അയാൾ പുറകിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. പൊന്തിച്ച കാൽ താഴ്ത്തി വച്ചു ഈർഷ്യയോടെ അനന്തു അയാളെ നോക്കി.
അനന്തുവിനെ കണ്ടതും അയാൾ മടക്കി കുത്ത് അഴിച്ചു വച്ചു അവനെ സൂക്ഷ്മതയോടെ നോക്കി. അയാളുടെ കണ്ണുകൾ ഇരയെ കണ്ട ചെന്നായയെ പോലെ തിളങ്ങി..
“നീ അവനല്ലേ ? ”
അനന്തുവിന് നേരെ കൈ ചൂണ്ടി അയാൾ ആക്രോശിച്ചു.
“ആര്? എന്താ ചേട്ടാ പ്രശ്നം? ”
അനന്തു ആകെ അങ്കലാപ്പിലായി.അവന് ഒന്നും മനസിലായില്ല.
“ഡാ നീയന്ന് തീർന്നതാണെന്നാ ഞാൻ വിചാരിച്ചേ? അപ്പൊ നീ ചത്തില്ലല്ലേ? ഇന്ന് നിന്റെ അവസാനമാ”
അയാൾ അലറിക്കൊണ്ട് അവനു നേരെ ഓടി വന്നു.അനന്തുഎന്തെങ്കിലും പറയുന്നതിനു മുൻപ് തന്നെ അവന്റെ ചെകിട്ടത്ത് അയാളുടെ തഴമ്പിച്ച കൈകൾ പതിഞ്ഞിരുന്നു.
“പ്ഠേ ”
മുഖത്തിനിട്ട് ഊക്കിൽ അടി കിട്ടിയ ആഘാതത്തിൽ അനന്തു പുറകിലേക്ക് തെറിച്ചു വീണു. അയാൾ ഒരു വഷളൻ ചിരിയോടെ കൈകൾ തിരുമ്മിക്കൊണ്ട് അവന്റെ മുൻപിൽ വന്നു നിന്നു.
അനന്തു കവിള് തിരുമ്മിക്കൊണ്ട് പതിയെ എണീറ്റു. അടികൊണ്ട ഭാഗത്ത് 5 കൈ വിരലുകൾ അമർന്നതിന്റെ തിണിർത്ത പാട് തെളിഞ്ഞു വന്നു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ചേട്ടാ നിങ്ങൾക്ക് ആള് …..”
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞൊരു ചവിട്ട് കിട്ടി. അവൻ പുറകിലേക്ക് മലച്ചു വീണു. അതോടൊപ്പം അയാൾ ബുള്ളറ്റ് ഉന്തിയിട്ടു.
അത് നിലത്തേക്ക് വലിയ ശബ്ദത്തിൽ ചരിഞ്ഞു വീണു. ഒച്ചപ്പാട് കേട്ട് നാലു ഭാഗത്ത് നിന്നും കുറേ ഗഡാ ഗഡിയന്മാർ ഓടി വന്നു.
എല്ലാവരും നല്ലൊരു അടിപിടി കാണാനുള്ള ഉത്സാഹത്തിൽ വട്ടം ചുറ്റി നിന്നു.
“രാഘവേട്ടാ ആ ഗേറ്റ് അടച്ചേക്ക് ”
തലയിൽ ചുവന്ന തോർത്ത് കെട്ടി ബീഡി വലിച്ചുകൊണ്ടിരുന്ന ഒരു മധ്യവയസ്കനോട് അയാൾ അലറി. വലിച്ചുകൊണ്ടിരുന്ന ബീഡി കുറ്റി നിലത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ ഓടി പോയി ഫാക്ടറിയുടെ ഇരുമ്പ് ഗേറ്റ് കഷ്ടപ്പെട്ട് വലിച്ചടച്ചു.
ഈ സമയം അനന്തു ചുമച്ചു കൊണ്ട് പിടഞ്ഞെണീറ്റു.നെഞ്ചിൽ കിട്ടിയ ചവിട്ട് അത്രയ്ക്കും ശക്തിയുള്ളതായിരുന്നു.
ഞരക്കത്തോടെ അവൻ അയാളെ നോക്കി. അയാൾ കോപം കത്തുന്ന കണ്ണുകളോടെ അനന്തുവിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു.അതിനു ശേഷം അവിടെ കെട്ടുകളായി വച്ചിരിക്കുന്ന ചാക്ക് കൂനയിലേക്ക് അവനെ ചേർത്തു പിടിച്ചു.
അയാളുടെ ഇരുമ്പ് പോലുള്ള കൈയുടെ പിടുത്തം കഴുത്തിൽ മുറുകിയതും അനന്തു പ്രാണരക്ഷാർത്ഥം അയാളെ തള്ളി മാറ്റാൻ നോക്കി.എന്നാൽ ശില പോലെ അയാൾ നിന്നതും അവൻ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി.