“ശരിയാ…. ആൽമരത്തിന്റെ ചുവട് മനസ്സിലെ ചിന്തകളുടെ കെട്ടുപാടുകളെ അഴിച്ചു വിടും. അവ ഒരു പ്രളയ സമാനമായി കുത്തിയൊഴുകും അല്ലേ ? ”
അയാൾ ചിരിയോടെ അനന്തുവിന് സമീപം വന്നിരുന്നു. പൊതുവെ ഈ സാഹിത്യം അനന്തുവിന് ഇഷ്ടമില്ലാത്ത വിഭാഗം ആയതുകൊണ്ട് അവനു അയാൾ പറഞ്ഞതിന്റെ പൊരുൾ ഒന്നും മനസിലായില്ല.
“ഈ പ്രായത്തിൽ ഒരുപാട് ചിന്തിക്കണം. നമ്മുടെ രാഷ്ട്രത്തിനു ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ചിന്തകൾക്കും സ്വപ്നങ്ങൾക്കും നിശ്ചയ ദാർഢ്യത്തിനും കഠിനാധ്വാനത്തിനും ബൃഹത്തായ സ്ഥാനം ഉണ്ട്.”
ആഗതന്റെ സാഹിത്യ കച്ചേരി കേട്ട് അനന്തു ദയനീയതയോടെ കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.
അവന്റെ വെപ്രാളം കണ്ട് അയാൾ പൊട്ടിചിരിച്ചുകൊണ്ട് അവന്റെ തോളിൽ കൈ വച്ചു.
“ഹേയ് എന്താ മോന്റെ പേര്? ”
“അനന്തു കൃഷ്ണൻ. ”
“എവിടെയോ കണ്ടു മറന്നപോലെ…… അതാ ഞാൻ മിണ്ടാൻ വന്നേ ”
“ഞാൻ ഈ നാട്ടിൽ ആദ്യമായിട്ടാ ചേട്ടാ.. എന്നെ മുൻപ് കണ്ടിട്ടുണ്ടാകാൻ വഴിയില്ല. ”
“സത്യമാണോ? പക്ഷെ എന്നോ കണ്ടു മറന്ന പ്രതീതി ആണ് എനിക്ക്. ”
ആഗതന്റെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങി. ഉഷ്ണം കാരണം അയാൾ അണിഞ്ഞിരുന്ന ജുബ്ബ വിയർത്തിൽ കുതിർന്നു.
അതിന്റെ കൈകൾ പതുക്കെ മടക്കി വച്ചു അയാൾ അവനെ ചുഴിഞ്ഞു നോക്കി.
“തൊഴുതിട്ട് വന്നിരിക്കുന്നതാണോ ഇവിടെ ? ”
“അല്ല…. ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവായിരുന്നു….ഇപ്പൊ വന്നേയുള്ളു. ”
“ഹ്മ്മ് നല്ലത്….. ഞാനും ഒന്ന് തൊഴുതു ഇപ്പൊ പുറത്തേക്ക് വന്നതേയുള്ളു. അപ്പോഴാണ് ഇയാൾ മരച്ചുവട്ടിൽ എന്തോ ഗഹനമായ ചിന്തയിൽ ആണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് ”
അയാൾ ചിരിയോടെ പറഞ്ഞു. അനന്തു അയാളെ സാകൂതം നോക്കി.
“ചേട്ടൻ ഈ ദേശം ഗ്രാമത്തിൽ ഉള്ളതാണോ? ”
“അല്ല കുട്ടി.. ഞാൻ ഒരു സഞ്ചാരിയാണ്.ഈ നാട് മൊത്തം ചുറ്റി കാണുന്ന ഒരു പാവം യാത്രക്കാരൻ. മരിക്കുന്നതിന് മുൻപ് 1000 ക്ഷേത്രങ്ങളിൽ പോയി തൊഴാമെന്ന നേർച്ചയുടെ ഭാഗമായി ഓരോ അമ്പലങ്ങൾ തോറും സന്ദർശിക്കുന്നു.നിറഞ്ഞ മനസോടെ തൊഴുന്നു. തിരിച്ചു പോരുന്നു. ”
അയാൾ ഭക്തിയോടെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുതു. അനന്തു അയാളുടെ ഓരോ പ്രവൃത്തികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
“ഈ അമ്പലത്തിന്റെ ചരിത്രത്തെ കുറിച്ചു അനന്തുവിന് അറിയുമോ? ”
“ഇല്ല ചേട്ടാ…. ഞാൻ കേട്ടിട്ടില്ല ”
അനന്തു തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. എങ്കിലും ഒരു ചരിത്രകഥ കേൾക്കാൻ പോകുന്നതിൽ അവൻ സന്തുഷ്ടനായിരുന്നു.
ആഗതൻ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം ആ ക്ഷേത്രത്തിലേക്ക് ഉറ്റു നോക്കി.
കഥ ഉൾക്കൊള്ളുവാൻ എന്നവണ്ണം മനസിനെ തണുപ്പിക്കാൻ ഒരു ഇളം കാറ്റ് അനന്തുവിനെ തൊട്ടു തലോടി കടന്നു പോയി.