അതോടെ ഉഷാറോടെ അനന്തു ചെവി കൂർപ്പിച്ചു ഇരുന്നു.
“മോനെ പണ്ട് ഈ ദേശം ഗ്രാമവും കുന്താളപുരവും ഒക്കെ അറിയപ്പെട്ടിരുന്നത് വേദാരണ്യം എന്ന പേരിൽ ആയിരുന്നു. പ്രാചീന ഗോത്ര വിഭാഗത്തിലെ ജനങ്ങൾ ആണ് ഇവിടെ വസിച്ചിരുന്നത്. പൂർവ കാലത്ത് ഒരു ശപിക്കപ്പെട്ട പ്രദേശമായിരുന്നു ഈ വേദാരണ്യം. ദാരിദ്ര്യംകൊണ്ടും മാറാ രോഗങ്ങൾകൊണ്ടും ഇവിടുത്തെ ജനങ്ങൾ വല്ലാതെ പൊറുതി മുട്ടി. മഴയുടെ ലഭ്യത കുറവ് കാരണം നദിയിലെ നീരൊഴുക്ക് കുറഞ്ഞത് മൂലം കൃഷിയും മറ്റും തകർച്ചയുടെ പടു കുഴിയിലേക്ക് വീണുപോയി.അങ്ങനെ ദുരിതങ്ങളും പേറി ഇവിടുത്തെ ജനങ്ങൾ കഷ്ടതയോടെ ജീവിതം മുന്നോട്ടേക്ക് നീട്ടി. ആ സമയത്താണ് അങ്ങ് ഉത്തര ദേശത്ത് നിന്നും ഒരു സന്യാസി ഈ പ്രദേശത്തേക്ക് എത്തി ചേർന്നത്. ഇവിടുത്തെ ജനങ്ങളുടെ ദുരിതവും കഷ്ട്ടപാടും കണ്ട് അയാളുടെ മനസ് നീറി. തികച്ചു ദേവി ഭക്തനായ അയാൾ ഇവിടുത്തെ കാവിനുള്ളിൽ കയറി കൊടും തപസ് ചെയ്ത് പാർവതി ദേവിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ സമർപ്പണത്തിൽ സംപ്രീതയായ ദേവി ആവശ്യമുള്ള വരം ആവശ്യപ്പെട്ടു. അദ്ദേഹം ദേവിയുടെ ദുർഗാ രൂപമായ ആധിപരാശക്തിയെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ”
“എന്നിട്ടോ ദേവി ആ സന്യസിക്ക് ദർശനം നൽകിയോ ? ”
അനന്തു ആകാംക്ഷയോടെ ചോദിച്ചു.
മാലതിയുടെ മടിയിൽ കിടന്നു ഇത്തരം കഥകൾ കേൾക്കാൻ അനന്തുവിന് എപ്പോഴും ഇഷ്ട്ടമായിരുന്നു.
“ദർശനം കൊടുത്തു കുട്ടി.. ആ സന്യാസിക്ക് ദേവി ദർശനം നൽകി.അയാളുടെ തപസ്സിൽ സംപ്രീതയായ ദേവി അദ്ദേഹത്തോട് ആവശ്യമുള്ള വരം ചോദിച്ചു കൊള്ളാൻ ആവശ്യപ്പെട്ടു.അപ്പോൾ ആ സന്യാസി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപാടുകളും ദുരിതങ്ങളും ദേവിയോട് പങ്കു വച്ചു. എല്ലാം കേട്ടു കഴിഞ്ഞ ദേവി സന്യാസിക്ക് ദേവിയുടെ പള്ളിവാളും കാൽ ചിലമ്പും വരദാനമായി നൽകി. തുടർന്നു ഗ്രാമത്തിൽ ഒഴുകുന്ന പുഴയ്ക്ക് സമീപം ഒരു ക്ഷേത്രം പണിയാനും അതിൽ ഈ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിക്കാനും നിർദ്ദേശിച്ചു. ഗോത്രത്തിൽ നിന്നും രണ്ടു യുവാക്കളെ തിരഞ്ഞെടുത്ത് പൂജാരികളായി നിർത്താനും ഉപദേശിച്ചു.ഈ പള്ളി വാളിന്റെയും ചിലമ്പിന്റെയും പൂർണ ഉത്തരവാദിത്തം പൂജാരിമാർക്ക് ആയിരിക്കുമെന്നും അവർക്ക് എപ്പോഴും ദേവിയുടെ ശക്തിയുടെ ഒരംശം കൂടെ ഉണ്ടാകുമെന്ന വരവും നൽകി. ആ അംശം കൂടെ ഉള്ള കാലത്തോളം അവർക്ക് സമ്പദ് സമൃദ്ധിയും ഐശ്വര്യവും ആയിരിക്കുമെന്നും അനുഗ്രഹിച്ചു .അതോടൊപ്പം തന്നെ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കൊടിയ ദുരിതങ്ങൾക്കുള്ള മോക്ഷം ലഭിക്കുമെന്നും ദേവി അരുളിപ്പാട് ചെയ്തു.സന്യാസിക്ക് വാളും ചിലമ്പും നൽകിയ ശേഷം ദേവി അപ്രത്യക്ഷയായി.സന്തുഷ്ടനായ സന്യാസി കൊടും വനത്തിൽ തന്റെ തപസ് പൂർത്തിയാക്കിയ ശേഷം തിരിച്ചു ഗ്രാമത്തിലേക്ക് എത്തി ചേർന്നു. ഗോത്രത്തിൽ നിന്നും രണ്ട് ചെറുപ്പക്കാരെയും കൂട്ടി സന്യാസി പുഴയ്ക്ക് സമീപം പ്രതിഷ്ഠിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു കണ്ടെത്തി. അവിടെ അദ്ദേഹം ദേവി നൽകിയ വാളും ചിലമ്പും പ്രതിഷ്ഠിച്ചു. പൂജ ചെയ്യേണ്ട വിധവും മറ്റും രണ്ട് ചെരുപ്പക്കര്ക്കും ഉപദേശം നൽകിയ ശേഷം ആ സന്യാസിയും എങ്ങോട്ടേക്കോ യാത്രയായി.അതിനു ശേഷം ആ ക്ഷേത്രത്തിൽ മുടക്കം വരാതെ അവർ പൂജ നടത്തി. ആ പൂജയിൽ ദേവി പ്രസന്നയായി. അതോടെ ഈ പ്രദേശത്തെ ആധിയും വ്യാധിയും ജനങ്ങളെ വിട്ടകന്നു.തുടർച്ചയായ മഴയിലൂടെ പുഴകൾ നിറഞ്ഞു ഒഴുകി. വരണ്ട അവസ്ഥക്ക് ശമനം ലഭിച്ചു. അതോടെ കൃഷിക്ക് പുത്തൻ ഉണർവ് ഉണ്ടായി. പലതരം കൃഷികൾ ചെയ്ത് ഗോത്ര വിഭാഗത്തിലെ ജനങ്ങൾ സന്തോഷത്തോടെ ജീവിച്ചു.