വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

മറ്റുള്ളവരുടെ സഹായത്തിനായി അനന്തു  കേണു. എന്നാൽ വായിൽ നിന്നും ഒരക്ഷരം പോലും ഉരിയാടാൻ അവന് കഴിഞ്ഞില്ല. ആരും തിരിഞ്ഞു നോക്കാതായതോടെ അയാളുടെ കൈപ്പിടിയിൽ കിടന്ന് ഒടുങ്ങുമെന്ന് അവന് ഉറപ്പായി.

ശ്വാസം കിട്ടാതെ അനന്തുവിന്റെ കണ്ണുകൾ പുറത്തേക്കുന്തി. കണ്ണുകൾ നിറഞ്ഞ് തുളുമ്പി. മുഖത്തെ പേശികൾ വലഞ്ഞു മുറുകി.ഹൃദയതാളം ദ്രുതഗതിയിൽ വർധിച്ചതും ഇരയെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള മോഹത്തോടെ അയാൾ അവനെ  പിടുത്തത്തിൽ നിന്നും വിടുതൽ നൽകി.

അയാൾ കൈയെടുത്തതും അനന്തു ഉറക്കെച്ചുമച്ച് കൊണ്ട് നിലത്തേക്ക് കുനിഞ്ഞിരുന്നു. നെഞ്ചിൽ തടവിക്കൊണ്ട് ആഞ്ഞ് ശ്വാസം വലിച്ചു വിട്ടു.പതിയെ തലക്കറക്കത്തിന് ശമനം വന്നതും ആ നരകത്തിൽ നിന്നും എങ്ങനേലും രക്ഷപ്പെടാൻ അവന്റെ മനസ് വെമ്പി.

ഒന്നുകൂടി ആഞ്ഞ് ശ്വാസം വലിച്ച് അവൻ എണീറ്റ് ഓടാൻ ശ്രമിച്ചു. എന്നാൽ അവന്റെ കാലുകൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്ന പോലെ അവന് തോന്നി.ഓരോ അടി വയ്ക്കുമ്പോഴും കാലുകൾ തളർന്നു പോകുന്ന പോലെ തുടങ്ങിയതും വേച്ചു വച്ച് അവൻ നടക്കാൻ ശ്രമിച്ചു.

അനന്തുവിന്റെ നിസഹായത കണ്ട് ചിലരിൽ സഹതാപവും മറ്റു ചിലരിൽ ഹരവും ഉടലെടുത്തു. ആ സമയം കൂട്ടാളികളിൽ നിന്നും ഒരാൾ അയാൾക്കു നേരെ ഒരു മരക്കഷണം എറിഞ്ഞു കൊടുത്തു.

അത് ചാടിപ്പിടിച്ച അയാൾ വേദനയോടെ വേച്ചു നടക്കുന്ന അനന്തുവിനെ ക്രൂരമായ ചിരിയോടെ നോക്കി. അതിനു ശേഷം അവന്റെ തലയുടെ പിൻഭാഗം ലക്ഷ്യമാക്കി അയാൾ മരക്കഷ്ണം ശക്തിയിൽ വീശി.

“പ്ഠക്  ”

തലയ്ക്കു പിന്നിൽ ശക്തമായ പ്രഹരമേറ്റ അനന്തു നിലത്തേക്ക് തെറിച്ചു വീണു.

“ആഹ് ”

അനന്തു പ്രാണൻ പോകുന്ന വേദനയിൽ അലറിക്കരഞ്ഞു.തലപ്പൊട്ടിപ്പുളയുന്ന വേദനയിൽ അവൻ കൈ കാലുകൾ നിലത്തിട്ടടിച്ചു.

പതിയെ അവന്റെ കണ്ണുകളിൽ ഇരുൾ വ്യാപിച്ചു.അനന്തുവിന്റെ കണ്ണുകൾ തനിയെ  അടഞ്ഞു വന്നു.

അവിടെ കൂടി നിന്നവരുടെ അടക്കം പറച്ചിലോ ഹർഷാരവങ്ങളോ അല്ല അവന്റെ കാതിൽ മുഴങ്ങിയത് പകരം മറ്റൊന്നായിരുന്നു.ഒരു പെൺകുട്ടിയുടെ നനുത്ത സ്വരം

“ദേവേട്ടാ… ദേവേട്ടാ ”

അനന്തു പൊടുന്നനെ ഞെട്ടിയെണീറ്റു നിന്നു.അവൻ തലയുടെ പുറകിൽ കൈകൊണ്ട് തടവി നോക്കി.

അവന് വേദനയോ യാതൊരു ബുദ്ധിമുട്ടോ തോന്നിയില്ല.കഴുത്തിൽ കൈ വച്ചു അമർത്തി. യാതൊരു വിധ വേദനയോ നീറ്റലോ ഇല്ല.

അനന്തു സന്തോഷത്തോടെ കണ്ണു മിഴിച്ചു ചുറ്റും നോക്കിയപ്പോഴാണ് താൻ ഒരു കുന്നിൻ ചരുവിൽ ആണെന്ന് അവന് മനസിലായത്. ആ ചരുവിൽ ആകമാനം നീല നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഒറ്റ നോട്ടത്തിൽ തന്നെ അവനു അത് നീലക്കുറിഞ്ഞി പൂവ് ആണെന്ന് മനസിലായി.കുന്നിൻ ചരുവിലാകെ നീല ചായം വാരി വിതറിയ പോലെ അവ അങ്ങനെ പടർന്നു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *