ഞാറ്റുവേലയിൽ നിലങ്ങളിൽ ഒന്നാം വിളയായി തയാറാക്കിയ പൊടിഞ്ഞാറ് നടുന്ന കാലമാണ്. വട്ടം വിതച്ച നെല്ലിന് കള പറിച്ചു വളം ചേർക്കണം. രോഹിണി ഞാറ്റുവേലക്ക് ശേഷം കാലവർഷം വരവാകും. അതിനു ശേഷം വിത ഉചിതമല്ല. വെയിലും മഴയും ഇടവിട്ട് കിട്ടുന്ന തിരുവാതിര ഞാറ്റുവേലയിൽ എല്ലാ വിധ ഔഷധ സസ്യങ്ങളും നടാൻ ഉചിതമായ കാലമാണ്. കാർഷിക ജോലികൾക്ക് ഏറ്റവും ഉത്തമമായ കാലമായിരിക്കും ഇത്. തിരുവാതിര ഞാറ്റുവേലയിൽ 101 വീതം മഴയും വെയിലും ഉണ്ടാകും. ഫല വൃക്ഷങ്ങൾ നടുന്നതും ഉത്തമം. പൂയം ഞാറ്റുവേലയിൽ മൂപ്പ് കൂടിയ നെല്ലിനങ്ങൾ രണ്ടാം വിളയായി കൃഷി ചെയ്യാൻ ഞാറ് പാകാൻ പറ്റിയ കാലമാണ്. ആയില്യം ഞാറ്റുവേലയിൽ നെല്ലിന് വളപ്രയോഗം നടത്തുക, പതിനൊന്നാം ഞാറ്റുവേലയായ പൂരം ഞാറ്റുവേലയിൽ നിലങ്ങളിലെ ഒന്നാം വിളയുടെ കൊയ്ത്തിനു സമയം ആഗതമാകും. രണ്ടാം വിളയ്ക്ക് നിലം ഒരുക്കണം. രണ്ടാം വിളയ്ക്കായി ഞാറ് നടാൻ പറ്റിയ കാലമാണ്. ഉത്രാടം ഞാറ്റുവേലയിൽ രണ്ടാം വിളയായി നെൽകൃഷി തുടങ്ങുന്ന കാലമാണ്. ചോതി ഞാറ്റുവേലയിൽ രണ്ടാം വിളയ്ക്ക് വള പ്രയോഗം നടത്തണം. ഇരുപത്തി ഏഴാമതും അവസാനത്തതും ആയ ഞാറ്റുവേലയായ രേവതി ഞാറ്റുവേലയിൽ ഒന്നാം വിളയ്ക്കായി നിലം ഉഴുതിടണം. ശേഷം അത് വെയിൽ കായാനിടണം. മണ്ണിനെ അത് ചൂട് പിടിപ്പിക്കും.
ആ ചൂട് പിടിപ്പിച്ച മണ്ണിൽ അടുത്ത കൃഷിയ്ക്കായുള്ള ഭൂമി പൂജ ചെയ്യണം. 5 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളും ഉണ്ടാകും. ഇത്രയും ദിവസം കൃഷി ചെയ്തെടുത്ത നെല്ലിൽ നിന്നും തന്നെ ജനങ്ങൾക്ക് അന്നദാനവും നൽകണം. അവസാനത്തെ ദിവസം കൊയ്ത്തു കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ ഈ രണ്ടു തലമുറകളിൽ പെടുന്ന കണ്ണികൾ മത്സരത്തിൽ ഏർപ്പെടണം. പരസ്പരം പോരടിക്കണം. അതിൽ വിജയിക്കുന്ന ആളുടെ കുടുംബത്തിന്റെ കൂടെ 20 വർഷം ദേവിയുടെ ശക്തിയുടെ മറ്റൊരു അംശം നിലനിൽക്കും.കൂടാതെ ആ പള്ളിവാളും ചിലമ്പിലും അവകാശവും ഉണ്ടായിരിക്കും. ക്ഷേത്ര ഭരണവും അവർക്ക് കയ്യാളാൻ സാധിക്കും.അങ്ങനെ ഓരോ 20 വർഷങ്ങളിലും ഇവിടെ ഭൂമി പൂജ നടന്നു വന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ഇന്നെത്തിയിരിക്കുന്നത് ഈ യുഗത്തിലാണ്.”
“ഈ യുഗത്തിലോ? ”
“അതേ ഈ യുഗത്തിൽ തന്നെ. ഏറിയാൽ 60 ദിനങ്ങൾക്ക് ഉള്ളിൽ ഇവിടെ 20 വർഷം കൂടുമ്പോൾ നടക്കുന്ന ആ മഹത്തായ ഉത്സവവും ആചാരവും നടക്കും. ഇവിടെ ഈ അമ്പല മുറ്റത്ത് നിർമ്മിക്കപ്പെടുന്ന ഗോദയിലെ ശക്തി പ്രകടന മത്സരം കാണാൻ ആണ് ആളുകൾ വീറോടെയും വാശിയോടെയും കാത്തിരിക്കുന്നത്. ”
“അതെന്തിനാണ് ഈ ഭൂമി പൂജയ്ക്ക് അവർ ഇത്രയും വീറും വാശിയും കാണിക്കുന്നേ ? ”
അനന്തു ചോദ്യഭാവേന ആഗതനെ നോക്കി.ആ പറഞ്ഞതിന്റെ പൊരുൾ അവനു മനസിലായില്ല.
“പറയാം മകനെ, ദേവ പ്രശ്നത്തിനു ശേഷം അതിൽ ചൂണ്ടി കാണിച്ച പോലെയാണ് ഇവിടുത്തെ ജനങ്ങൾ ജീവിച്ചത്. പൂജാരിമാരുടെ പിൻതലമുറക്കാർ ഒത്തൊരുമയോടെ ജീവിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞതും വീണ്ടും അവർക്കിടയിൽ പ്രേശ്നങ്ങൾ ഉടലെടുത്തു. രണ്ടു കുടുംബങ്ങൾ തമ്മിലും കുടിപ്പകയായി. ഭൂമി പൂജ അവരുടെ അഭിമാനത്തിന്റെ പ്രശ്നമായി മാറി. ഭൂമി പൂജയിൽ വിജയിച്ചു ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കാൻ അവർ പരസ്പരം മത്സരിച്ചു. അവരുടെ മത്സരം ഇവിടുത്തെ ജനങ്ങളും ഏറ്റെടുത്തു. ജനങ്ങൾ തമ്മിൽ തെറ്റി പിരിഞ്ഞു. ഒരു പൂജാരിയുടെ പിൻ തലമുറക്കാരെ പിന്തുണക്കുന്നവർ ദേശം ഗ്രാമത്തിലും മറ്റേ പൂജാരിയുടെ പിൻ തലമുറയെ പിന്തുണക്കുന്നവർ കുന്താള പുര ഗ്രാമത്തിലുമായി ഒതുങ്ങി. പരസ്പരം ശത്രുതയോടെ ആണ് ഇരു ഗ്രാമങ്ങളിലെ ജനങ്ങളും വസിക്കുന്നത്. കാലക്രമേണ ഈ കുടുംബങ്ങൾ സമ്പത്തിലും അധികാരത്തിലും ഉന്നതിയിലേക്ക് വളർന്നു വന്നു. ആർക്കും തകർക്കാൻ പറ്റാത്ത തരത്തിൽ വലിയ ആൾക്കാർ ആയി മാറി. ”
“അത് കൊള്ളാലോ.. ഏതൊക്കെയാ ആ കുടുംബങ്ങൾ? അവർ ഏത് പേരിലാ അറിയപ്പെടുന്നേ? “