”

കവറെല്ലാം ടീപോയിലേക്ക് വച്ച് സോഫയിലേക്ക് ഇരുന്നു എന്റെ മേത്തോട്ടു ചാഞ്ഞ വസൂ ആണ് എന്നോടെല്ലാം പറഞ്ഞത്.
ഗംഗ അപ്പോഴേക്കും മീനുവിനെയും കൊണ്ട് എനിക്കെതിരെയുള്ള സോഫയിൽ ഇരുന്നിരുന്നു. ഗംഗയുടെ കൈയിൽ ചുറ്റി അവളോട് ചേർന്നിരുന്ന മീനു ഇടയ്ക്ക് എന്നെ അവളുടെ കായാമ്പൂ മിഴികളാൽ പാളി നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു മുഖം ഗംഗയുടെ തോളിലേക്കു പൂഴ്ത്തും.

Leave a Reply

Your email address will not be published. Required fields are marked *