“ഇന്ദിരാമ്മ വീഡിയോ കാൾ വന്നതാ, ഹരി….”
“ഓഹോ അപ്പോ പെണ്ണ് എന്റെ കുറ്റം മുഴുവൻ പറഞ്ഞു നിറച്ചു കാണുവല്ലോ…..”
“പിന്നെ അര മണിക്കൂറായിട്ടു അത് തന്നെയാ……നിനക്ക് ചായ വേണോ…”
ഇടയ്ക്ക് അകത്തേക്കും പിന്നെ എനിക്കിട്ടും നോക്കി തല ചൊറിഞ്ഞു തിടുക്കപ്പെട്ട് നിക്കുന്ന വസുവിനെ കണ്ട് എനിക്ക് ചിരിയാണ് വന്നത് പെണ്ണിന് ഇന്ദിരാമ്മയോട് സംസാരിക്കാൻ പോവാനുള്ള ധൃതിയാണ് ഞാൻ നിൽക്കുന്നോണ്ട് വിട്ടു പോവാൻ ഒരു മടിയും.
“പോയി കത്തി വെച്ചിട്ട് വാടോ….”
ഒന്നവളെ ചുറ്റിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ വിട്ടപ്പോൾ വസൂ വേഗം അകത്തേക്ക് പോയി, ഇന്ദിരാമ്മ ഇതുങ്ങളെ വിളിക്കുമ്പോ ഞാൻ കൂടെ നിക്കാറില്ല പെണ്ണുങ്ങള് വിശേഷം പറയുന്നിടത്തു ഞാൻ ഇരുന്നു ചൊറി കുത്തുന്നതെന്തിനാ.
ഗംഗയാണെൽ ഇന്ദിരാമ്മവിളിച്ചു കഴിഞ്ഞാൽ പിന്നെ ആരെയും വേണ്ട ചെവി തിന്നാൻ മിടുക്കി ആണല്ലോ സാരി മാറ്റി പൊങ്ങി വരുന്ന വയറു ഇന്ദിരാമ്മയ്ക്ക് കാട്ടിക്കൊടുക്കലാണ് പുതിയ ഹോബി. പിന്നെ എന്റെ കുറ്റവും അത് പറയാതെ പിന്നെ ഗംഗകൊച്ചിന് ഉറക്കം വരില്ല….ഏഴാം മാസം എന്തായാലും ഇന്ദിരാമ്മ എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഗംഗ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ദൈവത്തിനു മാത്രം അറിയാം.
ഫോണിലേക്ക് വന്ന കാൾ കണ്ടാണുഞാൻ പുറത്തേക്ക് വന്നത് അമ്മ അവിടെ പെണ്ണുങ്ങളുടെ അടുത്ത് കത്തി വെക്കുമ്പോൾ ദേ മോൻ എന്നെ വിളിക്കുന്നു.
“ഹലോ…..അജയേട്ടാ.”
“ഡാ നിനക്ക് വേണ്ടി ഞാൻ ഒരു സാധനം പറഞ്ഞു വെച്ചിട്ടുണ്ട്. നിനക്ക് അതുകൊണ്ട് ഉപകാരം ഉണ്ടാവും…. ഞാൻ ഒരു അഡ്രസ് പറഞ്ഞു തരാം നീ അതൊന്നു എഴുതി വെക്ക്. ഫോണിലൊന്നും വെയ്ക്കണ്ട പേപ്പറിൽ എഴുതിയ മതി.”
മറ്റൊന്നും പറയാൻ സമ്മതിക്കാതെ അവിടുന്ന് തുരു തുരാ ഉത്തരവ് വന്നുകൊണ്ടിരുന്നു.
“ആഹ് അജയേട്ടാ ഒരു മിനിറ്റ്..”
പേപ്പറും പേനയും തപ്പി എടുത്ത് അങ്ങേരു പറഞ്ഞ അഡ്രസ്സ് ഞാൻ എഴുതി എടുത്തു കുറച്ചു ദൂരമുണ്ട് ഇവിടുന്നു.
“ഡാ അവിടെ ചെന്ന് അതിലെഴുതിയ ആളെ കാണണം എന്നിട്ടു ഗ്രീൻ പിൽ എന്ന് പറയണം അത് മാത്രമേ പറയാവൂ അയാൾ വേറൊന്നും ചോദിക്കില്ല നീ ഒന്നും പറയുകയും വേണ്ട.
അയാൾ ഒരു പാക്കേജ് തരും വാങ്ങിക്കൊണ്ട് പോരുക അതെന്ത് ചെയ്യണമെന്നൊക്കെ ഞാൻ പറയാം ഓക്കേ പിന്നെ ഇതൊന്നും അവളുമാരു അറിയരുത് അത് ഏറ്റവും വലിയ കാര്യം. ഇത്രേം പറഞ്ഞത് മനസ്സിലായോ.”
“ആഹ് അജയേട്ടാ ഞാൻ നോക്കിക്കോളാം..”
“നിനക്ക് എന്ന് പോകാൻ പറ്റും.”
“നാളെ പോകാം….”
“ശെരി ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം പിന്നെ അതൊന്നു ഒളിപ്പിക്കാൻ പറ്റിയ സ്ഥലോം കണ്ടു വെച്ചോ.”
“ഓക്കേ..”
പറഞ്ഞു തീർന്നതും അങ്ങേര് കട്ട് ആക്കി പോയി.
ഇതിനി എന്താണാവോ എനിക്കിത്ര ആവശ്യം വരുന്ന ഒരു സാധനം, അതും കോഡൊക്കെ പറഞ്ഞു വാങ്ങിക്കാൻ.
പക്ഷെ പ്രധാന പ്രശ്നം നാളെ ഇവിടുന്നു ചാടുന്നതാണ് ആഹ് എന്തേലുമൊപ്പിക്കാം എന്ന് ഞാനും കരുതി.
അഡ്രസ് എഴുതിയ പേപ്പർ ഞാൻ ചുരുട്ടി പഴ്സിൽ വച്ചു ഇനി അത് ഇവളുമാരു കാണണ്ട എന്ന് കരുതി.
രാത്രിയിലെ ഭക്ഷണോം കഴിഞ്ഞു കിടക്കാൻ നേരം വസൂനോടും ഗംഗയോടും എന്റെ വീട്ടിലൊന്നു പോയിട്ടുവരാം എന്ന് പറഞ്ഞു യാത്രക്കുള്ള സമ്മതം വാങ്ങി, പക്ഷെ രണ്ടിനേം കെട്ടിപ്പിടിച്ചു ഉറക്കമില്ലാതെ കിടക്കുമ്പോഴും മനസ്സിന്റെ പിടി അല്പം മുറുകി തുടക്കുന്നുണ്ടായിരുന്നു എല്ലാത്തിലേക്കുമുള്ള യാത്ര തുടങ്ങുന്ന പോലെ.